തമിഴകവും രാജ്യം ആകെയും രജനീകാന്തിന്റെ പുതിയ പാര്‍ടി പ്രഖ്യാപനത്തെ കാത്തിരിക്കുമ്പോള്‍ രജനീകാന്ത് കഴിഞ്ഞ നവംബര്‍ മുപ്പതിന് തന്റെ ഫാന്‍സ് അസോസിയേഷനായ രജനീ മക്കള്‍ മന്റം യോഗത്തില്‍ പ്രകടിപ്പിച്ച ആശങ്കള്‍ യാഥാര്‍ഥ്യമാകുകയാണോ….
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കാരണം രജനീകാന്തിനെ വെള്ളിയാഴ്ച രാവിലെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. രക്ത സമ്മര്‍ദ്ദം ഏറിയും കുറഞ്ഞു കൊണ്ടുമിരിക്കയാണ്. പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചരിക്കുന്നത്. രജനിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്നത് മാത്രമാണ് അല്‍പം ആശ്വാസം.
അണ്ണാത്തെ എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് രജനികാന്തിന്റെ ആരോഗ്യനില അപകടകരമായത്. ഡിസംബര്‍ 14-നാണ് ഷൂട്ടിങ് തുടങ്ങിയത്. 45 ദിവസത്തെ ഷെഡ്യൂള്‍ ആയിരുന്നു. 2021 ഏപ്രിലില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിനിമ ആണിത്. കീര്‍ത്തിസുരേഷ്, മീന,ഖുഷ്ബു, പ്രകാശ് രാജ്, ജാക്കിഷ്‌റോഫ് തുടങ്ങിയ പ്രമുഖര്‍ അഭിനയിക്കുന്ന സിനിമയിലെ നായകനാണ് രജനീകാന്ത്.
അണ്ണാത്തെ-യുടെ റിലീസിനു മുന്‍പെ രജനിയുടെ രാഷ്ട്രീയ പാര്‍ടി പ്രഖ്യാപനം കാത്തിരിക്കുന്ന ഘട്ടത്തിലാണ് താരരാജാവിന്റെ ആരോഗ്യനില വഷളായ സംഭവം. രജനി ഇത് മുന്‍കൂട്ടി കണ്ടിരുന്നതാണ്. അടുത്ത വര്‍ഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ടി മല്‍സരിക്കുമെന്ന് രജനി പ്രഖ്യാപിച്ചത് ഡിസംബര്‍ മൂന്നിന് ആയിരുന്നു. പാര്‍ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ജനവരിയില്‍ നടത്തുമെന്നും രജനി അന്ന് അറിയിച്ചിരുന്നു.
പാര്‍ടി രൂപീകരണം രജനി വര്‍ഷങ്ങളായി നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ആരോഗ്യത്തിലുള്ള ഉല്‍കണ്ഠ തന്നെയായിരുന്നു ഒരു കാരണം. ഡോക്ടര്‍മാര്‍ രജനിയെ ശക്തിയായി വിലക്കിയിരുന്നു. ഒടുവില്‍ ആരാധകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നവംബര്‍ 30-ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രജനി തന്റെ ആരോഗ്യനില മോശമാണെന്നും പുതിയ പാര്‍ടിയുമായി ഇറങ്ങിയാല്‍ തനിക്ക് ഒരു പക്ഷേ വലിയ അപകടസാധ്യതയുണ്ടെന്നുമുള്ള ആശങ്ക ശക്തിയായി അവതരിപ്പിക്കുകയുണ്ടായി.
രജനിക്ക് ഇപ്പോള്‍ വയസ്സ് 70. നേരത്തെ കിഡ്‌നി മാറ്റിവെക്കലിന് വിധേയനായിട്ടുണ്ട്. പുതിയ രാഷ്ട്രീയപാര്‍ടി രൂപീകരിച്ച് തമിഴ് നാട്ടിലെ 234 സീറ്റിലും മല്‍സരിക്കാന്‍ ഒരുങ്ങുമ്പോള്‍ നേതാവിന് കഠിനമായി അധ്വാനിക്കേണ്ടിവരും. തന്റെ ആരോഗ്യം ഇതിന് അനുവദിക്കില്ല എന്ന ആശങ്ക രജനി യോഗത്തില്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ഒടുവില്‍ അത് മറികടന്നുള്ള തീരുമാനമാണ് സ്‌റ്റൈല്‍ മന്നന് സ്വീകരിക്കേണ്ടിവന്നതെന്നു മാത്രം.
രജനിയുടെ ഉല്‍കണ്ഠ യാഥാര്‍ഥ്യമായിരിക്കയാണെന്ന തോന്നലാണ് അദ്ദേഹത്തിന്റെ ഇപ്പൊഴത്തെ ആരോഗ്യാവസ്ഥ സംജാതമാക്കുന്നത്. ഒരു പുതിയ പാര്‍ടിയെ അധികാരത്തിലേക്ക് നയിക്കാന്‍ തന്റെ മോശം ആരോഗ്യനില രജനിയെ അനുവദിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.