Categories
kerala

ജാഗ്രതയില്ലാതെ നടപടികള്‍…ഇടതുമുന്നണി സ്വയം സമ്മര്‍ദ്ദത്തിലാകുന്നുവോ?

തിരഞ്ഞെടുപ്പു കാലത്ത് ഇത്രയും ജാഗ്രതയില്ലാതെ നടപടികളെടുത്ത് സ്വയം സമ്മര്‍ദ്ദത്തിലാകുന്ന രാഷ്ട്രീയപാര്‍ടികള്‍ സിപിഎമ്മല്ലാതെ കേരളത്തില്‍ വേറെ ആരുണ്ടാകും എന്ന ചര്‍ച്ച സജീവമായിരിക്കയാണ് സമീപദിനങ്ങളില്‍. തിരഞ്ഞെടുപ്പു ബോണ്ട്, പൗരത്വനിയമഭേദഗതി തുടങ്ങിയവ ഉപയോഗിച്ച് ബിജെപിക്കെതിരെയും കേരളത്തിലെ ബിജെപി-കോണ്‍ഗ്രസ് അദൃശ്യബന്ധം ആരോപിച്ച് കോണ്‍ഗ്രസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനായി തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രങ്ങള്‍ക്കു രൂപം നല്‍കി മുന്നോട്ടു നീങ്ങിയ ഇടതുമുന്നണി അതിന്റെ ആദ്യ ഘട്ട പ്രചാരണത്തില്‍ അത് വളരെ ആസൂത്രിതമായി നടപ്പാക്കി. പക്ഷേ ഒന്നിന് പിറകെ ഒന്നായി പിന്നീട് ഉണ്ടായ ജാഗ്രതക്കുറവുകള്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന അവസ്ഥയാണ് തിരഞ്ഞെടുപ്പു പ്രചാരണം മുറുകുന്ന ഘട്ടത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

കരുവന്നൂര്‍ ബാങ്ക് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ആസൂത്രിതമായി സംഭവിക്കാമെന്ന കണക്കു കൂട്ടല്‍ ഇടതുമുന്നണിക്ക് ഉണ്ടായില്ലെന്ന് സംശയിക്കാവുന്ന നിലപാടുകളാണ് കഴിഞ്ഞയാഴ്ച സിപിഎമ്മിന്റെ ഭാഗത്തു കണ്ടത്. കെജ്രിവാളിനെ ഇ.ഡി.അറസ്റ്റു ചെയ്ത ഘട്ടത്തില്‍ പോലും കേരളത്തില്‍ ഇ.ഡി. ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി ബിജെപിയുടെ ഇലക്ഷന്‍ പ്രചാരണത്തിന് സഹായം നല്‍കിയേക്കുമെന്ന് നേരത്തെ മണത്തറിഞ്ഞ് മറുപ്രചാരണം മുന്‍കൂറായി ശക്തമാക്കാന്‍ ഇടതു മുന്നണിക്ക് സാധിച്ചില്ല. ഒരു ദിവസം പെട്ടെന്ന് ഇഡി സിപിഎം നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യുകയും കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തതോടെ വലിയ വാര്‍ത്താ പ്രളയമാണ് സിപിഎമ്മിനെതിരെ സംഭവിച്ചത്. ഇതെല്ലാം മുതലാക്കിയിരിക്കുന്നത് കോണ്‍ഗ്രസും ബിജെപിയുമാണ് എന്നതാണ് വസ്തുത. സിപിഎം ആക്രമണം വിട്ട് പ്രതിരോധത്തിലേക്ക് മാറേണ്ടി വന്നു എന്നതാണ് കഴിഞ്ഞയാഴ്ച മുതലുണ്ടായിട്ടുള്ള പ്രത്യേകത.

thepoliticaleditor

രണ്ടാമതുണ്ടായ ഒരു എതിര്‍പ്രചാരണത്തിന് സര്‍ക്കാരിന്റെ സ്വയം കൃതാനര്‍ഥം കാരണമായി എന്നേ പറയാനാവൂ. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവുമായി എത്തിയ കോഴിക്കോട്ടെ ഒരു നഴ്‌സിങ് ഓഫീസറെ ജോലിയില്‍ പ്രവേശിപ്പിക്കാതെ ഇരിക്കേണ്ട് യാതൊരു കാര്യവും ഈ തിരഞ്ഞെടുപ്പു കാലത്ത് ഉണ്ടായിരുന്നില്ല. കുപ്രസിദ്ധമായ ഐ.സി.യു. പീഡന സംഭവത്തിലെ ഇരയ്ക്ക് സഹായകമായ നിലപാട് എടുത്തതിനാണ് അനിത എന്ന ഉദ്യോഗസ്ഥ സര്‍ക്കാരിന്റെ പീഢനം നേരിടുന്നത് എന്ന പ്രചാരണം ശക്തമാകാനും അത് യു.ഡി.എഫിനും ബിജെപിക്കും രാഷ്ട്രീയ പ്രചാരണ ആയുധമാകാനും ഇട നല്‍കിയത് ആരോഗ്യവകുപ്പിന്റെയും ഭരണാധികാരികളുടെയും പാര്‍ടി നേതൃത്വത്തിന്റെയും അനാവശ്യമായ കടുംപിടുത്തം കൊണ്ടു മാത്രമാണ്. വലിയ അവമതിപ്പാണ് ഈ സംഭവം ഉണ്ടാക്കിയത്. അനിത കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കിയതോടെ സര്‍ക്കാരിന് കൂടുതല്‍ മാനനഷ്ടം ഉണ്ടാകാതെ തലയൂരേണ്ടി വന്നു.

