ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങിയ റഫേല്‍ യുദ്ധ വിമാനങ്ങളില്‍ വന്‍ അഴിമതി നടന്നതായി ആരോപിക്കപ്പെട്ടെങ്കിലും സുപ്രീംകോടതി 2018-ല്‍ നല്‍കിയ ക്ലീന്‍ ചിറ്റിലൂടെ എല്ലാം ആവിയായിപ്പോവുകയാണുണ്ടായത്. എന്നാലിതാ ചാരത്തില്‍ നിന്നെന്ന പോലെ വീണ്ടും റഫേല്‍ അഴിമതി പൊങ്ങി വന്നിരിക്കുന്നു. സുപ്രീംകോടതിയിലും ഹര്‍ജി എത്തിയിരിക്കുന്നു, വീണ്ടും. ്അഭിഭാഷകന്‍ എം.എല്‍.ശര്‍മ്മ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അടിയന്തിരമായി വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ സമ്മതിച്ചിരിക്കയാണ്. തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഒരു ഫ്രഞ്ച് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച കണക്കുകള്‍ വീണ്ടും ഞെട്ടിച്ചിരിക്കയാണ്. ഫ്രാന്‍സിലെ അഴിമതിവിരുദ്ധ ഏജന്‍സിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് വലിയ വിവാദം ഉണ്ടായേക്കാവുന്ന വിവരം ഉള്ളത്. റഫേല്‍ നിര്‍മ്മിക്കുന്ന കമ്പനിയായ ദസ്സോ ഏവിയേഷന്റെ 2017-ലെ ഓഡിറ്റ് കണക്കുകളില്‍ റഫേല്‍ ഇടപാടിലെ കക്ഷികള്‍ക്ക് സമ്മാനമായി 4.39 കോടി രൂപ നല്‍കിയതായി രേഖപ്പെടുത്തിയിരിക്കുന്നു. റഫേലിന്റെ മാതൃകകള്‍ തയ്യാറാക്കുന്നതിന് ഒരു ഇന്ത്യന്‍ കമ്പനിക്ക് നല്‍കിയ തുകയാണിതെന്നാണ് ആകെ സൂചിപ്പിച്ചിരിക്കുന്നത്
ഇക്കാര്യം പുറത്തു വന്നതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വലിയ വിവാദത്തിലേക്ക് വീണ്ടും എടുത്തെറിയപ്പെട്ടിരിക്കുന്നു. മോദി സര്‍ക്കാരിനോട് കോണ്‍ഗ്രസ് അഞ്ച് ചോദ്യങ്ങളുമായി രംഗത്തെത്തി. 4.39 കോടി രൂപ കൈപ്പറ്റിയ റഫേല്‍ ഇടനിലക്കാരന്‍ ആരാണ്,
രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള പ്രതിരോധ ഇടപാടില്‍ ഒരു മധ്യവര്‍ത്തിക്ക് എങ്ങിനെ ഇടപെടാന്‍ കഴിയുന്നു തുടങ്ങിയ ചോദ്യങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരിക്കുന്നത്.