പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് മൂന്ന് ലക്ഷം പേരെ അനധികൃതമായി സർവ്വീസിൽ സ്ഥിരപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
2600 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശുപാർശ ചെയ്തുള്ള ഫയൽ അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കുകയാണെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ യുവാക്കൾ സമരം ചെയ്യുമ്പോൾ അവരെ അവഗണിച്ചുള്ള അനധികൃത നിയമനങ്ങൾ യുവാക്കളോട് കാണിക്കുന്ന അനീതിയാണെന്നും ചെന്നിത്തല പറഞ്ഞു.
മാണി സി കാപ്പൻ യുഡിഎഫിലേക്ക് വന്നാൽ സ്വീകരിക്കാൻ തയ്യാറാണെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി പലരും എൽഡിഎഫ് വിട്ടു യുഡിഎഫിൽ ചേരുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം മാണി സി കാപ്പൻ ഇതുവരേയും യുഡിഎഫിനെ ഔദ്യോഗികമായി സമീപിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
തവനൂരിൽ വന്ന് മത്സരിക്കാനുള്ള മന്ത്രി കെടി ജലീലിൻ്റെ വെല്ലുവിളിക്ക് മറുപടിയായി കേരളത്തിൽ എവിടെയും താൻ മത്സരിക്കാൻ തയ്യാറാണെന്ന് ചെന്നിത്തല പറഞ്ഞു. എന്നാൽ ജലീൽ ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങൾക്ക് മറുപടി പറയാൻ ചെന്നിത്തല തയ്യാറായില്ല.