കോണ്‍ഗ്രസ് വിമതനായി ജയിച്ച എം.കെ. വര്‍ഗീസ് ഇടതുമുന്നണിയുടെ പിന്തുണയോടെ തൃശ്ശൂര്‍ മേയറാവും എന്ന് സൂചന. തൃശ്ശൂര്‍ കോര്‍പറേഷന്‍ ഭരണം പിടിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. രണ്ടു വര്‍ഷത്തേക്ക് വര്‍ഗീസിനെ മേയറാക്കാം എന്നാണ് ധാരണയെന്നു പറയുന്നു. നിലവില്‍ 24 സീററുള്ള ഇടതുപക്ഷത്തിന് വര്‍ഗീസിന്റെ പിന്തുണ കൂടിയുണ്ടെങ്കില്‍ ഭരണം നിയന്ത്രിക്കാനാവും.
55 വാര്‍ഡുകളുളള തൃശൂര്‍ കോര്‍പറേഷനില്‍ 54 ഇടത്താണ് തിരഞ്ഞെടുപ്പ് നടന്നത്. 24 വാര്‍ഡില്‍ ഇടതുമുന്നണിയും 23 വാര്‍ഡില്‍ ഐക്യ ജനാധിപത്യമുന്നണിയും ആറ് സീറ്റില്‍ എന്‍.ഡി.എ.യും ആണ് ജയിച്ചത്. കോണ്‍ഗ്രസ് വിമതനായി 16-ാം വാര്‍ഡില്‍ മല്‍സരിച്ച എം.കെ. വര്‍ഗീസ് ആണ് ഇപ്പോള്‍ ഇടതുമുന്നണിയുടെ ഭാഗത്തേക്ക് ചാഞ്ഞു നില്‍ക്കുന്നത്.
പുല്ലഴി വാര്‍ഡില്‍ സ്ഥാനാര്‍ഥി മരിച്ചതിനാല്‍ തിരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കയാണ്. ഇവിടെ തിരഞ്ഞെടുപ്പു നടക്കുകയും ഫലം യു.ഡി.എഫിന് അനുകൂലമാവുകയും ചെയ്താല്‍ വീണ്ടും പ്രതിസന്ധിയുണ്ടാവും. ഈ സമയം കോണ്‍ഗ്രസ് വിമതന്‍ ചേരി മാറുകയും ചെയ്താല്‍ ഭരണം തിരിച്ച് യു.ഡി.എഫിന് കിട്ടുന്ന അവസ്ഥ ഉണ്ടാകും.
2015-ലും തൃശ്ശൂര്‍ കോര്‍പറേഷന്‍ ഇടതുമുന്നണി ഭരിച്ചത് വേണ്ടത്ര ഭൂരിപക്ഷം ഇല്ലാതെയായിരുന്നു. അന്ന് ഇടതുപക്ഷം 25 സീ്റ്റില്‍ ജയിച്ചിരുന്നു. യു.ഡി.എഫിന് 22 സീറ്റാണ് കിട്ടിയിരുന്നത്. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഇടതുമുന്നണി ഭരണം നടത്തിയിരുന്നത്.