കേരള സര്‍ക്കാരിന്റെ മല്‍സ്യനയത്തിന് വിരുദ്ധമായി ആഴക്കടലില്‍ ട്രോളറുകളുപയോഗിച്ച് മീന്‍ പിടിക്കാനായി അമേരിക്കന്‍ കമ്പനിയുമായി കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ് ഒപ്പിട്ട ധാരണാപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടതിനു പിറകെ ഒരു സംശയം സര്ക്കാര്‍ തലത്തില്‍ പുകയുന്നു. ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതു പോലെ പ്രതിപക്ഷനേതാവിന് ഇത്രയും രേഖകള്‍ ലഭിച്ചതിനു പിന്നില്‍ നടന്ന ഗൂഢാലോചന, രേഖകള്‍ ആരാണ് ലഭ്യമാക്കിയത് എന്നിവയാണ് ആ സംശയങ്ങള്‍. ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഈ സംശയം മുഖ്യമന്ത്രിക്കു മുന്നിലും മാധ്യമങ്ങള്‍ക്കു മുന്നിലും പ്രകടിപ്പിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെയാണ് ഉദ്യോഗസ്ഥര്‌ക്കെതിരെ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുള്ളതും.
ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ എം.ഡി. പ്രശാന്ത് നായരിലേക്കാണ് സംശയമുന നീളുന്നത്. ഇദ്ദേഹം മുമ്പ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എന്നത് ഫിഷറീസ് മന്ത്രി തന്നെ പരസ്യമായി സംശയരൂപത്തില്‍ ഉന്നയിച്ചിട്ടുണ്ട്. പ്രശാന്ത് നായര് നേരത്തെയും വിവാദങ്ങളിലൂടെ വാര്‍ത്തയില്‍ നിറഞ്ഞിട്ടുള്ള വ്യക്തിയാണ്. മുന്‍പ് കോഴിക്കാട് കളക്ടര്‍ ആയിരിക്കുമ്പോള്‍ എം.കെ.രാഘവന്‍ എം.പി.യോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ വലിയ കോലാഹലം പ്രശാന്തുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. അന്ന് സര്ക്കാര്‍ പ്രശാന്തിനെ സഹായിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. കളക്ടര്‍ ബ്രോ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു പ്രശാന്ത് നായര്‍. പ്രശാന്തിന്റെ ഷോമാന്‍ഷിപ്പ് ധാരാളം വിമര്‍ശനവും വിളിച്ചു വരുത്തിയിരുന്നുവെങ്കിലും ഇദ്ദേഹം അതൊന്നും പരിഗണിക്കാതെ സ്വന്തം വഴിയില്‍ സഞ്ചരിക്കുകയായിരുന്നു. ഇത്തരം കൂസലില്ലായ്മയാണ് ഒടുവില്‍ കോഴിക്കോടു നിന്നും പ്രശാന്തിനെ തെറിപ്പിച്ചതും.
എന്നാല്‍ പ്രതിപക്ഷനേതാവിന് ട്രോളര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകള് കിട്ടാനിടയായതിനു പിന്നില്‍ പ്രശാന്തുമായുള്ള ഗൂഢാലോചനയാണ് സര്‍ക്കാര്‍ സംശയിക്കുന്നത്.
എന്തായാലും ധാരണാപത്രം മുഖ്യമന്ത്രി റദ്ദാക്കിയതോടെ സര്ക്കാരിനെ ഏതാനും ദിവസമായി ചൂഴ്ന്നു നിന്ന വിവാദത്തില്‍ യാഥാര്ഥ്യമുണ്ടായിരുന്നു എന്ന സമ്മതമായി അത് മാറി. പ്രതിപക്ഷ നേതാവിന്റെ വിജയം ആയിത്തന്നെയാണ് ഈ ധാരണാപത്രം റദ്ദാക്കല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ധാരണാ പത്രം ഉണ്ടാക്കിയത് സര്ക്കാര് പിന്നീട് മാത്രമേ അറിയൂ എന്ന മുഖ്യമന്ത്രിയുടെ വിശദീകരണം ഭാഗിക സത്യം മാത്രമാണെന്നും ഫിഷറീസ് മന്ത്രി അറിയാതെ ഇത്തരം വലിയ കരാറുകള്‍ ഉണ്ടാക്കുമോ എന്ന കാര്യം വിശദീകരിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.