എന്‍.സി.പി. കേരളത്തില്‍ ഒരു പിളര്‍പ്പിന്റെ വക്കിലാണ് എന്നാണ് ഒടുവില്‍ കിട്ടുന്ന സൂചന. രണ്ടു വിഭാഗങ്ങള്‍–ഇടതുമുന്നണി വിടണമെന്നും വേണ്ടെന്നും ചിന്തിക്കുന്നവര്‍–പ്രത്യേകം പ്രത്യേകം പോയി ദേശീയ അധ്യക്ഷനെ കണ്ടു. പ്രശ്‌നം ദേശീയ തലത്തിലേക്ക് എത്തിച്ചതോടെ പിളര്‍പ്പിലേക്കുള്ള വഴിയിലാണ് കാര്യങ്ങള്‍ എന്നാണ് വ്യക്തമാകുന്നത്. ഇത് ഒഴിവാക്കാനാണ് ശരദ്പവാര്‍ നേരിട്ടു തന്നെ കേരളത്തിലേക്ക് വരാന്‍ തീരുമാനിച്ചത് എന്നും വ്യക്തമാണ്.
ഒരു ലോക് സഭാ സീറ്റ് കിട്ടാത്തതിന്റെ പേരില്‍ വീരേന്ദ്രകുമാറിന്റെ കൊച്ചുപാര്‍ടി ഇടതുമുന്നണി വിട്ടതിന്റെ അനന്തര അനുഭവം ആണ് എന്‍.സി.പി.യിലെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. യു.ഡി.എഫിലെ മുന്നണിത്തിരക്കില്‍ പുതുപ്പെണ്ണിന് കിട്ടുന്ന ആദ്യപരിഗണനയല്ലാതെ അതിലപ്പുറം എന്‍.സി.പിക്ക് എന്തു കിട്ടും എന്ന ചോദ്യം ഉണ്ട്.
യു.ഡി.എഫിനൊപ്പം പോയാലും ഉറപ്പായും ഒരു വിഭാഗം മാത്രമേ പോകൂ എന്നതാണ് സാഹചര്യം.
കാരണം ഇടതുപക്ഷമില്ലാതെ അവരുടെ സിറ്റിങ് സീറ്റുകളൊന്നും സുരക്ഷിതമല്ല. കുട്ടനാട്ടില്‍ തോമസ് ചാണ്ടിക്കു നേടാനായ വിജയം വ്യക്തിപരം കൂടിയായിരുന്നു. മന്ത്രി ശശീന്ദ്രന് വിജയിക്കാന്‍ സി.പി.എം. പിന്തുണ അനിവാര്യമാണ്. പാലായില്‍ ഒരു കലക്കുവെള്ളത്തില്‍ മീന്‍പിടിച്ച് രക്ഷപ്പെട്ട മാണി സി. കാപ്പന്റെ സ്ഥിരം സീറ്റാണെങ്കിലും അത് ഒരു തരത്തിലും സുരക്ഷിതമായ സീറ്റല്ല. ഇത്തരത്തില്‍ സുരക്ഷിതമല്ലാത്ത സീറ്റില്‍ നിര്‍ബന്ധം പിടിച്ച് ജനതാദളിനെപ്പോലെ ഒരു നേരത്തെ വികാരത്തിന് ഇടതുമുന്നണി വിട്ടു പോകുന്നത് രാഷ്ട്രീയമായ അബദ്ധമായിരിക്കും എന്ന കാര്യമാണ് ചര്‍ച്ചയാകുന്നത്. ജനതാദളിന് ആദ്യഘട്ടത്തിലെ മധുവിധു കഴിഞ്ഞ ശേഷം തികഞ്ഞ അവഗണനയായിരുന്നു യു.ഡി.എഫില്‍. പിന്നീട് ഒരു ഡിമാന്റുമില്ലാതെ തിരിച്ച് അവര്‍ക്ക് വാലും ചുരുട്ടി ഇടതുപക്ഷത്തേക്കു തന്നെ വരേണ്ടിവന്നു.
