Categories
kerala

തിരുവല്ലയിലെ സി.പി.എം.നേതാവിന്റെ കൊലയില്‍ രാഷ്ട്രീയവൈരാഗ്യം വ്യക്തമായിട്ടും “വ്യക്തിപര”മാക്കിയ പൊലീസ്‌… ആര്‍എസ്‌എസ്‌ പ്രതികളാവുമ്പോള്‍ സേനയില്‍ എപ്പോഴും മറച്ചുവെക്കലോ… ?

വ്യക്തിവൈരാഗ്യമാണ്‌ കൊലയ്‌ക്ക്‌ കാരണമെന്ന നിഗമനം പൊലീസ്‌ എടുത്തതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഇന്നലെ ചോദ്യം ചെയ്‌തിരുന്നു

Spread the love

തിരുവല്ലയിലെ സി.പി.എം.ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിനു കാരണം രാഷ്ട്രീയപരമായ വൈരാഗ്യമെന്ന്‌ പൊലീസ്‌ എഫ്‌ഐആര്‍. പ്രതികള്‍ ബി.ജെ.പി.ക്കാരാണെന്നും അവര്‍ ആക്രമിച്ചത്‌ കൊല്ലാന്‍ ഉദ്ദേശിച്ചു തന്നെയായിരുന്നുവെന്നും പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. അയല്‍ക്കാരനും ബന്ധുവുമായ ജിഷ്‌ണു എല്ലായ്‌പോഴും സന്ദീപിനോട്‌ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസം മുന്‍നിര്‍ത്തി വഴക്കിടാറുണ്ടെന്നും അവര്‍ തമ്മില്‍ രാഷ്ട്രീയമായ തര്‍ക്കങ്ങള്‍ പതിവാണെന്നും വ്യക്തമായി അറിയുന്ന പൊലീസ്‌ ഈ കൊലപാതകത്തിലേക്ക്‌ നയിച്ചതില്‍ ഈ വൈരാഗ്യത്തിന്‌ യാതൊരു സ്ഥാനവും നല്‍കാതിരുന്നത്‌ എന്തുകൊണ്ടായിരുന്നു എന്ന ചോദ്യമാണ്‌ ഉയരുന്നത്‌. സന്ദീപും ജിഷ്‌്‌ണുവും തമ്മിലുള്ള തര്‍ക്കം തീര്‍ത്തും രാഷ്ട്രീയ തര്‍ക്കമാണെന്ന്‌ പൊലീസിന്റെ അന്വേഷണത്തില്‍ അറിയുമായിരുന്നിട്ടും വ്യക്തിപരമായ കാരണമാണ്‌ കൊലയിലേക്ക്‌ നയിച്ചതെന്ന്‌ ആദ്യമേ തന്നെ പൊലീസ്‌ പ്രതികരിച്ചതില്‍ സി.പി.എം.വൃത്തങ്ങള്‍ അസംതൃപ്‌തരാണ്‌.

തിരുവല്ലയിലെത്‌ രാഷ്ട്രീയ കൊലപാതകമാണെന്നും എന്തു കൊണ്ടാണ്‌ അന്വേഷണം പൂര്‍ത്തിയാകും മുമ്പേ തന്നെ വ്യക്തിവൈരാഗ്യമാണ്‌ കൊലയ്‌ക്ക്‌ കാരണമെന്ന നിഗമനം പൊലീസ്‌ എടുത്തതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഇന്നലെ ചോദ്യം ചെയ്‌തിരുന്നു. ഇത്‌ പാര്‍ടിയില്‍ സന്ദീപ്‌ സംഭവം പൊലീസ്‌ കൈകാര്യം ചെയ്‌തതിനോടുള്ള മാന്യമായ പ്രതിഷേധമാണ്‌ തെളിഞ്ഞത്‌. ഇതിനു ശേഷമാണ്‌ പത്തനംതിട്ടയിലെ പൊലീസ്‌ ഇക്കാര്യത്തില്‍ പുനര്‍ചിന്ത നടത്തിയത്‌ എന്നു വേണം പിന്നീട്‌ വന്ന എഫ്‌ഐആറില്‍ പ്രതികളുടെ രാഷ്ട്രീയ സ്വഭാവം വ്യക്തമായി പറയുന്നതിലൂടെ മനസ്സിലാക്കാന്‍.
കേരള പൊലീസില്‍ ആര്‍.എസ്‌.എസ്‌-ന്റെ സ്ലീപ്പിങ്‌ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നത്‌ സി.പി.എം. പ്രവര്‍ത്തകരുടെ പണ്ടേയുള്ള പരാതിയാണ്‌. ആര്‍.എസ്‌.എസ്‌.അനുഭാവമുള്ള രീതിയില്‍ പൊലീസില്‍ നിന്നും പല നീക്കങ്ങളും ഉണ്ടാകുന്നത്‌ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്‌. ശബരിമല യുവതീപ്രവേശന വിധിയെത്തുടര്‍ന്നുണ്ടായ ക്രമസമാധാന പ്രശ്‌നം മുതല്‍ ഇക്കാര്യം വെളിപ്പെടാന്‍ തുടങ്ങിയെന്നു പല തവണ സി.പി.എം.പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ആര്‍.എസ്‌.എസ്‌.-ബി.ജെ.പി.-ഹിന്ദുത്വ സംഘടനകളെ പരോക്ഷമായി സഹായിക്കുംവിധം പല രാഷ്ട്രീയ സ്വഭാവമുള്ള കേസുകളിലും നടപടികളും പ്രതികരണവും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാവാറുണ്ടെന്ന്‌ പാര്‍ടി പ്രവര്‍ത്തകര്‍ ഏറെക്കാലമായി പരാതിപ്പെടാറുണ്ട്‌. സന്ദീപ്‌ സംഭവം അതിന്‌ അടിവരയിടുന്നുവെന്ന്‌ ഒരു സി.പി.എം. നേതാവ്‌ സ്വകാര്യമായി പ്രതികരിച്ചു.

thepoliticaleditor

സന്ദീപിന്റെ കൊലപാതകം ആര്‍എസ്സഎസ്സിന്റെ രാഷ്ട്രീയകൊലപാതകമാണന്ന്‌ സി.പി.എം. പ്രസ്‌താവിക്കുകയും സംസ്ഥാനവ്യാപകമായി പ്രതിഷേധപ്രകടനങ്ങള്‍ ഇന്നലെ സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണം ഇന്നലെ കോടിയേരി ബാലകൃഷ്‌ണനും നല്‍കിയിരുന്നു. കൊലയ്‌ക്ക്‌ കൊല സിപിഎമ്മിന്റെ അജണ്ടയല്ല എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക്‌ തങ്ങള്‍ ഇല്ല എന്ന സൂചന അണികള്‍ക്ക്‌ നല്‍കാന്‍ ഉദ്ദേശിച്ചാണിതെന്ന്‌ സിപിഎം കേന്ദ്രങ്ങള്‍ പറയുന്നു. പെരിയ കൊലപാതകത്തില്‍ സിബിഐ കൂടുതല്‍ അറസ്റ്റിലേക്ക്‌ നീങ്ങുമ്പോള്‍ അതിന്റെ ആഘാതം കുറയ്‌ക്കാനായി സന്ദീപിന്റെ കൊലപാതകത്തെ ഉപയോഗിക്കാനാണ്‌ ശ്രമമെന്നാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ കുറ്റപ്പെടുത്തല്‍.

Spread the love
English Summary: political rivelry admits police in thiruvalla cpm leader murder

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick