പി.എസ്.സി. റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ശോഭാ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ ഉപവാസത്തിനും ഗവര്‍ണറെ സന്ദര്‍ശിച്ച് നിവേദനം നല്കിയതിനു സഹായങ്ങള്‍ ചെയ്ത തിരുവനന്തപുരത്തെ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ടി സംസ്ഥാന അധ്യക്ഷനും ശോഭയുടെ കടുത്ത എതിരാളിയുമായ കെ. സുരേന്ദ്രന് റിപ്പോര്‍ട്ട് നല്കി തിരുവനന്തപുരം ജില്ലാ ഘടകം. സുരേന്ദ്രന്‍ പക്ഷക്കാരനായ ജില്ലാ പ്രസിഡണ്ട് വി.വി. രാജേഷാണ് 15-ഓളം ബി.ജെ.പി. പ്രവര്‍ത്തകരുടെ വിവരം സംസ്ഥാന പ്രസിഡണ്ടിന് കൈമാറിയിരിക്കുന്നത് എന്നാണ് രഹസ്യവിവരം.
ശോഭാ സുരേന്ദ്രന്‍ സെക്രട്ടറിയറ്റിനു മുന്നില്‍ നടത്തിയ ഐക്യദാര്‍ഡ്യ സമരമോ ഉദ്യോഗാര്ഥികളെയും കൂട്ടി ഗവര്‍ണറെ കണ്ടതോ പാര്‍ടിയില്‍ ചര്‍ച്ച ചെയ്ത് നടത്തിയതായിരുന്നില്ലെന്നും അതിനാല്‍ സംഘടനാ വിരുദ്ധമാണെന്നുമാണ് സുരേന്ദ്രന്‍ പക്ഷത്തിന്റെ നിലപാട്. സുരേന്ദ്രനുമായി കടുത്ത അഭിപ്രായവ്യത്യാസത്തില്‍ കഴിയുന്ന ശോഭ പാര്‍ടിയില്‍ അര്‍ഹമായ സ്ഥാനം കിട്ടാഞ്ഞതിനാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി പ്രവര്‍ത്തിക്കാതെ ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. ഈ പ്രതിഷേധം തുടരുന്നതിനിടെയാണ് ആദ്യമായി അവര്‍ പാര്‍ടിയില്‍ ഒന്നും ആലോചിക്കാതെ തന്നെ സെക്രട്ടറിയേറ്റിനു മുന്നിലെത്തിയത്. ഉപവാസ സമരത്തെപ്പറ്റി മറ്റാര്‍ക്കും വിവരം നല്‍കാതെയാണ് അവര്‍ അത് ആരംഭിച്ചത് എന്നും പരാതിയുണ്ട്. ശോഭയുടെ സമരത്തിന് തിരുവനന്തപുരത്ത് സഹായങ്ങള്‍ ചെയ്തു കൊടുത്ത പ്രവര്‍ത്തകരാണ് ഇപ്പോള്‍ സുരേന്ദ്രന്‍ പക്ഷത്തിന്റെ നോട്ടപ്പുള്ളികളായി മാറിയിരിക്കുന്നത്.
ശോഭയുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള സമവായത്തിനും ഒത്തുതീര്‍പ്പിനും സുരേന്ദ്രനും വി.മുരളീധരനും വഴങ്ങാനിടയില്ല എന്നതാണ് അവസ്ഥ. ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ കേരളത്തില് വന്നപ്പോള്‍ ശോഭ അദ്ദേഹത്തെ കണ്ടെങ്കിലും അതൊന്നും ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. വി.മുരളീധരനുമായി ഉറ്റ ബന്ധമുള്ള നദ്ദ അദ്ദേഹത്തെ പിണക്കുന്ന ഒരു നടപടിയും എടുക്കില്ല എന്നതാണ് സുരേന്ദ്രന്റെ ആത്മവിശ്വാസം. അതു കൊണ്ടു തന്നെ ശോഭയ്ക്ക് നിയമസഭാ സീറ്റ് പോലും നല്‍കേണ്ടതില്ല എന്ന തീരുമാനത്തിലാണ് സുരേന്ദ്രന്‍ പക്ഷം. ഇത് മുന്‍കൂട്ടി ഊഹിച്ചിട്ടാണ് താന്‍ മല്‍സരിക്കുന്നില്ല എന്ന് ശോഭാ സുരേന്ദ്രന്‍ നേരത്തേ പ്രഖ്യാപിച്ചത് എന്നും പറയുന്നു. സെക്രട്ടറിയറ്റ് സമരത്തോടെ ശോഭ പൂര്‍ണമായും പാര്‍ടിയില്‍ ഒറ്റപ്പെട്ടിരിക്കയാണെന്ന് സുരേന്ദ്രന്‍ പക്ഷം പറയുന്നു. സുരേന്ദ്രനെ എതിര്‍ക്കുന്ന കൃഷ്ണദാസ് പക്ഷത്തെ ആരും സെക്രട്ടറിയറ്റ് സമരത്തില്‍ ശോഭയെ പിന്തുണച്ച് എത്തിയില്ല എന്നത് ശ്രദ്ധേയമാകുകയും ചെയ്തു.
ശോഭയെ ഒറ്റപ്പെടുത്തി ഒതുക്കി ഒന്നുമല്ലാതാക്കുക എന്ന തന്ത്രമാണ് വി.മുരളീധരന്‍ പക്ഷം കേരളത്തില്‍ നടപ്പാക്കുന്നത് എന്നാണ് ശോഭയുമായി അടുത്ത വൃത്തങ്ങള്‍ ചിന്തിക്കുന്നത്. ശോഭ പാര്‍ടി വിട്ട് ഇടതുപക്ഷത്തേക്കു പോകുകയാണ് എന്നും മറ്റും പ്രചരിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണെന്ന് അവര്‍ കരുതുന്നു.
എന്തായാലും ശോഭയുടെ സെക്രട്ടറിയറ്റ് സമരം വരും ദിവസങ്ങളില്‍ ബി.ജെ.പി.യിലെ ഗ്രൂപ്പ് പോരിന് എരിവ് നല്കുമെന്നുറപ്പാണ്. പാര്‍ടിയുടെ വിജയ യാത്രയ്ക്കിടയില്‍ തന്നെ ശോഭയ്‌ക്കെതിരായ പോരും കനക്കുമെന്നാണ് ബി.ജെ.പി.യിലെ ശോഭ അനുകൂലികള്‍ ഊഹിക്കുന്നത്.