പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുടെ പ്രചാരണാര്‍ഥം റോഡ്‌ഷോ നടത്താന്‍ പറന്നെത്തുമ്പോള്‍ അതിനു പിന്നില്‍ വ്യക്തമായൊരു കണക്കു കൂട്ടലും ഭാവനയും ഉണ്ടെന്ന് കരുതിയില്ലെങ്കില്‍ അത് ബിജെപിയുടെ വോട്ടുബലതന്ത്രബുദ്ധിയെ കുറച്ചു കാണലാവും.
കേരളത്തില്‍ ബിജെപിക്ക് അപ്രതീക്ഷിതമായ വിജയപ്രതീക്ഷയില്‍ തൃശ്ശൂരിനേക്കാളും മുന്നിലാണ് പാലക്കാട് എന്നാണ് അവര്‍ കണക്കു കൂട്ടുന്നത്. പാലക്കാട് നഗരസഭ രണ്ടു തവണ കൈയ്യിലൊതുക്കിയ ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ സി.കൃഷ്ണകുമാര്‍ ആണ് പാലക്കാട് ലോക്‌സഭാ സ്ഥാനര്‍ഥി. ‘പ്രതീക്ഷയാണ് സി.കെ.’ എന്നാണ് തിരഞ്ഞെടുപ്പ് പോസ്റ്ററിലെ ക്യാപ്ഷന്‍ തന്നെ.
ഇനി കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന കാര്യം, പാലക്കാട്ട് ബിജെപി തുടര്‍ച്ചയായി വോട്ട് വര്‍ധിപ്പിച്ചുകൊണ്ടിരിക്കയാണ് എന്നതാണ്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സി.കൃഷ്ണകുമാര്‍ 2.18 ലക്ഷം വോട്ടുകളും 21.44 ശതമാനം വോട്ടു വിഹിതവും നേടിയെന്നത് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമായ നേട്ടമാണ്. 2014-ല്‍ കേരളത്തില്‍ പത്തു ശതമാനത്തില്‍ അധികം വോട്ടു നേടിയ നാല് മണ്ഡലങ്ങളില്‍ ഒന്ന് പാലക്കാട് ആയിരുന്നു.- കാസര്‍ഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം എന്നിവയ്ക്കു പുറമേ. ചിലയിടത്ത് 15 ശതമാനം വോട്ടുകളും കിട്ടിയിരുന്നു. അതുകൊണ്ടു തന്നെ ബിജെപിയുടെ മികച്ച നാല് മണ്ഡലങ്ങളില്‍ പാലക്കാടും പത്തനംതിട്ടയും തിരുവനന്തപുരവും ഉണ്ട്.
നരേന്ദ്രമോദി പ്രധാനമന്ത്രിയായി വന്നതിനു ശേഷം, കേരളത്തില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ആദ്യമായി പാലക്കാടായിരുന്നു ഒരു നഗരസഭാ ഭരണം ബിജെപിക്ക് ലഭിച്ചത്. അത് ഒരു ദിശാസൂചി ആയിട്ടാണ് പാര്‍ടി കണ്ടത്. അതുവരെ കോണ്‍ഗ്രസ് ഭരിച്ചിരുന്ന പാലക്കാട് മുനിസിപ്പാലിററി പിന്നീട് ബിജെപിയുടെ കയ്യിലാവുന്ന അവസ്ഥ സംജാതമായി.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും പിറകെ മൂന്നാമതെത്തിയ സി.കൃഷ്ണകുമാര്‍ 13.50 ശതമാനമായി ബിജെപിയുടെ വോട്ടു വിഹിതം വര്‍ധിപ്പിച്ചു.
2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലക്കാട്ട ബിജെപി വന്‍ വിജയമാണുണ്ടാക്കിയത്. 52 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരില്‍ 28 പേര്‍ ബിജെപിക്കാരായിരുന്നു. കഴിഞ്ഞ തവണ ഇത് 24 എണ്ണം മാത്രമായിരുന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇറക്കിയത് സര്‍വ്വദരണീയനായ ഇ.ശ്രീധരനെ ആയിരുന്നു. ‘മെട്രോമാന്‍’ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാണെന്ന ഭാവനാ പ്രചാരണം പോലും ബിജെപി നടത്തി. ആ തിരഞ്ഞെടുപ്പില്‍ ചുണ്ടിനു കപ്പിനും ഇടയിലാണ് ബിജെപിക്ക് പാലക്കാട് നഷ്ടപ്പെട്ടത്. 3,859 വോട്ടിന്റെ ഭൂരിപക്ഷമേ കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലിന് നേടാനായുള്ളൂ.
ഇതെല്ലാം കാണിക്കുന്നത് 2014 മുതല്‍ പത്ത് വര്‍ഷമായി ബിജെപി വോട്ടുതറ പാലക്കാട്ട് വളരുകയാണ് എന്നതാണ്. ശ്രദ്ധേയനായ സ്ഥാനാര്‍ഥി വരുമ്പോള്‍ അത് കൂടുതല്‍ വളരുമെന്ന പ്രതീക്ഷയാണ് ബിജെപിക്ക്. സി.കൃഷ്ണകുമാറിന്റെ ജനകീയത ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരീക്ഷിക്കാന്‍ ബിജെപി തയ്യാറായത് അതു കൊണ്ടു തന്നെയാണ്.
കേരളത്തില്‍ 20 ഇടത്തും എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍, അതില്‍ 15 ബിജെപി സ്ഥാനാര്‍ഥികള്‍ തന്നെ നില്‍ക്കുന്നുണ്ടെങ്കിലും പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍ ഇവയാണ് ബിജെപി ഏറ്റവും ഉയര്‍ന്ന പ്രതീക്ഷ വെച്ചിരിക്കുന്ന മണ്ഡലങ്ങള്‍.
അനില്‍ ആന്റണിയുടെ ഏറ്റവും ട്രോളാക്കപ്പെട്ട ഡയലോഗിലെ ‘ജയിക്കാന്‍ പോകുന്ന അഞ്ച് മണ്ഡലങ്ങളില്‍’ നാലെണ്ണം ഇവയാണ്. പ്രധാനമന്ത്രി 15 മുതല്‍ 18 വരെ ഇതില്‍ മൂന്നിടത്ത് റോഡ് ഷോ നടത്താനും പരിപാടിയുണ്ട്.