ശബരിമലയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ യുഡിഎഫ് ആഗ്രഹിക്കുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. എൽഡിഎഫാണ് വിശ്വാസികളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചത്. ശബരിമല വിഷയത്തിൽ സർക്കാർ ആർക്കൊപ്പമാണെന്ന് വ്യക്തമാക്കണം. എന്തിനാണ് എം.എ.ബേബി നിലപാടിൽ മലക്കം മറിഞ്ഞത്. ശബരിമല വിഷയത്തിൽ യുഡിഎഫ് ഒന്നും ചെയ്തില്ലെന്ന വാദം ശരിയല്ല. പാർലമെൻ്റിൽ യുഡിഎഫ് പ്രതിനിധി ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിന് കേന്ദ്രം എതിർത്തതിനാൽ അവതരണാനുമതി ലഭിച്ചില്ല.
നിയമസഭയിലും പാർലമെൻ്റിലും ചെയ്യാവുന്നതെല്ലാം യുഡിഎഫ് ചെയ്തിട്ടുണ്ട്. ശബരിമല വിഷയത്തിൽ മൂന്ന് മുന്നണികളും ഒന്നും ചെയ്തില്ലെന്ന എൻഎസ്എസ് വാദം തെറ്റിദ്ധാരണ മൂലമാണ്. ഇക്കാര്യത്തിൽ സത്യാവസ്ഥ എൻഎസ്എസ് നേതൃത്വത്തെ നേരിൽ കണ്ട് ബോധ്യപ്പെടുത്തും. യുഡിഎഫ് ചെയ്ത കാര്യങ്ങൾ എൻഎസ്എസ് ശ്രദ്ധിക്കാതെ പോയിരിക്കാം. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമാണ് ശബരിമല. തെരഞ്ഞെടുപ്പിൽ എംപിമാർ ആരും മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
