മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ സ്ഥിരപ്പെടുത്തിയെന്ന രീതിയില്‍ മലയാള മനോരമ,മാതൃഭൂമി പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ വിവാദത്തില്‍. വെള്ളിയാഴ്ചത്തെ പത്രത്തില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും ആരെയും സ്ഥിരപ്പെടുത്തിയിട്ടില്ലെന്നും വാര്‍ത്ത തെറ്റാണെന്നും വ്യക്തമാക്കിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ ഫേസ് ബുക്ക് കുറിപ്പില്‍ തനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ‘അഭിനന്ദനങ്ങളെ’ സൂചിപ്പിക്കുന്നുമുണ്ട്.
“രാവിലെ മുതൽ പല വഴിക്ക് അഭിനന്ദനങ്ങൾ വരുന്നുണ്ട്. സ്നേഹത്തിന് നന്ദി. ദയവായി ആരും ഇനി അഭിനന്ദിക്കരുത്. ഈ വാർത്ത തെറ്റാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിൻ്റെ നിയമനം കോ ടെർമിനസ് വ്യവസ്ഥയിലാണ്. അതായത് ആ മന്ത്രി അധികാരത്തിൽ തുടരുന്നതുവരെ. പുതിയ സർക്കാർ വരുമ്പോൾ പുതിയ നിയമനമാണ്. ആളുകൾ മാറാം; മാറാതിരിക്കാം. ഈ വാർത്തയിൽ പറയുന്നതു പോലെ പേഴ്സണൽ സ്റ്റാഫിൽ സ്ഥിരം നിയമനം നടത്താൻ ആർക്കും കഴിയില്ല. ഒരു പക്ഷെ ലേഖകനും എഡിറ്റർക്കും അതേക്കുറിച്ച് അറിയാത്തതുകൊണ്ട് സംഭവിച്ചതാകും. എന്തായാലും സ്ഥിരപ്പെടുത്തിയതിൻ്റെ പേരിൽ അഭിനന്ദിക്കുന്നവരുടെ സ്നേഹം താങ്ങാൻ ശേഷിയില്ല.”–ഇതാണ് പി.എം.മനോജിന്റെ ഫേസ്ബുക്ക് കുറിപ്പ്.


മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിനെ സര്‍ക്കാര്‍സര്‍വ്വീസില്‍ സ്ഥിരപ്പെടുത്തി എന്ന് മനോരമ വാര്‍ത്തയില്‍ ഇല്ല. പെന്‍ഷന് അര്‍ഹതയില്ലാത്ത ഏഴ് സ്റ്റാഫിന് കൂടി പെന്‍ഷന്‍ അര്‍ഹത ഉറപ്പാക്കുന്ന വിധം ചട്ടം ഭേദഗതി ചെയ്തു എന്നാണ് മനോരമ വാര്‍ത്തയുടെ കാതല്‍. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പരിഹസിക്കുന്നത് തന്നെയുള്‍പ്പെടെ സ്ഥിരം സ്റ്റാഫാക്കി ഉത്തരവിറക്കി എന്ന് വാര്‍ത്ത നല്‍കി എന്ന നിലയിലാണെന്നും ഇത് തെറ്റാണെന്നും മനോരമ എഡിറ്റോറിയല്‍ അംഗങ്ങള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ മാതൃഭൂമിയില്‍ സ്ഥിരനിയമനം എന്ന രീതിയില്‍ തന്നെയാണ് വാര്ത്ത.
പരമാവധി 30 പേരെ നിയമിക്കാന്‍ അനുവാദമുള്ള മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ 37 പേര്‍ക്ക് നിയമനം നല്‍കിയത് അംഗീകരിക്കാനുള്ള ഭേദഗതി പാസ്സാക്കിയ കാര്യം സെക്രട്ടറിയറ്റിനു മുന്നില്‍ നടക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തിലാണ് വിവാദത്തിലായത്. മലയാള മനോരമയാണ് ഇത് കുത്തിപ്പൊക്കി വാര്‍ത്തയാക്കിയത്. എന്താണ് വസ്തുത എന്ന കാര്യത്തില്‍ പി.എം. മനോജിന്റെ ഫേസ്ബുക്കിലെ സൂചനകള്‍ കൂടി പുറത്തു വന്നതോടെ കൂടുതല്‍ വിവാദമായിരിക്കയാണ്.