Categories
opinion

അഭയ കൊല്ലപ്പെട്ടത് എന്തു കൊണ്ട്..?

വികാരിക്ക് മൃദുലവികാരങ്ങള്‍ പാടില്ല എന്ന ചട്ടം ഉണ്ടാക്കിയത് ആരാണ് അവരെയാണ് ജീവപര്യന്തത്തിന് വിടേണ്ടത്

Spread the love

സിസ്റ്റര്‍ അഭയക്ക് 28 വര്‍ഷം വൈകിയിട്ടായാലും നീതി കിട്ടി എന്ന് ഇന്നലെ മുതല്‍ എല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നു. കൊല്ലപ്പെട്ട വ്യക്തിക്ക് നീതി കിട്ടിയെന്ന തമാശ അവിടെ നില്‍ക്കട്ടെ. അഭയ കൊല്ലപ്പെട്ടതെന്തിന് എന്ന ചോദ്യം ഉറക്കെ ആരും ചോദിക്കുന്നതായി കേള്‍ക്കുന്നില്ല. അഭയയുടെ കൊലപാതകത്തിനുത്തരവാദി കത്തോലിക്കാ സഭയാണ്–തോമസ് കോട്ടൂരോ സെഫിയോ അല്ല തന്നെ. ലൈംഗികത നിഷേധിക്കുന്ന മത ചട്ടങ്ങളാണ് അഭയയുടെ ജീവനെടുത്തത്.വികാരിക്ക് മൃദുലവികാരങ്ങള്‍ പാടില്ല എന്ന ചട്ടം ഉണ്ടാക്കിയത് ആരാണ് അവരെയാണ് ജീവപര്യന്തത്തിന് വിടേണ്ടത്. തോമസ് കോട്ടൂരും സെഫിയും ഏര്‍പ്പെട്ട ലൈംഗികബന്ധം മനുഷ്യസഹജമായ… എന്നല്ല ദൈവീകമായ ദൈവങ്ങള്‍ പോലും ഒഴിഞ്ഞു നിന്നിട്ടില്ലാത്ത ഒരു അനുഭവമാണ്. അവര്‍ തമ്മില്‍ സെക്‌സ് ചെയ്യുന്നത് അഭയക്ക് കാണേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് അവര്‍ സെക്‌സ് ഒളിച്ചു ചെയ്യേണ്ടിവന്നതു കൊണ്ടാണ്. അവരുടെ ലൈംഗീക ആഗ്രഹത്തിന് മതചട്ടങ്ങള്‍ അനുവദിക്കുന്നില്ല. എന്നാല്‍ അവര്‍ അതീവമായി അതാഗ്രഹിക്കുകയും ചെയ്യുന്നു. പിന്നെ ചെയ്യാവുന്നത് എന്താണോ അവര്‍ അത് ചെയ്തു. സഭയുടെ മുന്നില്‍ അത് വലിയ കുറ്റമാണ്. ഈ കുറ്റം കണ്ടുപിടിക്കപ്പെടും എന്ന വ്യാകുലത ഇല്ലായിരുന്നു എങ്കില്‍ അവര്‍ അഭയയെ കൊല്ലുമായിരുന്നുവോ….
ലൈംഗീകത പുരോഹിതര്‍ക്ക് പാപമാണോ… പരസ്പരം ഇഷ്ടത്തോടെയായിട്ടും അത് പള്ളി വക കെട്ടിടത്തില്‍ ഇരുട്ടത്ത് ഒളിച്ചു ചെയ്യേണ്ട ഗതികേടിലേക്ക് ഒരു സഭയിലെ അംഗങ്ങളെ എത്തിച്ചതിന്റെ പരിണിതഫലമാണ് സഭാവസ്ത്രമണിഞ്ഞവര്‍ ഇത്തരത്തില്‍ ചെയ്തു കൂട്ടുന്ന ഒട്ടേറെ ലൈംഗികവും അത് ഗോപ്യമാക്കി നിര്‍ത്താനുള്ള ശ്രമത്തിനിടയിലും ഉള്ള കുറ്റകൃത്യങ്ങള്‍.
ക്രിസ്തുവിന്റെ പുരോഹിത വര്‍ഗങ്ങളില്‍ പല സഭകളിലുള്ളവര്‍ക്കും ലൈംഗിക ജീവിതവും ഭാര്യയും മക്കളുമായുള്ള കുടുംബ ജീവിതവും അനുവദനീയമാണ് എന്ന പരമസത്യം നിലനില്‍ക്കുന്നു. ഇവരുടെ കുഞ്ഞാടുകള്‍ക്ക് അതു കൊണ്ടു ദൈവസാന്നിധ്യം കിട്ടാതിരിക്കുന്നുണ്ടോ…ഈ പുരോഹിതരുടെ ആത്മീയത കുറഞ്ഞുപോയിട്ടുണ്ടോ…ക്രിസ്തുദേവന്‍ അവരെ തിരസ്‌കരിച്ചിട്ടുണ്ടോ.. പിന്നെ കത്തോലിക്കാസഭയില്‍ മാത്രമെന്ത്…പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ, അതിക്രമിച്ച് കന്യാസ്ത്രീകളെയും അല്ലാത്തവരെയും, പരസ്പരം ഇഷ്ടപ്പെട്ടിട്ടെങ്കില്‍ തന്നെയും ഒളിസേവയിലൂടെ….ഇങ്ങനെയൊക്കെയായി പലതരം കുറ്റകൃത്യത്തിലേക്ക് വഴുതിവീഴുന്ന ഇടയന്‍മാരെ ന്യായീകരിക്കേണ്ട ദുരന്തത്തിലേക്ക് വിശ്വാസികളെ തള്ളിവിടുന്ന കത്തോലിക്കാ സഭാചട്ടനിര്‍മ്മാതാക്കളെയും അത് മാറ്റാതെ ഒളിസേവയ്ക്ക് ധാരാളം കുട പിടിക്കുന്ന സഭാമേലധ്യക്ഷന്‍മാരെയും ആദ്യം ജീവപര്യന്തത്തിന് വിടുക…എന്നിട്ടാവാം അഭയക്ക് നീതി കിട്ടി എന്ന് പ്രകീര്‍ത്തിക്കാന്‍.

–സി.നാരായണന്‍

thepoliticaleditor
Spread the love
English Summary: Actually the Catholic Church Top Heads are responsible for Sister Abhaya's murder. Because they are the makers of unnatural moral rules for the priests and nuns.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick