മഞ്ഞുമലയിടിഞ്ഞ് പ്രളയദുരന്തത്തിനിരയായ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ധൗളി ഗംഗാനദീതീരത്തും റിഷികേശ്-ജോഷിമഠ് മേഖലയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു. 125 പേരെയാണ് ഇതുവരെ കാണാതായതായി ഔദ്യോഗിക വിവരം. എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിങ് റാവത്ത് വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. 200-ലേറെ പേരെ കാണാതായിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
റിഷികേശ്-ജോഷിമഠ് റോഡ് ശരിയാക്കി
നാഷണല്‍ തെര്‍മല്‍പവര്‍ കോര്‍പറേഷന്റെ തപോവന്‍ വൈദ്യതിപദ്ധതിയുടെ അണക്കെട്ട് തകര്‍ന്നു.ഈ പദ്ധതിയുടെ 900 മീറ്റര്‍ നീളമുള്ള തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം രാത്രി വൈകി നിര്‍ത്തിവെച്ചു. ടണലില്‍ ജലനിരപ്പ് ഉയര്‍ന്നതു മൂലം രക്ഷാദൗത്യം ദുഷ്‌കരമായി. ഇതുവരെ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ടണലില്‍ കുടുങ്ങിക്കിടന്ന 16 തൊഴിലാളികളെ ഇന്‍ഡോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് രക്ഷപ്പെടുത്തി. 30 പേര്‍ ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്ന് സേന ഊഹിക്കുന്നുണ്ട്.
കുത്തിയൊഴുകി വന്ന പ്രളയജലത്തില്‍ ധൗളി ഗംഗാനദിയുടെ തീരഗ്രാമങ്ങള്‍ ഒലിച്ചു പോയതായി റിപ്പോര്‍ട്ടുണ്ട്.
പാറയും മണ്ണും വീണ് ഹാത്തി പഹാഡ് എന്ന കേന്ദ്രത്തില്‍ തകര്‍ന്ന റിഷികേശ്-ജോഷിമഠ്-മനാ റോഡ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഗതാഗത യോഗ്യമാക്കി വീണ്ടും തുറന്നു.
നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ ഏഴ് സംഘങ്ങള്‍ രക്ഷാദൗത്യത്തിലുണ്ട്. വ്യോമസേനയുടെ വിദഗ്ധ സംഘങ്ങളെ എയര്‍ലിഫ്റ്റ് ചെയ്ത് ഡെഹ്‌റാഡൂണില്‍ എത്തിച്ചിട്ടുണ്ട്. ഇവര്‍ തിങ്കളാഴ്ച രാവിലെ 6.30-ന് ദൗത്യം ആരംഭിക്കും. കരസേനയുടെ നാല് കോളങ്ങള്‍ രക്ഷാദൗത്യത്തിനായി റിങ്കി ഗ്രാമത്തില്‍ വിന്യസിച്ചിട്ടുണ്ട്. പ്രളയത്തെത്തുടര്‍ന്ന കാശ്മീരില്‍ ശ്രീനഗറിലെ അളകനന്ദ നദിയില്‍ ജലനിരപ്പുയര്‍ന്നു. ഇപ്പോള്‍ അപകടരേഖയ്ക്ക് തൊട്ടു താഴെയാണ് വെള്ളത്തിന്റെ നിരപ്പ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ടെലഫോണിലൂടെ നിരന്തരം സംസ്ഥാന ഭരണാധികാരികളുമായി ബന്ധപ്പെടുന്നുണ്ട്. ദുരന്തത്തിനിരയായവരുടെ അവകാശികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതവും പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതവും ്അടിയന്തിര സഹായം പ്രഖ്യാപിച്ചു.
ദുരന്തത്തില്‍ ലോകനേതാക്കള്‍ നടുക്കം പ്രകടിപ്പിച്ചു. അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതായി കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധി അറിയിച്ചു.