മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി തിങ്കളാഴ്ച വിസമ്മതിച്ചു .
ഹൈക്കോടതിയുടെ മാർച്ച് 5 ലെ വിധി “വളരെ യുക്തിസഹമാണ്” എന്ന് ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചു. “നിയമം നിരപരാധിത്വത്തിൻ്റെ അനുമാനമാണ്. കുറ്റവിമുക്തനാക്കാനുള്ള ഉത്തരവുണ്ടായാൽ ആ അനുമാനം ബലപ്പെടുന്നു.”–കോടതി അഭ്പ്രായപ്പെട്ടു.
2 017ൽ വിചാരണക്കോടതി ശിക്ഷിച്ച സായിബാബയെയും മറ്റ് അഞ്ച് കൂട്ടുപ്രതികളെയും ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വെറുതെവിട്ടിരുന്നു. പ്രോസിക്യൂഷൻ കേസ് തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞിരുന്നു.
മാവോയിസ്റ്റ് ലേഖനങ്ങളും സാഹിത്യവും ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് വായിക്കുന്നത് കുറ്റകൃത്യമാവില്ലെന്നും യു.എ.പി.എ. പ്രകാരമുള്ള കുറ്റമൊന്നും സായിബാബയില്‍ ചുമത്താന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് പ്രൊഫ.സായിബാബയെ വെറുതെ വിട്ടത്. ഇതിനെതിരായാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.
നേരത്തെ ബോംബെ ഹൈക്കോടതി സായിബാബയെ കുറ്റവിമുക്തനാക്കിയതിനു തൊട്ടു പിറകെ സുപ്രീംകോടതി ഈ ഉത്തരവ് സ്‌റ്റേ ചെയ്യുകയും കേസ് ഹൈക്കോടതി വീണ്ടും പരിശോധിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നതാണ്. അതേത്തുടര്‍ന്നുള്ള പുനപരിശോധനയിലാണ് സായിബാബയെ മോചിപ്പിക്കാന്‍ വിധി വന്നത്. ഇത് സ്റ്റേ ചെയ്യാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. തളര്‍വാതം ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളര്‍ന്ന വ്യക്തിയാണ് പ്രൊഫ.സായിബാബ.