കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇന്ത്യയില് ഇന്ധനവില വര്‍ധിക്കാന്‍ കാരണമെന്ന് നരേന്ദ്രമോദി പറയുന്നത് തീര്‍ത്തും തെറ്റിദ്ധരിപ്പിലാണെന്ന് കണക്കുകളും വസ്തുതകളും തെളിയിക്കുന്നു.
2014-ല്‍ മോദി പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ ക്രൂഡ് ഓയിലിന് ബാരലിന് 106.85 ഡോളറായിരുന്നു വില. ഒരു ബാരല്‍ എന്നാല്‍ 159 ലിറ്റര്‍. അതേവര്‍ഷം സപ്തംബര് ആകുമ്പോഴേക്കും വില 100 ഡോളറായി താഴ്ന്നു. മോദിയുടെ ഭരണം തുടര്‍ച്ചയായി എട്ടാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ അതായത് 2021 ജനവരിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് വില വെറും 54.79 രൂപ !! അതായത്, മന്‍മോഹന്‍ സിങ് അധികാരമൊഴിയുമ്പോള്‍ ഉണ്ടായിരുന്നതിന്റെ നേര്‍ പകുതി.
ഈ എട്ടു വര്‍ഷത്തെ ഓയില്‍ വില വിശദമായി നോക്കാം.
(ക്രൂഡ് ഓയില്‍ വില ഡോളറില്‍, പെട്രോള്‍, ഡീസല്‍ വിലകള്‍ രൂപയില്‍ എന്ന ക്രമത്തില്‍)
2014- 106.85 –71.41 — 56.71
2015- 63.82 — 63.16 — 49.57
2016- 45.01 — 62.19 — 50.95
2017- 50.57 — 68.09 — 57.35
2018- 75.25 — 74.63 — 65.93
2019- 70.01 — 73.13 — 66.71
2020- 30.61 — 69.59 — 62.29
2021- 62.88 — 90.58 — 80.97
ഈ പട്ടിക സ്വയം സംസാരിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞ് വന്നപ്പോള്‍ ഇന്ത്യയിലെ ഇന്ധന വില റോക്കറ്റ് പോലെ കുതിച്ചു. 2014-ല്‍ 50 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കി വോട്ടു നേടിയ മോദിയുടെ സര്‍ക്കാര് ഇന്ധനവിലയുടെ നേട്ടം ഇത്രയും വര്‍ഷം കൊയ്‌തെടുക്കുകയും ജനത്തെ പിഴിയുകയുമായിരുന്നു എന്ന് മനസ്സിലാക്കാന്‍ വേറെ കണക്കിന്റെ ആവശ്യമില്ല.
ഇനി നികുതിയുടെ കാര്യം. അവിടെയും മോദി കള്ളമാണ് പറയുന്നത്. അദ്ദേഹം അധികാരത്തിലേറുമ്പോള്‍ പെട്രോളിന്റെ നികുതി 34 ശതമാനം ആയിരുന്നു, ഡീസലിന്റെത് 22 ശതമാനവും. എന്നാല്‍ തുടര്‍ച്ചയായി എട്ടുവര്‍ഷം ഭരിക്കുമ്പോള്‍ പെട്രോളിന്റെ നികുതി 64 ശതമാനവും ഡീസലിന്റെത് 58 ശതമാനവും ആണ്. അതായത് ഏകദേശം ഇരട്ടിയോളം അധികം. ഇതിന് ഉത്തരവാദി മന്‍മോഹന്‍ സിങാണെന്ന് വെറുതെ കള്ളം പറഞ്ഞതുകൊണ്ട് കാര്യമുണ്ടോ.
നികുതിയുടെ ഒരു താരതമ്യം കൂടി നോക്കാം..
പെട്രോള്‍
2014-ല്‍ അടിസ്ഥാന വില -47.13, 2021-ല്‍ 32.10
2014-ല്‍ കേന്ദ്ര നികുതി– 10.38 , 2021-ല്‍ 32.90
2014-ല്‍ കടത്തു ചെലവ്–2.00 2021-ല്‍ 3.68
2014-ല്‍ സംസ്ഥാന നികുതി- 11.90, 2021-ല്‍ 20.61
ഡീസല്‍
2014-ല്‍ അടിസ്ഥാനവില — 44.45, 2021-ല്‍ 33.71
2014-ല്‍ കേന്ദ്ര നികുതി — 4.52, 2021-ല്‍ 31.80
2014-ല്‍ സംസ്ഥാന നികുതി — 6.55, 2021-ല്‍ 11.68
ഈ താരതമ്യം കാണിച്ചു തരുന്ന പ്രധാനമായ ഒരു വസ്തുത ഉണ്ട്. എട്ടു വര്‍ഷം മുമ്പ് പെട്രോളിന് അടിസ്ഥാനവില 47 രൂപ ഉണ്ടായിരുന്ന സമയത്ത് കേന്ദ്ര നികുതി 10 രൂപ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അടിസ്ഥാന വില വെറും 32 രൂപയായി കുറഞ്ഞു നില്‍ക്കുന്ന സമയത്ത് നികുതിയായി കേന്ദ്രം ഈടാക്കുന്നത്. 33 രൂപയാണ്. അതായത് വില കുറയുമ്പോഴും നികുതി മൂന്നിരട്ടിയിലേറെയാണ് കൂട്ടിയത്.
