ആർഎസ്എസിൻ്റെ ആഭ്യന്തര സർവേ പ്രകാരം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 200 സീറ്റുകൾ പോലും നേടില്ലെന്നും സംസ്ഥാനത്ത് എട്ട് സീറ്റുകൾ പോലും കടക്കില്ലെന്നും കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ അവകാശപ്പെട്ടു. പല മുതിർന്ന ബിജെപി നേതാക്കളും പാർട്ടിയെ ശുദ്ധീകരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്ന് അദ്ദേഹം ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ മകനാണ് പ്രിയങ്ക്.
വരുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ രാജ്യത്ത് 370 സീറ്റുകളും എൻഡിഎയ്ക്ക് മൊത്തത്തിൽ 400 സീറ്റുകളും നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
“തൊഴിലില്ലായ്മ അതിൻ്റെ പാരമ്യത്തിൽ”
ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി രൂപീകരിച്ച രാജ്യത്തെ വൻകിട സ്ഥാപനങ്ങൾ ദുർബലമായെന്നും ഇന്ന് ജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വിശ്വാസമില്ലാത്ത സാഹചര്യമാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിൽ തൊഴിലില്ലായ്മ അതിൻ്റെ പാരമ്യത്തിലെത്തി നിൽക്കുകയാണെന്നും തൊഴിലില്ലായ്മ ഇല്ലാതാക്കാൻ എന്താണ് ചെയ്തതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെയും സാന്നിധ്യത്തിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം ജയ്പൂരിൽ നടന്ന പൊതു റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
‘ഇന്ന് തൊഴിലില്ലായ്മ അതിൻ്റെ പാരമ്യത്തിലാണ്. തൊഴിലില്ലായ്മ ഇല്ലാതാക്കാൻ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ എന്താണ് ചെയ്തത്?… വാഗ്ദാനങ്ങൾ നൽകിയെങ്കിലും നടപ്പാക്കിയില്ല. ജനങ്ങളുടെ പ്രതീക്ഷ തകർത്ത അഗ്നിവീർ പദ്ധതി അവർ കൊണ്ടുവന്നു. കർഷകർ തെരുവിലിറങ്ങി സമരം ചെയ്യുന്നു, പക്ഷേ അത് ചെവിക്കൊള്ളാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായില്ല.”– പ്രിയങ്ക പറഞ്ഞു.