മുന്നണിയിലെ സി.പി.ഐ.പോലുള്ള വലിയ കക്ഷികള്‍ തന്നെ ജോസ് കെ.മാണിക്കു വേണ്ടി ചില വിട്ടുവീഴ്ചകളും മണ്ഡല വെച്ചുമാറ്റങ്ങളും നടത്താന്‍ സമ്മതിക്കുമ്പോള്‍ ഒട്ടും സുരക്ഷിതമല്ലാത്ത ഒരു പാലാ സീറ്റിന്റെ പേരില്‍ ഇത്രയും വൈകാരികമായ തീരുമാനവും അതിന്റെ പേരില്‍ പാര്‍ടിയിലെ പിളര്‍പ്പും ഉണ്ടാക്കണമോ എന്ന ചോദ്യം എന്‍.സി.പി.ക്കാരിലുണ്ട്. മണ്ഡലമാറ്റം അഭിമാന പ്രശ്‌നമായി എടുക്കേണ്ടതുണ്ടോ എന്നതാണ് പ്രശ്‌നം. കൂടുതല്‍ സുരക്ഷിതമായ മണ്ഡലത്തിനായി വാദിച്ചു നേടുകയല്ലേ രാഷ്ട്രീയമായ പക്വത എന്ന ചോദ്യവും ഉയരുന്നു. മാണി സി.കാപ്പന്‍ മുതിര്‍ന്ന നേതാവാണെങ്കിലും പാര്‍ടിയില്‍ അനിഷേധ്യനൊന്നും അല്ല. അതു കൊണ്ടുതന്നെ കാപ്പന്റെ വികാരത്തിനൊപ്പം മുഴുവന്‍ എന്‍.സി.പിയും നില്‍ക്കണമെന്നുമില്ല. പ്രത്യേകിച്ച് മലബാറിലെ നേതാക്കളുടെ മനസ്സ് ഇടതുപക്ഷത്തിനൊപ്പമാണ്. ടി.പി. പീതാംബരന്‍ മാസ്റ്റര്‍ നേരത്തെയും യു.ഡി.എഫ്. പക്ഷപാതിത്വം കാണിച്ചിട്ടുണ്ടെന്ന് അവര്‍ കുറ്റപ്പെടുത്തുന്നുമുണ്ട്.
ജോസ് കെ.മാണിയെ ഒരു കാരണവശാലും നീരസപ്പെടുത്തി കാപ്പന്റെ ഡിമാന്‍ഡിനൊപ്പം നില്‍ക്കാന്‍ സി.പി.എം. തയ്യാറാവില്ല എന്നുറപ്പാണ്. കാരണം ജോസ് കെ.മാണിയെ നന്നായി പരിഗണിക്കുന്നതിലൂടെ ക്രൈസ്തവസമൂഹ മനസ്സില്‍ സുഖകരമായ ഒരു ഇടം കണ്ടെത്താനാണ് സി.പി.എം. രാഷ്ട്രീയമായി ശ്രമിക്കുന്നത്–ഏറ്റവും കുറഞ്ഞത് കോട്ടയം, ഇടുക്കി ജില്ലകളിലെങ്കിലും.
യു.ഡി.എഫില്‍ പോകണമെന്ന പക്ഷക്കാര്‍ ഉന്നയിക്കുന്ന ചില വാദങ്ങളും ചര്‍ച്ചയാകുന്നുണ്ട്. എന്‍.സി.പി. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ്. മഹാരാഷ്ട്രയില്‍ ഒരു മുന്നണിയില്‍ ഭരണത്തിലുമുണ്ട്. യു.പി.എ.യുടെ അധ്യക്ഷനായി ശരദ്പവാറിനെ പരിഗണിക്കണമെന്ന ഒരു ചര്‍ച്ചയും മഹാരാഷ്ട്രയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അതിനാല്‍ പാര്‍ടിക്ക് കേരളത്തിലും കോണ്‍ഗ്രസ് ബാന്ധവം ഉണ്ടാകുന്നത് രാഷ്ട്രീയമായി ഇമേജ് നഷ്ടം ഉണ്ടാക്കില്ല.
പാര്‍ടിക്ക് നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന സീറ്റില്‍ നിന്നും ഒഴിവാക്കുക എന്നത് മുന്നണി മര്യാദയ്ക്ക് നിരക്കുന്നതല്ല. ജോസ് കെ.മാണിക്കു വേണ്ടി സീറ്റ് ഒഴിയാന്‍ ആവശ്യപ്പെടുന്നത് നീതിയല്ല. മാണി കേരള കോണ്‍ഗ്രസ് പോയതിനാല്‍ യു.ഡി.എഫില്‍ കുറേ സീറ്റുകള്‍ ഒഴിവുവരുന്നതിനാല്‍ എന്‍.സി.പിക്ക് മാന്യമായ പരിഗണന കിട്ടുമെന്നുറപ്പാണ്.
ഒരു കാര്യം ഉറപ്പാണ്. ശരദ്പവാര്‍ വരുന്നത് പിളര്‍പ്പ് ഒഴിവാക്കാനാണ്. രണ്ടുകാര്യം സംഭവിക്കാം.–ഒന്നുകില്‍ എന്‍.സി.പി. ഇടതുമുന്നണി വിട്ടുപോകില്ല. അല്ലെങ്കില്‍ പിളര്‍ന്ന വിഭാഗം മാത്രമേ പോകാനുണ്ടാവൂ.