രണ്ട് വിരമിച്ച ഉന്നതോദ്യോഗസ്ഥരെ തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരായി തിരഞ്ഞെടുത്ത സംഭവം രണ്ടു തരത്തില്‍ ഇന്ത്യാ ചരിത്രത്തില്‍ ആദ്യത്തേതാണ്. കേരള കാഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാറിനെയും മറ്റൊരു വിരമിച്ച ബ്യൂറോക്രാറ്റായ സുഖ്ബീര്‍ സിങിനെയും രാഷ്ട്രപതി നിയമിച്ചത് പുതിയ ചട്ടത്തിലൂടെയായിരുന്നു.
1988-ലെ കേരള കാഡര്‍ ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ്‌കുമാര്‍ അമിത്ഷായുടെ മന്ത്രാലയത്തിലെ സെക്രട്ടറിയായിരുന്നു 2022 വരെ. 2016 മുതല്‍ 2018 വരെ ജോയിന്റ് സെക്രട്ടറിയായും 2018 മുതല്‍ 21 വരെ അഡീഷണല്‍ സെക്രട്ടറിയായും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ പ്രവര്‍ത്തിച്ചു. ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നിയമഭേദഗതിക്കു നേതൃത്വം നല്‍കിയത് ഗ്യാനേഷ് കുമാറായിരുന്നു. 2019 ആഗസ്റ്റില്‍ 370-ാം വകുപ്പ് എടുത്തമാറ്റിയ പാര്‍ലമെന്റ് സമ്മേളനത്തില്‍ അമിത്ഷായെ അനുഗമിച്ചിരുന്നതും ഗ്യാനേഷ്‌കുമാര്‍ ആയിരുന്നുവെന്ന് പറയുന്നു.
സുഖ്ബിന്ദര്‍ ഉത്തരാഖണ്ഡ് കാഡറിലെ വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ വര്‍ഷം ചീഫ് സെക്രട്ടറിയായിട്ടാണ് വിരമിച്ചത്. അതിനു മുമ്പ് ഡെപ്യൂട്ടേഷനില്‍ കേന്ദ്രസര്‍വ്വീസില്‍ വര്‍ഷങ്ങളോളം ഉണ്ടായിരുന്നു. ദേശീയ പാത അഥോറിറ്റി ചെയര്‍മാന്‍, മനുഷ്യ വിഭവശേഷി വകുപ്പില്‍ ഉന്നത വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറിയായും പിന്നീട് അഡീഷണല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ചില ദിനം മുമ്പ് മാത്രം തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ നിയമിക്കുക എന്നതാണ് ആദ്യത്തെ പുതിയ സംഭവം. മറ്റൊന്ന്, ഭരിക്കുന്ന സര്‍ക്കാരിന്റെ ഭൂരിപക്ഷാധികാരം മാത്രം ഉപയോഗിച്ച് ഇഷ്ടക്കാരെ നിയമിക്കാനുള്ള നിയമഭേദഗതി ഉണ്ടാക്കിയ ശേഷം അതുപയോഗിച്ച് നടത്തിയ ആദ്യത്തെ നിയമനം എന്ന നിലയിലും രാജ്യചരിത്രത്തില്‍ ഇതു പോലെ വിവാദപരമായ രീതിയില്‍ തിരഞ്ഞെടുപ്പു കമ്മീഷനെ ഇതിനു മുമ്പ് നിയോഗിച്ചിട്ടില്ല. രാജ്യത്തെ ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുക എന്ന നിഷ്പക്ഷ രീതി മാറ്റിമറിച്ച് സമിതിയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടാക്കാനുള്ള നിയമഭേദഗതി കൊണ്ടുവന്ന് പാസ്സാക്കിയ ശേഷമാണ് ഇപ്പോഴത്തെ നീക്കം. പ്രധാനമന്ത്രി, പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുന്ന ഒരു മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരാണ് പുതിയ സമിതിയില്‍. ചീഫ് ജസ്‌ററിസിനെ വളരെ തന്ത്രപൂര്‍വ്വം ഒഴിവാക്കി. ഇതോടെ സര്‍ക്കാര്‍ ആരെ ഉദ്ദേശിക്കുന്നുവോ അയാളെ നിയമിക്കാനുള്ള ഭൂരിപക്ഷം സമിതിയില്‍ ലഭിച്ചു. പ്രധാനമന്ത്രി നിര്‍ദ്ദേശിച്ച മറ്റൊരു മന്ത്രി ഇത്തവണ മറ്റാരുമല്ലായിരുന്നു-അമിത് ഷാ.!
സമിതി അംഗമായ പ്രതിപക്ഷനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി യോഗത്തിനു മുമ്പാകെ തന്റെ വിയോജിപ്പ് പ്രകടിപ്പിക്കുകയും തിരഞ്ഞെടുപ്പു പ്രക്രിയ സംബന്ധിച്ച ഗരുതരമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
നിയമിക്കപ്പെടേണ്ടവരുടെ ആറു പേരുള്‍പ്പെടുന്ന ചുരുക്കപ്പട്ടിക തനിക്ക് യോഗത്തിനു മുമ്പു മാത്രമാണ് ലഭ്യമാക്കിയതെന്നും അവരില്‍ നിന്നും രണ്ടു പേരെ തിരഞ്ഞെടുത്തപ്പോള്‍ അവരുടെ ഒരു പശ്ചാത്തലമോ പ്രവര്‍ത്തന വിശദാംശങ്ങളോ പരിചയമോ ഒന്നും തനിക്ക് അറിയാന്‍ സാധ്യമാക്കിയിരുന്നില്ലെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.