Categories
kerala

ലോകായുക്ത : സിപിഐ ഭിന്നത തീർക്കാൻ സിപിഎം.. യെച്ചൂരിക്ക് വി ഡി സതീശന്റെ കത്ത്

ലോകായുക്ത ഭേദഗതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു രംഗത്ത് വന്ന സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രണ്ട് ദിവസത്തിനകം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തും.

ലോകായുക്തയുടെ അധികാരത്തിൽ നിയന്ത്രണം വരുത്തുന്ന ഭേദഗതിയെ സിപിഎം ന്യായീകരിക്കവേ പരസ്യ എതിർപ്പുമായി സിപി ഐ രംഗത്ത് വന്നത് സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു.
ഇടത് മുന്നണി പോലും അറിയാതെയാണ് ഭേദഗതി കൊണ്ട് വരാൻ തീരുമാനിച്ചതെന്നാണ് കാനം പ്രതികരിച്ചത്.

thepoliticaleditor

സിപിഐ വിയോജിപ്പ് പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തതോടെയാണ് മുന്നണിയിലെ ഭിന്നത ഒഴിവാക്കാനായി കാനത്തെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തീരുമാനിച്ചത്.

അതിനിടെ ലോകായുക്ത ഭേദഗതിയിലെ സര്‍ക്കാര്‍ നിലപാട് സി.പി.എമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ സർക്കാരിനോട് പിന്മാറാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി.സതീശന്‍ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.

ഭേദഗതി ഓര്‍ഡിനന്‍സ്, ലോക്പാല്‍, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ യെച്ചൂരിയും സിപിഎമ്മും സ്വീകരിച്ച പുരോഗമനപരമായ നിലപാടുകള്‍ക്ക് വിരുദ്ധമാണ്. സിപിഎമ്മിന്റെ രാഷ്ട്രീയ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നതും അഴിമതിക്കെതിരെ പാര്‍ട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമുള്ളതായിരുന്നെന്നും കരുതേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

കോടിയേരി ബാലകൃഷ്ണൻ-കാനം ചര്‍ച്ചയിലൂടെ ഇടതു മുന്നണിയിലെ അഭിപ്രായ ഭിന്നതയ്ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സി.പി.എം കേന്ദ്രനേതൃത്വം ഇതുവരെ നിലപാട് പരസ്യമാക്കിയിട്ടില്ല.

Spread the love
English Summary: CPM to soothe CPI in lokayuktha ordinance related issue

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick