ഡെല്‍ഹി അതിര്‍ത്തിയില്‍ തമ്പടിച്ച് കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന ലക്ഷക്കണക്കിന് കര്‍ഷകരുടെ സമരം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ കോലാഹലം മറച്ചു വെച്ചെങ്കിലും പോരാട്ടവീര്യം ചോരാതെ സംയുക്ത കിസാന്‍മോര്‍ച്ച പ്രവര്‍ത്തനം തുടരുന്നുണ്ട്. എന്നാല്‍ സംഭവങ്ങള്‍ കാര്യമായി ഒന്നും ഇല്ല. അതിന് വിരാമം ഇട്ടു കൊണ്ട് വീണ്ടും ചില നീക്കങ്ങള്‍ നടക്കുകയാണ്. സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ദര്‍ശന്‍ പാല്‍ ഇന്നലെ ചില തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. സമരം തുടരാന്‍ തന്നെയാണ് തീരുമാനം. എന്നാല്‍ അത് വെറും അതിര്‍ത്തിയിലെ കുത്തിയിരിപ്പ് മാത്രമാകില്ല. ഏപ്രില്‍ 14-ന് പുതിയൊരു സമര മുഖം തുറക്കും.
അംബേദ്കര്‍ ജയന്തിയുടെ ഭാഗമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ഏപ്രില്‍ 14-ന് ഹരിയാനയിലെ പാനിപ്പത്തിലെ ബദൗൡഗ്രാമത്തിലെത്തുന്നുണ്ട്. അവിടെ അംബേദ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് വരുന്നത്. എന്നാല്‍ ഞങ്ങള്‍ മുഖ്യമന്ത്രിയെ ആ ഗ്രാമത്തിലേക്ക് കയറ്റില്ലെന്ന് ദര്‍ശന്‍ പാല്‍ പ്രഖ്യാപിച്ചിരിക്കയാണ്. എന്തു സംഭവിച്ചാലും മുഖ്യമന്ത്രിയെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കില്ല. മുഖ്യമന്ത്രി ഒഴികെ ആര് വരുന്നതിനും തടസ്സമില്ല. എന്നാല്‍ ഖട്ടര്‍ വന്നാല്‍ പുറത്ത്.
എന്നു മാത്രമല്ല ഏപ്രില്‍ 14-ന് ഡല്‍ഹിയിലേക്ക് രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ദളിതര്‍ ഒഴുകിവരും. കര്‍ഷകസമരവേദികളില്‍ അംബേദ്കര്‍ ജയന്തിയുടെ ചടങ്ങുകള്‍ നടത്തും. കര്‍ഷകര്‍ അംബേദ്കറെ സ്മരിക്കുമെന്നും ദര്‍ശന്‍ പാല്‍ പറഞ്ഞു.
കര്‍ഷകരുടെ പോരാട്ടം എങ്ങിനെയെങ്കിലും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും കുതന്ത്രങ്ങള്‍ മെനെയുന്നുണ്ടെങ്കിലും തങ്ങള്‍ സമരം അവസാനിപ്പിച്ച ശേഷം ചര്‍ച്ച നടത്താമെന്ന ചതിക്കുഴിയില്‍ വീഴില്ലെന്നും ദര്‍ശന്‍ പാല്‍ വര്‍ധിത വീര്യത്തോടെ പ്രഖ്യാപിച്ചിരിക്കയാണ്.