ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ബൂമിങ് ആയിക്കൊണ്ടിരിക്കുന്ന ദൃശ്യം2 ൽ വെറും നാലേനാല് സീനിൽ അഭിനയിച്ചു ആസ്വാദകരെഞെട്ടിച്ചിരിക്കുകയാണ് കൃഷ്ണപ്രഭ.
വാട്ട്സ്ആപ്പിലൂടെ,മെസഞ്ചറിലൂടെ,ടെലിഗ്രാമിലൂടെ ദൃശ്യം-2 കൈമാറ്റം ചെയ്യപ്പെടുമ്പോൾ അതിനൊപ്പം കൃഷ്ണപ്രഭയുടെ മേരിക്കുട്ടിയെ കുറിച്ച് രണ്ടുവരി എഴുതാൻ മറക്കുന്നില്ല ആസ്വാദകർ.ഓരോ വ്യക്തിക്കും തന്റെ കരിയറിൽ ഒരു ടേണിങ് പോയിന്റ് ഉണ്ടാകുമല്ലോ ഒരു പക്ഷേ കൃഷ്ണപ്രഭയുടെ കരിയർ ബെസ്റ്റ് മേരിക്കുട്ടി ആയിരിക്കാം.
പതിവ് കാഴ്ചകളിൽ നിന്ന് വേറിട്ട ദൃശ്യാനുഭവങ്ങളിലേക്ക് മലയാള സിനിമ ചേക്കേറാൻ തുടങ്ങിയപ്പോൾ ആ മാറ്റം നടീനടന്മാരിലും കാണപ്പെട്ടു തുടങ്ങി.വില്ലന്മാർ കൊമേഡിയന്മാരാവുന്നു,കൊമേഡിയന്മാർ സ്വഭാവനടന്മാരാവുന്നു. പിന്നെ നായകരായി ദേശീയ,അന്തർദേശീയ പുരസ്കാരങ്ങൾ നേടുന്നു. സ്ത്രീപക്ഷ സിനിമകൾ ഉണ്ടാകുന്നു.നായകന്റെ ഉപഗ്രഹമായി കറങ്ങുന്ന സ്ത്രീ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി നിലപാടുകൾ ഉറക്കെ പ്രഖ്യാപിക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടാകുന്നു. ഇങ്ങനെ രൂപാന്തരം സംഭവിച്ച നടീനടന്മാരുടെ ശ്രേണിയിലേക്ക് ഒരാൾ കൂടി കടന്നുവന്നിരിക്കുകയാണ് മേരിയിലൂടെ കൃഷ്ണപ്രഭ.
ദൃശ്യത്തിലേക്ക്…
നാല്പത്തിരണ്ടാം മിനിറ്റിലെ അവസാന നിമിഷങ്ങൾ.
ജയിൽ ശിക്ഷകഴിഞ്ഞ് വീട്ടിലേക്ക് വരുന്ന ജോസിനെ കണ്ട് പുറത്തേക്ക് വരുന്ന മേരി
”എങ്ങോട്ടാ….എനിക്കുമെന്റെ മോനും ഇനി നിങ്ങളെ വേണ്ട”
”മേരീ ഞാൻ…”
”കള്ളുകുടിച്ചു വന്നിട്ടെന്റെ ആങ്ങളെയും കൊന്നിട്ട് എന്റൂടെ വീണ്ടും പൊറുക്കുവാൻ വന്നിരിക്വാലേ…നീ നശിച്ചുപോകത്തൊള്ളടാ നാറീ”
”മേരീ ഞാൻ മനപൂർവം ചെയ്തതല്ലല്ലോ അബദ്ധം പറ്റിയതല്ലേ”
”അബദ്ധം പറ്റിയത് നിങ്ങൾക്കല്ല……എനിക്കാ ഇറങ്ങിപ്പോടാ പട്ടീ….ഇനിമേലാ ഈ വഴിക്ക് വന്നുപോകരുത്”
വാതിൽ കൊട്ടിയടച്ചു ഈശോ എന്ന് അസ്പഷ്ടമായി വിളിച്ചു പൊട്ടിക്കരയുന്ന മേരി.
ഒരു മിനിറ്റ് മാത്രമുള്ള സീൻ.
