
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ മഞ്ഞുമല ഇടിച്ചിലില്‍ പ്രളയം ഉയര്‍ന്ന ധൗളി ഗംഗ നദിയില്‍ പണിത തപോവന്‍ ഡാം പ്രളയ ജലത്തില്‍ പൂര്‍ണമായും ഒലിച്ചു പോയതായി വ്യോമസേനയുടെ ആകാശനിരീക്ഷണത്തില്‍ പ്രാഥമിക നിഗമനം. തപോവന്‍ മേഖലയില്‍ പണിത ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ് അണക്കെട്ട്. റിഷി ഗംഗ പദ്ധതി എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ താഴ് വരെയിലെ രണ്ട് പാലങ്ങളും ഒഴുകിപ്പോയിട്ടുണ്ട്. താഴ് വരയിലെ എല്ലാ നിര്‍മ്മാണങ്ങളും നശിച്ചിരിക്കുന്നു. നന്ദാദേവി മഞ്ഞുമലയുടെ തുടക്കം തൊട്ട് പിപ്പല്‍കോട്ട്, ചമോലി, ധൗലിഗംഗ, അളകനന്ദ എന്നിവിടങ്ങള്‍ വരെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നുണ്ട്- വ്യോമസേനയുടെ അഡ്വാന്‍സ് ഹെലിക്കോപ്ടര്‍ നിരീക്ഷണത്തിലെ നിഗമനം ഇതാണ്.
തപോവന്‍ ടണലിലെ രക്ഷാപ്രവര്‍ത്തനം അതിരാവിലെ പുനരാരംഭിച്ചിട്ടുണ്ട്. 15 പേരെയാണ് ഇവിടെ ഇതുവരെ രക്ഷപ്പെടുത്തിയത്. 14 മൃതദേഹങ്ങള്‍ പലയിടത്തു നിന്നുമായി കണ്ടെടുത്തിട്ടുണ്ട്. 900 മീറ്റര്‍ നീളമുള്ള ടണലില്‍ 30-ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം. എല്ലാവരും പദ്ധതിയിലെ തൊഴിലാളികളാണ്. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, ദേശീയ ദുരന്ത നിവാരണ സേന, കര-നാവിക-വ്യോമസേനാ ദളങ്ങള്‍ എന്നിവയെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.