ബി.ജെ.പി.യില്‍ ചേര്‍ന്നു കഴിഞ്ഞ ഇ. ശ്രീധരന്‍ തുറന്നു പറഞ്ഞ കാര്യങ്ങളോട് സമൂഹത്തില്‍ സമ്മിശ്ര പ്രതികരണം. ഒരു പാവം ശുദ്ധനായ മനുഷ്യന്റെ നിഷ്‌കളങ്കമായ പ്രതികരണം എന്ന നിലയിലാണ് സഹതാപത്തോടെ ഒരു വിഭാഗം വിലയിരുത്തുന്നത്. ശ്രീധരന്‍ നടത്തിയ ചില പ്രതികരണങ്ങളെ മണ്ടത്തരം എന്ന് വിലയിരുത്തുകയാണ് ഭൂരിപക്ഷവും. മല്‍സരിക്കാന്‍ തനിക്ക് സമ്മതമാണെന്ന് ഇ.ശ്രീധരന്‍ തുറന്നു പറയുന്നു. എന്നാല്‍ തന്റെ മല്‍സരത്തില്‍ മറ്റ് ആരെയും ഒന്നും വിമര്‍ശിക്കില്ല എന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
- തനിക്ക് കേരളത്തില്‍ ഒരു സല്‍പേരുണ്ട്. ഇങ്ങനെയുള്ള ഒരാള്‍ ബി.ജെ.പി.യില്‍ ചേര്‍ന്നാല്‍ ആ പാര്‍ടിയിലേക്ക് ഒരു കുത്തൊഴുക്കുണ്ടാകും.-ഒരു ലാന്‍ഡ്‌സ്ലൈഡ് മൈഗ്രേഷന്‍ ഉണ്ടാകും.
- ബി.ജെ.പി. ന്യൂനപക്ഷവിരുദ്ധമല്ല. അത് ആളുകള്‍ പറഞ്ഞ് പരത്തുന്ന അപഖ്യാതി മാത്രമാണ്.
- ഞാന്‍ ആരുമായും മല്‍സരിക്കാന്‍ നില്‍ക്കില്ല. എന്നാല്‍ അധികാരം വേണം. എങ്കിലേ കാര്യമുള്ളൂ.
- തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമുണ്ട്. എന്നാല്‍ നിങ്ങള്‍ കാണുന്ന തരം മല്‍സരത്തിനില്ല.
- കേരളത്തില്‍ ബി.ജെ.പി. വന്നതു കൊണ്ടു മാത്രമേ കേന്ദ്രസര്‍ക്കാരിന് യോജിച്ച സംസ്ഥാന സര്‍ക്കാര്‍ വന്നതു കൊണ്ടു മാത്രമേ കാര്യമുള്ളൂ. ഇല്ലെങ്കില്‍ വികസനം വരില്ല.
- ബി.ജെ.പി.ക്ക് നാട് നന്നാക്കണം എന്ന ഒറ്റ ഉദ്ദേശ്യമേ ഉള്ളൂ. അതു കൊണ്ടാണ് എനിക്ക് ആ പാര്‍ടിയില്‍ ചേരാന്‍ ആഗ്രഹം വന്നത്. അടുത്ത കാലത്ത് മാത്രം എടുത്ത് തീരുമാനമാണിത്.
ബി.ജെ.പി.യുടെയും ഇന്നത്തെ രാഷ്ട്രീയപോരാട്ടങ്ങളുടെയും ബാലപാഠങ്ങള്‍ തിരിച്ചറിയുന്ന ഒരാള്‍ പറയുന്ന അഭിപ്രായങ്ങളല്ല മേല്‍പ്പറഞ്ഞത് എന്നാണ് അഭിപ്രായം ഉയരുന്നത്. സംഘപരിവാറിന്റെ രാഷ്ട്രീയമായതോ ഗൂഢമായതോ ആയ ജണ്ടകളെപ്പറ്റിയോ കോര്‍പ്പറേറ്റ് താല്‍പര്യത്തെപ്പറ്റിയോ വര്‍ഗീയ നിലപാടുകളെപ്പറ്റിയോ ഇ. ശ്രീധരന്‍ ബോധവാനല്ല എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ എന്നും അഭിപ്രായം ഉയരുന്നുണ്ട്.. കാലം കഴിയുമ്പോള്‍ കാര്യം താനേ പഠിച്ചുകൊള്ളും എന്ന നിഗമനവും വരുന്നുണ്ട്.
തനിക്ക് അംഗത്വം തരുന്ന ഒരു ചടങ്ങുണ്ടാക്കേണ്ട കാര്യമില്ലെന്നും താന്‍ ബി.ജെ.പി.യുടെ വിജയയാത്രയില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും ശ്രീധരന്‍ തുറന്നു പറയുന്നു. തനിക്ക് ഗവര്‍ണര്‍ പദവി വേണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ഗവര്‍ണര്‍ പദവി കൊണ്ട് എനിക്ക് സുഖ ജീവിതം കിട്ടും. അതിന് ഞാന്‍ ഇവിടെ ഇരുന്നാല്‍ പോരേ. അതല്ലല്ലോ കാര്യം. ഗവര്‍ണര്‍ പദവി കൊണ്ട് കാര്യമില്ല. അതിലിരുന്ന് ഒരു കാര്യവും ചെയ്യാനാവില്ല–ശ്രീധരന്‍ അഭിപ്രായപ്പെട്ടത് ഇങ്ങിനെയാണ്.
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിലേക്ക് താന്‍ കുറേ നിര്‍ദ്ദേശങ്ങള്‍ കൊടുത്തിട്ടുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.