പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധ്യമല്ലെന്ന് തെളിഞ്ഞു. ഇതോടെ മുഖ്യമന്ത്രി വി. നാരായണസ്വാമി രാജിവെക്കാന്‍ തീരുമാനിച്ചു. ഭൂരിപക്ഷത്തിന് 15 പേരുടെ പിന്തുണ വേണം എന്നിരിക്കെ 12 പേര്‍ മാത്രമാണ് ഭരണപക്ഷത്ത് ഉള്ളത്.
ഫെബ്രുവരി 22-ന് വൈകീട്ട് അഞ്ചു മണിക്ക് സഭയില്‍ വിശ്വാസവോട്ട് തേടണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമിയോട് ലഫ്. ഗവര്‍ണര്‍ ഡോ. തമിഴ് ഇസൈ സൗന്ദര്‍രാജന്‍ ആവശ്യപ്പെട്ടിരുന്നു. അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും ഒരു ഡി.എം.കെ. അംഗവും രാജിവെക്കുകയും ഒരംഗം അയോഗ്യനാക്കപ്പെടുകയും ചെയ്തതോടെ ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കയാണ്. നേരത്തെ 33 അംഗങ്ങള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 26 പേര്‍ മാത്രമേ ഉള്ളൂ. സഭയില്‍ ഭൂരിപക്ഷത്തിന് 15 പേര്‍ വേണം. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് 12 പേരുടെ പിന്തുണ മാത്രമേ ഇപ്പോഴുള്ളൂ.
കോണ്‍ഗ്രസ് വിട്ട നാല് എം.എല്‍.എ.മാരും ബി.ജെ.പി. പാളയത്തിലാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് മറ്റൊരു എം.എല്‍.എ.യെ കോണ്‍ഗ്രസ് പുറത്താക്കിയത്. മുഖ്യമന്ത്രി വി.നാരായണസ്വാമിയുമായി വളരെ അടുപ്പമുള്ള വ്യക്തിയായ ജോണ്‍കുമാര്‍ ആണ് ഏറ്റവും ഒടുവില്‍ രാജിവെച്ച വ്യക്തി.
പുതുച്ചേരിയില്‍ കോണ്‍ഗ്രസ്-ഡി.എം.കെ. സഖ്യം ആണ് ഭരിക്കുന്നത്. കോണ്‍ഗ്രസിന് 15-ഉം ഡി.എം.കെ.ക്ക് മൂന്നും സീറ്റാണ് ഉള്ളത്. ഒരു സ്വതന്ത്രനും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. കോണ്‍ഗ്രസും ഒരാള്‍ ഡി.എം.കെ.യും വിട്ടതോടെ ഭരണകക്ഷിയുടെ അംഗബലം 12 ആയി. പ്രതിപക്ഷത്ത് എ.ഐ.എ.ഡി.എം.കെ.യ്ക്ക് നാലും എ.ഐ.എന്‍.ആര്‍.സി.ക്ക് ഏഴും അംഗങ്ങളും ബി.ജെ.പി.ക്ക് മൂന്ന് നോമിനേറ്റ് ചെയ്ത അംഗങ്ങളും ഉണ്ട്. ആകെ 14.