കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യു പീഡനക്കേസിൽ അതീജിവിതയെ പിന്തുണച്ചതിന് സ്ഥലംമാറ്റപ്പെട്ട സീനിയർ നഴ്‌സിംഗ് ഓഫീസർ പി.ബി. അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ പുനർനിയമനം നൽകി. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഇന്ന് വൈകീട്ട് പുറത്തിറക്കി. ഹൈക്കോടതി വിധി മാനിക്കാത്തതിനെതിരെ അനിത കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇത് തിങ്കളാഴ്ച പരിഗണിക്കാനിരിക്കയാണ്. കോടതിയില്‍ നിന്നും സര്‍ക്കാരിനെതിരെ പരാമര്‍ശമുണ്ടാവാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞു. മാത്രമല്ല അനിത സഹായിച്ച അതിജീവിത പിന്തുണാസമരവുമായി രംഗത്തു വരികയും ചെയ്തതോടെ തിരഞ്ഞെടുപ്പു വിഷയങ്ങളിലൊന്നായി പ്രതിപക്ഷം ഇത് ഉയര്‍ത്തിത്തുടങ്ങുകയും ചെയ്തു. ഇതെല്ലാം കൂടിയായപ്പോള്‍ സര്‍ക്കാര്‍ വിവാദത്തില്‍ നിന്നും കൈകഴുകാന്‍ തന്നെ തീരുമാനിച്ചുവെന്നാണ് നേരത്തെയുണ്ടായിരുന്ന നിലപാടില്‍ നിന്നും പിന്നാക്കം പോയതില്‍ നിന്നും മനസ്സിലാക്കാനാവുന്നത്.
കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കുന്നതെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്.
തിങ്കളാഴ്ച താന്‍ ജോലിയില്‍ പ്രവേശിക്കുമെന്നും ഉത്തരവ് കൈപ്പറ്റി ജോലിയില്‍ കയറുന്ന നിമിഷം ഇപ്പോള്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കുമെന്നും അനിത പ്രതികരിച്ചിട്ടുണ്ട്. കോടതി വിധിച്ചതുകൊണ്ടു മാത്രമാണ് തനിക്ക് കോഴിക്കോട്ടേക്ക് തന്നെ സ്ഥലം മാറ്റം തരുന്നതെന്ന് പ്രത്യേകം പറഞ്ഞതിനാല്‍ ഈ ഉത്തരവില്‍ വലിയ സന്തോഷമൊന്നും തോന്നുന്നില്ലെന്നും അനിത മാധ്യമങ്ങളോട് പ്രതികരിച്ചു.