മദ്യം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വന്ന ഒരു തർക്കം മേരിയുടെ ജീവിതമാണ് ഇല്ലാതാക്കിയത്.സ്നേഹ നിധിയായ ഭർത്താവ് കൊലപാതകിയാവുന്നു.കൊലചെയ്യപ്പെട്ടത് വേറെയാരുമല്ല സ്വന്തം ആങ്ങള തന്നെ.വീട്ടുകാർ ഉപേക്ഷിച്ച മേരി കുഞ്ഞിനേയും കൊണ്ട് ദുരിതാപർവ്വങ്ങൾ താണ്ടി ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ്.നിരാലംബയായ ആ സ്ത്രീ നേരിടേണ്ടിവരുന്ന ഒട്ടേറെ പ്രതിസന്ധികൾ പറയാതെ പറഞ്ഞുപോകുന്നുണ്ട് സിനിമയിൽ.ആറുവർഷത്തെ ജയിൽ വാസം കഴിഞ്ഞു വരുന്ന ജോസിനെ കാണുമ്പോൾ താനനുഭവിച്ച വ്യഥകൾ മുഴുവനും ഒറ്റനിമിഷം കൊണ്ട് മേരിയിലേക്കെത്തുന്നു.
നാട്ടിൻപുറത്തുകാരിയായ ഒരു സ്ത്രീ എങ്ങനെ പ്രതികരിക്കുമോ അത് അതേപടി കൃഷ്ണപ്രഭയിലൂടെ സ്‌ക്രീനിൽ നിറയുമ്പോൾ അറിയാതെ മിഴികൾ സജലമാകുന്നു..അസാമാന്യ കൈയടക്കം ആവശ്യപ്പെടുന്ന ഒരു രംഗമാണത്. പ്രത്യേകിച്ച് കോമഡിയയായി അറിയപ്പെടുന്ന ഒരാൾ അഭിനയിക്കുമ്പോൾ.ഒന്ന് പാളിപ്പോയാൽ പിന്നെ ട്രോളർമാരുടെ പ്രിയപ്പെട്ട മീം ആയിമാറാൻ സാധ്യതയുള്ള ഭാവം.ഏറ്റവും അച്ചടക്കത്തോടെ അമിതഭാവങ്ങൾ ഒന്നുമില്ലാതെ കൃഷ്ണപ്രഭ അത് മനോഹരമാക്കി.ആ രംഗം കണ്ടപ്പോൾ പെട്ടന്ന് ഓർമ്മ വന്നത് വാൽക്കണ്ണാടിയിലെ കെ പി എ സി ലളിതയെയാണ് .ഭ്രാന്ത് മൂത്ത മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ വാതിലടച്ചു വിങ്ങിപ്പൊട്ടുന്ന അമ്മ.ആ രംഗം പോലെ മനസ്സിൽ തങ്ങി നിൽക്കുന്നു മേരി.
ടൈപ്പ് കാസ്റ്റിംഗിന്റെ ഊരാക്കുടുക്കിൽ വീണുപോയ നടീനടന്മാർക്കിടയിലായിരുന്നു കൃഷ്ണപ്രഭയുടെ സ്ഥാനവും.അവതരിപ്പിച്ചത് ഭൂരിഭാഗവും കോമഡി കഥാപാത്രങ്ങൾ.ചിലത് എരിവും ചൂടുമുള്ളത്.അതിൽനിന്ന് ചെറിയൊരു മാറ്റത്തിലേക്ക് വഴി തുറന്നത് ഒരു ഇന്ത്യൻ പ്രണയകഥയിലെ അയ്മനം സിദ്ധാർത്ഥന്റെ ചേച്ചിയാണ്.ഷീ ടാക്സിയിലെ ശ്രദ്ധ എന്ന കഥാപാത്രവും വേറിട്ട് നിൽക്കുന്നുണ്ട്.ബോയിങ് ബോയിങിലെ ഡിക്ക് അമ്മായിയുടെ പുനരവതാരം എന്ന് ആ കഥാപാത്രം വിലയിരുത്തപ്പെട്ടിരുന്നു.പിന്നെ ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയിലെ മോളിക്കുട്ടി.എങ്കിലും കാണികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങൾക്കായി പിന്നെയും കാത്തിരിക്കേണ്ടിവന്നിരുന്നു കൃഷ്ണപ്രഭക്ക്.മോളിക്കുട്ടിയുടെ വിഷ്വൽ ഇൻപാക്റ്റ് കൊണ്ടാകാം മേരിയെന്ന കഥാപാത്രത്തെ കൃഷ്ണപ്രഭക്കുതന്നെ നൽകാൻ ജീത്തുജോസഫ് തീരുമാനിച്ചത്.ആ തീരുമാനത്തോട് നൂറു ശതമാനം നീതി പുലർത്തിയിരിരിക്കുന്നു കൃഷ്ണപ്രഭ.