കൊയിലാണ്ടിയില്‍ ഇന്നലെ രാത്രി കൊല്ലപ്പെട്ട സിപിഎം നേതാവ് സത്യനാഥന്റെ മരണം താന്‍ നേര്‍വഴിക്ക് നയിക്കാന്‍ ശ്രമിച്ച പഴയ രാഷ്ട്രീയ ശിഷ്യന്റെ കൈകളാല്‍. കൊലപാതകം നടത്തിയ അഭിലാഷ് താമസിക്കുന്നത് സത്യനാഥന്റെ വീട്ടിനടുത്തു തന്നെയായിരുന്നു. സത്യനാഥുമായി നേരത്തെ വളരെയേറെ വ്യക്തിപരമായ അടുപ്പമുള്ളയാളായിരുന്നു അഭിലാഷ്. സിപിഎ അനുഭാവിയായ അഭിലാഷ് പാര്‍ടി ഗ്രൂപ്പിലും അംഗമായിരുന്നു.
എന്നാല്‍ അഭിലാഷ് ക്രമേണ ക്രിമിനലിസത്തിലേക്ക് വഴിമാറിപ്പോകാന്‍ തുടങ്ങിയപ്പോള്‍ സത്യനാഥന്‍ അത് നിയന്ത്രിക്കാന്‍ ശ്രമിച്ചു. പാര്‍ടിയുടെ നിസ്വാര്‍ഥ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം തുടര്‍ന്ന് അഭിലാഷിനെ പാര്‍ടിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തതായി പറയുന്നു. ഇതോടെ അഭിലാഷിന് വൈരാഗ്യ ബുദ്ധി വളര്‍ന്നു. സത്യനാഥിനെ കൊല്ലുമെന്ന് അഭിലാഷ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു എന്നാണ് പറയുന്നത്. സത്യനെ തീര്‍ത്തിട്ടാണ് താന്‍ വരുന്നതെന്ന് കൂസലില്ലാതെ പറഞ്ഞാണേ്രത അയാള്‍ പൊലീസിന് കീഴടങ്ങിയതും.

അഭിലാഷിനെ ഒരു രക്ഷകര്‍ത്താവിനെ പോലെ പഠിപ്പിച്ചതും വളരാന്‍ സഹായിച്ചതുമെല്ലാം സത്യനാഥനായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് വളര്‍ന്ന വൈരാഗ്യമാണ് കൊലയിലേക്കു നയിച്ചത്. പാര്‍ടിയുടെ രാഷ്ട്രീയത്തില്‍ നിന്നും അഭിലാഷ് മാറിപ്പോയത് തടയാന്‍ സത്യനാഥ് ശ്രമിച്ചതാണ് വൈരാഗ്യം വളരാനിടയാക്കിയതും.
കൊയിലാണ്ടിയില്‍ സിപിഎമ്മിന്റെ വളര്‍ച്ചയില്‍ പ്രാദേശികമായി നല്ല പങ്കുണ്ടായിരുന്ന, പാര്‍ടിയെ ഉപയോഗിച്ച് നേട്ടങ്ങള്‍ക്കൊന്നും പോകാതിരുന്ന വ്യക്തി എന്ന നിലയില്‍ സ്വീകാര്യത ഏറെ ഉണ്ടായിരുന്ന വ്യക്തിയാണ് സത്യനാഥന്‍. കൊയിലാണ്ടി നഗരസഭാധ്യക്ഷന്റെ ഡ്രൈവറായിരുന്നിട്ടുണ്ട് ഇദ്ദേഹം. രാഷ്ട്രീയത്തെ സ്വന്തം താല്‍പര്യത്തിന് ഉപയോഗിക്കാത്ത പ്രവര്‍ത്തകന്‍ ആയിരുന്നു. സ്വന്തം ശിഷ്യനെ പോലെ പാര്‍ടിയില്‍ ചേര്‍ത്ത് നിര്‍ത്തിയ അഭിലാഷ് പാര്‍ടിക്കു നിരക്കാത്ത, ചീത്തപ്പേരുണ്ടാക്കുന്ന തരം അക്രമത്തിലേക്ക് വഴുതിവീണപ്പോള്‍ സത്യനാഥന്‍ അത് അംഗീകരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.
കരുതിക്കൂട്ടി കൊലപാതകം നടത്താന്‍ ഒരുങ്ങിത്തന്നെയായിരുന്നു അഭിലാഷിന്റെ നീക്കങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. യാദൃശ്ചികമായി സംഭവിച്ചതല്ല കൊലപാതകം എന്നാണ് തെളിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നോക്കി സത്യനാഥന്‍ നില്‍ക്കുന്ന ഇടം പോലും കൃത്യമായി മനസ്സിലാക്കിയാണേ്രത അഭിലാഷ് നീങ്ങിയത്. രാത്രി പത്ത് മണിയോടെ ക്ഷേത്രോല്‍സവത്തിലെ ഗാനമേളയ്ക്കിടെ സത്യനാഥിനെ ആക്രമിക്കുകയായിരുന്നു.