എല്ലാം കഴിഞ്ഞ് വോട്ടു പെട്ടിയില്‍ കയറിയ ശേഷം പ്രവര്‍ത്തിച്ചില്ലെന്ന് പറയുന്നത് പൊളിറ്റിക്കല്‍ ക്രിമിനലിസം ആണെന്നു മന്ത്രി ജി. സുധാകരന്‍. തന്റെ ചിത്രമുള്ള പോസ്റ്റര്‍ കീറിയത് കൊണ്ട് കാര്യമില്ല, ജനഹൃദയങ്ങളിലാണ് തന്റെ ഫോട്ടോ ഉള്ളത്. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും തനിക്ക് ഒരു വോട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് പിന്നാലെ ചില മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. തന്റെ ശൈലി ഇഷ്ടപെടാത്തവരുണ്ടാകും. അവരാകും ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍–സുധാകരന്‍ പറഞ്ഞു
എല്ലാ പാര്‍ട്ടിയിലും പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ഉണ്ടെന്ന് സുധാകരന്‍ പറഞ്ഞു.. അവര്‍ പരിധിവിട്ട് പ്രകടമായി പ്രവര്‍ത്തിക്കുന്നു. കക്ഷി വ്യത്യാസമില്ലാതെ രാത്രി പരസ്പരം ബന്ധപ്പെടുന്ന പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ഉണ്ട്. അവരുടെ പേര് ഒന്നും പറയുന്നില്ല, എല്ലാവര്‍ക്കും അറിയാം.
140 മണ്ഡലങ്ങളിലും ഇടതുപക്ഷം വോട്ട് തേടിയത് പൊതുമരാമത്ത് വകുപ്പിന്റെയും പ്രവര്‍ത്തനങ്ങളുടെ പേരിലാണ്. പാലങ്ങളും, റോഡുകളും, വകുപ്പിന്റെ കാര്യശേഷിയും പറഞ്ഞാണ് വോട്ട് തേടിയത്.
ഞാന്‍ പാര്‍ട്ടിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കില്ല, ഇഎംഎസ്, വിഎസ് തുടങ്ങിയ ഗുരുനാഥന്‍മാരെ കണ്ടാണ് വളര്‍ന്നത്. ഇപ്പോള്‍ ഗുരുനാഥന്‍മാര്‍ ഇല്ല.
മാദ്ധ്യമങ്ങളിലെ വാര്‍ത്തകളോടുള്ള പ്രതികരണം എന്ന നിലയിലായിരുന്നു സുധാകരന്റ വാര്‍ത്താസമ്മേളനമെങ്കിലും, ഫലത്തില്‍ പാര്‍ട്ടിയിലെ തന്റെ എതിരാളികള്‍ക്കുള്ള മുഖം അടച്ചുള്ള മറുപടിയായിരുന്നു സുധാകരന്റെ ഓരോ വാക്കുകളെന്ന് വിലയിരുത്തപ്പെടുന്നു.