സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ പദവി സ്വീകരിക്കേണ്ട എന്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മണികുമാറിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
അദ്ദേഹത്തിന്റേത് വൈകി ഉദിച്ച വിവേകമാണെങ്കിലും ,അധ്യക്ഷ പദവി ഏറ്റെടുത്ത് കൂടുതൽ അപമാനിതനാകാതെ പിന്മാറിയത് നന്നായി.
അദ്ദേഹം ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ, എൽ ഡി എഫ് സർക്കാരിന് അനുകൂല നിലപാടുകൾ സ്വീകരിച്ചതിന്റെ ഉപകാര സ്മരണയാ യാണ് വിരമിച്ച ശേഷം നൽകിയ പുതിയ പദവിയെന്നത് എല്ലാപേർക്കും ബോധ്യമായ കാര്യമാണ്. വൈകിയാണെങ്കിലും ജസ്റ്റിസ് മണികുമാർ എടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം എതിര്‍ത്ത നിയമനം
ജസ്റ്റിസ് മണികുമാര്‍ തനിക്ക് വ്യക്തിപരമായ അസൗകര്യം മുന്‍നിര്‍ത്തി പദവി സ്വീകരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. നിയമനത്തോട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് എതിരായി വരുന്ന ഹര്‍ജികളിലെ തീരുമാനങ്ങള്‍ ജസ്റ്റിസ് മണികുമാര്‍ വെച്ചു താമസിപ്പിച്ചിരുന്നുവെന്നും ഉദ്ദിഷ്ടകാര്യത്തിനാണ് ഉപകാരസ്മരണ സര്‍ക്കാര്‍ കാണിക്കുന്നതെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
എട്ടു മാസം വെച്ച് വൈകിപ്പിച്ച ശേഷമാണ് മണികുമാറിന്റെ നിയമന ശുപാര്‍ശയില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചത്.
തമിഴ്‌നാട് സ്വദേശിയായ ജസ്റ്റിസ് മണികുമാറിനെ തമിഴ്‌നാട്ടില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ സാധ്യതയുണ്ടെന്ന രീതിയിലുള്ള വാര്‍ത്ത പുറത്തുവരുന്നുണ്ട്.