ഒരിടത്ത് എന്ന ചെറുകഥയും അതെഴുതിയ ആളും മലയാളിയുടെ അഭിമാനമാണ്. ആ കഥയിലെ കുളം ശരിക്കും ഇപ്പോഴും തന്റെ നാട്ടില്‍ ഉണ്ടെന്ന് സക്കറിയ പറയുന്നു. അതവിടെതത്തന്നെയുണ്ട്, തന്റെ മനസ്സിലും സ്വന്തം ദേശത്തിന്റെ ഭൂപടത്തിലും..
1971-ല്‍ എഴുതിയ ആ കഥ സക്കറിയ സങ്കല്‍പിച്ചത് ഒരു യഥാര്‍ഥ കുളത്തിന് ചുറ്റുമായിരുന്നു. അദ്ദേഹത്തിന്റെ ഇളയച്ഛന്റെ വീട്ടുമുറ്റത്തെ ചെറിയ കുളം. ചെങ്ങളം നായിപ്ലാവില് മുണ്ടാട്ടുചുണ്ടയില്‍. അവിടെ വീണ്ടും പോയതിന്റെ ഓര്‍മകളും ആ കുളത്തിന്റെ ചിത്രങ്ങളും എഴുത്തുകാരന്‍ ഗൃഹാതുരതയോടെ പങ്കുവെച്ചിരിക്കയാണ്.
ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം :
1971-ൽ ഞാൻ ‘ഒരിടത്ത്’ എന്ന പേ രിൽ ഒരു കഥ എഴുതി. ഒരു വീട്ടുമുറ്റത്തെ കുളവും അതിലെ താമസക്കാരായ തവളകളും വീട്ടിലെ പൂച്ചയും കുഞ്ഞുങ്ങളുമാണ് അതിലെ കഥാപാത്രങ്ങൾ.
ആ കഥ ഞാൻ സങ്കൽപ്പിച്ചത് ഒരു യഥാർത്ഥ കുളത്തിനും വീടിനും മുറ്റത്തിനും ചുറ്റുമായിരുന്നു. ഈയിടെ ആ വീട്ടിൽ പോയപ്പോൾ ആ കുളത്തിൻറെ ചിത്രങ്ങൾ എടുത്തു.
അന്ന് കുളത്തിനടുത്ത് തണൽമരവും നടക്കെട്ടുകളും ഇല്ലായിരുന്നു. അതിനു ഇത്രയും ആഴവും ഇല്ലായിരുന്നു. വെള്ളവും കരയും ഏതാണ്ട് സമനിരപ്പായിരുന്നു. കുളം ആകാശം നോക്കി കിടക്കുകയായിരുന്നു. ചുറ്റും ഒരു പുൽത്തകിടി ഉണ്ടായിരുന്നു. ഞാനോർത്തു: അത് അതിന്റെ സ്വന്തം ലോകത്തിൽ വെയിലും നിഴലും മീനുകളും തവളകളും പൊഴിഞ്ഞു വീണ ഇലകളുമായി പല പരിണാമങ്ങളിലൂടെ ജീവിതം തുടരുന്നു. തവളകളുടെ ഒരു പക്ഷെ ആയിരം തലമുറകൾ അതിന്റെ ജലപ്പരപ്പിന്മേൽ കടന്നു പോയിരിക്കാം. എന്റെ കഥ അതിനു ചുറ്റും ഒരിക്കൽ ഒളിഞ്ഞു നടന്നത് അത് അറിഞ്ഞിട്ടുമില്ല. മനോഹരമായ നിസ്സംഗത. സുന്ദരമായ അന്യത.
കഥ ഓർമ്മ യുള്ളവർക്കുവേണ്ടി ഈ ചിത്രങ്ങൾ.
(എന്റെ അപ്പന്റെ ഏറ്റവും ഇളയ അനുജൻ പരേതനായ തൊമ്മച്ചന്റെ വീട്ടുമുറ്റത്താണ് ഈ കുളം — ചെങ്ങളം നായിപ്ലാവിൽ മുണ്ടാട്ടുചുണ്ടയിൽ. ഇന്നവിടെ താമസിക്കുന്നത് അദ്ദേഹത്തിൻറെ മകൻ ജോസും കുടുംബവും ആണ്.)