ഡീസലിന്റെ കാര്യം എടുത്താല്‍ 44.45 രൂപ അടിസ്ഥാന വില ഉണ്ടായിരുന്ന 2014-ല്‍ കേന്ദ്രം ഈടാക്കായ നികുതി നാല് രൂപ 52 പൈസയായിരുന്നുവെങ്കില്‍ വില 33.71 രൂപയായി കുറഞ്ഞ സമയത്തെ നികുതി ആറിരട്ടി അധികമാണ് !! ഇത് മറച്ചുവെച്ചാണ് മോദി സംസാരിക്കുന്നതും ബി.ജെ.പി. നേതാക്കള്‍ സംസ്ഥാന നികുതി സംസ്ഥാനങ്ങള്‍ കുറയ്ക്കട്ടെ എന്ന് ആവശ്യപ്പെടുന്നതും.
അന്താരാഷ്ട്ര വിപണിയില് ഓയില്‍ വില പകുതിയായി കുറയുകയും അതേസമയം ഇന്ത്യയില്‍ എല്ലാ വര്‍ഷവും നികുതി കൂട്ടിക്കൂട്ടി മൂന്നിരട്ടിയിലേറെയാക്കുകയും ചെയ്തതോടെ മോദി സര്‍ക്കാരിന് ഇരട്ടി നേട്ടമാണ്. അതേസമയം ജനങ്ങള്‍ക്ക് ഇരട്ടി പ്രഹരവുമാണ് കേന്ദ്രസര്‍ക്കാര്‍ സമ്മാനിച്ചിട്ടുള്ളത് എന്നതാണ് വസ്തുതകള് വെളിപ്പെടുത്തുന്നത്.
വരുമാനക്കണക്ക് ഒറ്റനോട്ടത്തില്‍ പറയാം. പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച്(PPAC) 2013-14 കാലത്ത് എക്‌സൈസ് ഡ്യൂട്ടി ഇനത്തില് കേന്ദ്രസര്ക്കാരിന് കിട്ടിയ വരുമാനം 77,982 കോടി രൂപയാണെങ്കില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നിരട്ടിയോളം വര്‍ധിച്ച് 2.23 ലക്ഷം കോടി രൂപയിലെത്തി നില്ക്കുന്നു. 2020-21 വര്‍ഷത്തിന്റെ ആദ്യ പാതി വര്‍ഷത്തില്‍ മാത്രം 1.31 ലക്ഷം കോടി രൂപ മോദി സര്‍ക്കാര്‍ നേടിക്കഴിഞ്ഞു. ്അനുബന്ധ നികുതികളെല്ലാം ചേര്‍ത്താല്‍ ഇത് 1.53 ലക്ഷം കോടി വരും.
സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്.( താരതമ്യ ചാര്‍ട്ട് നോക്കുക.)എന്നാല്‍ അത് താരതമ്യേന വളരെ ചെറുതാണ്. മാത്രമല്ല, ക്രൂഡ് ഓയിലിന്റെ വിലക്കുറവ് വഴിയുള്ള ഇരട്ട നേട്ടം കേന്ദ്രസര്‍ക്കാരിനാണ്. നികുതി മൂന്നിരട്ടി കൂട്ടിയതിന്റെ വരുമാനത്തിന്റെ മുക്കാല്‍ ഭാഗവും പോകുന്നത് കേന്ദ്രത്തിന്റെ ഖജനാവിലേക്കാണ്.
ഇവിടെ ഉയരുന്ന ചോദ്യം ഒന്നേയുള്ളൂ–ഇന്ധനവിലയുടെ കാര്യത്തില്‍ ജനത്തെ പിഴിയുന്നത് ആരാണ്. എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ കള്ളം പറഞ്ഞ് രക്ഷപ്പെടുന്നത്.