ലഡാക്കിലെ ഗല്‍വാനില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 16-ന് ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോ ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് പുറത്തു വിട്ടു. തങ്ങളുടെ 5 സൈനികര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് ആദ്യമായി ചൈന സ്ഥിരീകരിച്ചു. ചൈനീസ് ആര്‍മിയുടെ റെജിമെന്റല്‍ കമാന്‍ഡറും സംഘര്‍ഷത്തില്‍ മരണപ്പെട്ടിരുന്നതായും ചൈന സ്ഥിരീകരിക്കുന്നു. ഒപ്പം കരാര്‍ ലംഘിച്ചതിന് ഇന്ത്യയെ കുറ്റപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ ഒന്‍പത് മാസമായി ചൈന ഗല്‍വാന്‍ സംഘര്‍ഷത്തില്‍ തങ്ങളുടെ സൈനികര്‍ മരിച്ചതായി ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. ഇപ്പോഴും കൊല്ലപ്പെട്ട സൈനികരുടെ കൃത്യമായ കണക്ക് പുറത്തുവിട്ടുവെന്ന് ആരും കരുതുന്നില്ല. എങ്കിലും 5 പേര്‍ കൊല്ലപ്പെട്ടു എന്ന പ്രഖ്യാപനം ശ്രദ്ധേയമാണ്.
മൂന്ന് മിനിട്ട് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം ഇന്ത്യന്‍ സൈനികര്‍ ചൈനീസ് അതിര്‍ത്തി ലംഘിച്ചു എന്നതാണ്. അതിര്‍ത്തിയിലെ തല്‍സ്ഥിതി ഇന്ത്യ മാറ്റാന്‍ ശ്രമിച്ചു. ഇന്ത്യന്‍ സൈനികര്‍ സംഭാഷണത്തിനായി ചെന്ന ചൈനീസ് പട്ടാളക്കാരെ ആക്രമിച്ചു–ഇതൊക്കെയാണ് വീഡിയോയിലെ ആരോപണങ്ങള്‍. എന്നാല്‍ നിരീക്ഷകര്‍ രേഖപ്പെടുത്തിയത് ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് 50 മീറ്റര്‍ ഉള്ളിലോട്ട് വന്നു എന്നാണ്. ഗല്‍വാനില്‍ സംഘര്‍ഷം ഉണ്ടായത് ഇന്ത്യന്‍ അതിര്‍ത്തിക്കകത്ത് 50 മീറ്റര്‍ ഉള്ളിലോട്ട് മാറിയാണ്.