ഇതിനു തൊട്ടു പിറകെ ഉണ്ടായ വിഷയമാണ് കണ്ണൂര്‍ പാനൂരിലെ ബോംബ് സ്‌ഫോടനവും അതുമായി ബന്ധപ്പെട്ടുയരുന്ന വിവാദവും. തിരഞ്ഞെടുപ്പു കാലത്ത് ബോംബ് നിര്‍മാണം എന്ന ആരോപണം സംസ്ഥാന വ്യാപകമായി ഉയര്‍ത്തി യു.ഡി.എഫും ബിജെപിയും ഈ സംഭവത്തെ തിരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ വലിയ വിഷയമായി എടുത്തു കാട്ടി. പാനൂര്‍ ഉള്‍പ്പെടുന്ന വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി പാനൂരില്‍ സമാധാന യാത്ര നടത്തുക പോലും ചെയ്തു.

ബോംബ് നിര്‍മാണത്തിനിടയില്‍ കൊല്ലപ്പെട്ടതും ബോംബ് നിര്‍മ്മിച്ചു കൊണ്ടിരുന്നവരും സിപിഎം പ്രവര്‍ത്തകരാണെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇക്കാര്യം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നിഷേധിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിലും മരിച്ചയാളുടെ ശവസംസ്‌കാരച്ചടങ്ങില്‍ സിപിഎം നേതാക്കള്‍ സംബന്ധിച്ചത് സാഹചര്യം കൂടുതല്‍ വിവാദത്തിലേക്കാണ് നയിച്ചത്. ശവസംസ്‌കാരച്ചടങ്ങില്‍ നേതാക്കള്‍ പങ്കെടുക്കുന്നത് ഒഴിവാക്കാമായിരുന്നു എന്ന വികാരം പാര്‍ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കുണ്ട്.

ബോംബ് നിര്‍മാണത്തെക്കുറിച്ച് സംസ്ഥാന ഇന്റലിജന്‍സ് ഒരു മാസം മുമ്പേ മുന്നറിയിപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു എന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. ഇത് മുഖ്യമന്ത്രി നിഷേധിക്കുകയുണ്ടായി എങ്കിലും വിവാദം അവസാനിച്ചില്ല.

തിരഞ്ഞെടുപ്പു മുന്‍നിര്‍ത്തിയുള്ള ജാഗ്രത കാണിച്ചുകൊണ്ട് ചില തന്ത്രപരമായ നടപടികളായിരുന്നു വേണ്ടിയിരുന്നത് എന്ന വീണ്ടുവിചാരവും ചില പാര്‍ടി കേന്ദ്രങ്ങള്‍ പങ്കുവെക്കുന്നു. കോഴിക്കോട്ടെ നഴ്‌സിങ് ഓഫീസറുടെ പുനര്‍നിയമനവും പാനൂരിലെ ബോംബ് സ്‌ഫോടനവും പ്രതിപക്ഷം സംസ്ഥാന വ്യാപകമായി പ്രചാരണത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കയാണ്. ഇതിന്റെ പ്രതിരോധം ഇടതുപക്ഷത്തിന് നല്ല സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ടെന്ന് നേതാക്കളുടെ ചില ക്ഷോഭ പ്രതികരണങ്ങളില്‍ പ്രകടമാകുന്നു.

ഇടതുമുന്നണിയില്‍ താരപ്രചാരകരുടെ എണ്ണം മുന്‍പത്തെ അപേക്ഷിച്ച് കുറവാണ്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ വി.എസ്, കോടിയേരി, കാനം രാജേന്ദ്രന്‍ തുടങ്ങിയ “ക്രൗഡ് പുള്ളര്‍”മാരുടെ നിര അണികളെ ആവേശം കൊള്ളിച്ചിരുന്നു. ഇത്തവണയാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രധാന ആകര്‍ഷണകേന്ദ്രം. മറ്റു പ്രധാന ആള്‍ക്കൂട്ട ആകര്‍ഷക വ്യക്തിത്വങ്ങളായ കെ.കെ.ശൈലജ, എ. വിജയരാഘവന്‍, തോമസ് ഐസക് തുടങ്ങിയ മുതിര്‍ന്ന സിപിഎം നേതാക്കള്‍ സ്ഥാനാര്‍ഥികളായത് അവര്‍ അവരുടെ മണ്ഡലങ്ങളില്‍ തളച്ചിടാന്‍ കാരണമായിട്ടുണ്ട്.

ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍ തുടങ്ങിയ പാര്‍ടി കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍ വലിയ പ്രസംഗവേദികളില്‍ സജീവമായി വന്നിട്ടില്ല. നേരത്തെ അവരുടെ പ്രസംഗങ്ങള്‍ വലിയ വിവാദത്തിനും വിമര്‍ശനത്തിനും ഇടയാക്കിയിരുന്നതിനാല്‍ വളരെ കരുതലോടെ മാത്രമേ പൊതു ഇടങ്ങളിൽ സംസാരിക്കുന്നുള്ളൂ. എന്നതിനാല്‍ സജീവ സാന്നിധ്യം അനുഭവപ്പെടുന്നുമില്ല.

പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയാണ് സജീവമായി രംഗത്തുളള ഒരു നേതാവ്. കേരളീയരല്ലാത്ത അഖിലേന്ത്യാ നേതാക്കള്‍ വേദിയിലെത്തിത്തുടങ്ങുന്നേയുള്ളൂ.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick