Categories
opinion

ആ കാമ്പസ് മുഴുവന്‍ നിശ്ശബ്ദരായത് എന്തുകൊണ്ടാവാം…രണ്ടു കാരണങ്ങള്‍

വിവിധ കോഴ്‌സുകളിലായി മുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു കോളേജ് കാമ്പസ്. നൂറോളം കുട്ടികളുടെ ഹോസ്റ്റല്‍. ഇവിടെ ഒരു വിദ്യാര്‍ഥിയെ അതും അത്യാവശ്യം കാമ്പസ് ജീവിതത്തിലും അവിടുത്തെ സര്‍ഗാത്മക, സംഘടനാ പ്രവര്‍ത്തനങ്ങളിലും ഭാഗബാക്കായിരുന്ന ഒരു സുന്ദരനായ വിദ്യാര്‍ഥിയെ മൂന്നു ദിവസം ഹോസ്റ്റലിനകത്തും കാമ്പസിലെ ചില സ്ഥലങ്ങളിലും ഒക്കെയായി മര്‍ദ്ദന പരമ്പര തന്നെ നടത്തിയിട്ടും, ആ ഹോസ്റ്റലിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഈ ആള്‍ക്കൂട്ട വിചാരണയില്‍ നിര്‍ബന്ധപൂര്‍വ്വം കാഴ്ചക്കാരായിരുന്നിട്ടും എന്തു കൊണ്ടാണ് ഒരാള്‍ പോലും ഇത്തരം ഒരു മര്‍ദ്ദനം ഇവിടെ നടക്കുന്നുണ്ട് എന്ന് പുറത്തേക്ക് ഒരിടത്തേക്ക് പോലും വിവരം നല്‍കാതിരുന്നത്. ഒരു കുട്ടി പോലും തങ്ങളുടെയൊരു സഹപാഠിയെ പല ദിവസമായി പീഡിപ്പിക്കുന്നുണ്ട് എന്ന ഒരു രീതിയിലും പുറം ലോകത്തെ അറിയിക്കാതിരുന്നത്. അതും സമൂഹമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുകളും ഇത്രയും വ്യാപകമായ ഈ സമൂഹത്തില്‍. പൂക്കോട് സംഭവത്തിലെ ഏറ്റവും അസാധാരണവും അമ്പരപ്പിക്കുന്നതുമായ ഒരു സംഗതി ഇതു തന്നെയാണ്.

രണ്ടു തരം വ്യാഖ്യാനമാണ് പ്രചരിക്കുന്നത്. ഒന്ന്-സിദ്ധാര്‍ഥന്‍ ഒരു പെണ്‍കുട്ടിയുമായുണ്ടായ പ്രണയത്തിന്റെ ഭാഗമായി അവള്‍ക്ക് രുചിക്കാത്ത രീതിയില്‍ പ്രണയദിനത്തോടനുബന്ധിച്ച് പെരുമാറി. അതിനാല്‍ അവന് ചിലത് കിട്ടേണ്ടതുണ്ട് എന്ന മാനസികാവസ്ഥ കുട്ടികള്‍ക്കുണ്ടായിരുന്നു. രണ്ട്-കാമ്പസിലെ കുട്ടികളിലെല്ലാം അക്രമികള്‍ ഒരു തരം നിര്‍ബന്ധിതമായ അച്ചടക്കം അടിച്ചേല്‍പിച്ചിരുന്നു. ഭയത്തിന്റെ ഒരു മൂടുപടം വിദ്യാര്‍ഥികളുടെ നിശ്ശബ്ദതയില്‍ ഉണ്ട്.

thepoliticaleditor

ഇതില്‍ ആദ്യത്തെത് അക്രമികളുടെ പക്ഷത്തു നിന്നുള്ള ന്യായീകരണമാണ് എന്നതില്‍ ഒരു തര്‍ക്കവും ഉണ്ടാകേണ്ട കാര്യമില്ല. കാരണം പ്രണയവും, പ്രണയത്തില്‍ നിന്നും തേച്ചിട്ട് പോകലും അതിന്റെ നീരസവുമൊക്കെ പൂക്കോട്ടെ വെറ്ററിനറി കോളേജ് കാമ്പസിലെ മാത്രം പ്രതിഭാസമല്ല. കോളേജുകളിലെ മാത്രമല്ല സമൂഹത്തിലാകെ ഏതിടത്തുമുള്ള മാനുഷിക വികാരമാണ് പ്രണയം. പ്രണയത്തില്‍ നിന്നും പിന്‍മാറുന്ന പങ്കാളിയെ വെടിവെച്ചും, വെട്ടിയും, ആസിഡ് തൂവിയും, വീടിന് തീയിട്ടും കൊല്ലുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവങ്ങള്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ അരങ്ങേറിയിട്ടുണ്ട്. ഇതിനെയെല്ലാം കേരളീയ സമൂഹം അതിരൂക്ഷമായി എതിര്‍ക്കുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്.

പറഞ്ഞു കേട്ട കഥ സത്യമാണെങ്കില്‍ സിദ്ധാര്‍ഥന് പ്രണയം ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി അവനെ പിന്നീട് നിരാകരിച്ചു എന്നും കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ ആ പെണ്‍കുട്ടിക്ക് അനിഷ്ടമായ രിതിയില്‍ സിദ്ധാര്‍ഥന്‍ പെരുമാറിയെന്നും അത് ചോദ്യം ചെയ്യാനിറങ്ങിയതാണ് സദാചാര ആങ്ങളമാര്‍ എന്നും.- ഈ സദാചാര ആക്രമണമാണ് ക്രൂരമായ ആള്‍ക്കൂട്ട വിചാരണയിലേക്കും പിന്നീട് മാനഹാനി മൂലമുളള സിദ്ധാര്‍ഥിന്റെ മരണത്തിലേക്കും നയിച്ചത്.
മംഗലുരുവില്‍ ശ്രീരാമ സേന പബ്ബുകളില്‍ ആക്രമണം നടത്തി യുവതീയുവാക്കളെ മര്‍ദ്ദിക്കുന്ന സംഭവത്തില്‍ പ്രതിഷേധിക്കുന്ന സമൂഹമാണ് നമ്മുടെത്. തിരുവനന്തപുരത്തൊരു കോളേജ് ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന് സദാചാര ഭീകരര്‍ നടത്തിയ ആക്രമണത്തിന് വ്യാപകമായി പ്രതിഷേധിച്ചവരാണ് നമ്മള്‍. അതു കൊണ്ട് സിദ്ധാര്‍ഥന്റെ പ്രണയനീരസക്കഥ യഥാര്‍ഥമാണെങ്കില്‍ കൂടി അതിനെ ലഘുവായ ഒരു ഉപദേശത്തിലൊതുക്കി അവസാനിപ്പിക്കാന്‍ ബാദ്ധ്യതയുളള സമൂഹമാണ് കേരളത്തിലെ പുരോഗമന സമൂഹം, പ്രത്യേകിച്ച് കാമ്പസിലെ എസ്.എഫ്.ഐ. പോലുള്ള സംഘടനകളിലെ കുട്ടികളുടെ സമൂഹം. എന്നിട്ടും അവര്‍ എന്താണ് ചെയ്തത് എന്നത് കേരളീയസമൂഹം കുറേക്കൂടി ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. സിദ്ധാര്‍ഥന്‍ മരണപ്പെട്ട ശേഷം, അതറിഞ്ഞ ശേഷമാണ് വിദ്യാര്‍ഥിനിയുടെ പരാതി ആഭ്യന്തര പരാതി പരിഹാര സെല്ലിന് ലഭിക്കുന്നത്. വിദ്യാര്‍ഥിനിക്ക് സ്വാഭാവികമായ പരാതി ഉണ്ടായിരുന്നെങ്കില്‍ സംഭവം സിദ്ധാര്‍ഥന്‍ മോശമായി പെരുമാറിയെന്ന് പറയുന്ന ദിവസം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ ശേഷം, ആരോപണവിധേയന്‍ മരിച്ചതറിഞ്ഞ ശേഷമാണോ പരാതി കൊടുക്കുക എന്ന ചോദ്യം പ്രസക്തമാണ്. സ്വാഭാവികമായ പ്രതികരണം എന്ന മാനസികാവസ്ഥയുടെ ഉല്‍പന്നമല്ല ആ പരാതി എന്ന് വ്യക്തമാണ്. ഇതിന്റെ ചുവടു പിടിച്ച് ലൈംഗികച്ചുവയുളള സ്റ്റോറികള്‍ പരേതനെക്കുറിച്ച് സൃഷ്ടിച്ചു വിടുന്നുണ്ട് സമീപദിവസങ്ങളിലായി സമൂഹമമാധ്യമങ്ങളില്‍ ചിലര്‍. അതിന്റെ ഉദ്ദേശ്യവും അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ മനസ്സിലാവും.

ഡീന്‍ ഡോ. എം.കെ.നാരായണന്‍

രണ്ടാമത്തെ കാര്യം-മൂന്നു ദിനം നീണ്ടു നിന്ന പീഡനത്തിന്റെ ഒരു സൂചന പോലും നൂറുകണക്കിന് വിദ്യാര്‍ഥികളില്‍ ഒരാള്‍ പോലും പുറത്തു പറയാതിരുന്നതിനു പിറകിലെ മാനസികാവസ്ഥയുടെ കാര്യം. ഇത് അധികാരത്തിന്റെ ആധപത്യം എങ്ങിനെയാണ് മനുഷ്യന്റെ സ്വാഭാവിക ബോധത്തെ നിശ്ശബ്ദമാക്കിക്കളയുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ്. ഭയം എന്നൊരു നിശാവസ്ത്രത്തെക്കുറിച്ച് എഴുത്തുകാരി മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. അത് നിശാവസ്ത്രം മാത്രമല്ല ദിനരാത്ര മുഴുനീള വസ്ത്രമായി ധരിക്കേണ്ടി വരുന്ന കാമ്പസ് യുവത്വത്തിന്റെ കാര്യം ആലോചിക്കുമ്പോള്‍ തന്നെ വലിയ നിരാശയാണ് തോന്നുക. അക്രമികളുടെ ആള്‍ക്കൂട്ട വിചാരണ പോലും മൂടിവെച്ച് ഒന്നും പറയാതെ, പുറത്തറിയിക്കാതെ ഈ ന്യൂജെന്‍ കുഞ്ഞുങ്ങല്‍ സമൂഹമാധ്യമജീവിതം നയിച്ചുവല്ലോ എന്നോര്‍ക്കുമ്പോള്‍ അത്ഭുതവും.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വൈസ് ചാന്‍സലര്‍ ശശീന്ദ്രനാഥ്‌

സിദ്ധാര്‍ഥന്‍ അഥവാ മരിച്ചിരുന്നില്ലെങ്കില്‍, തീര്‍ച്ചയായും വെറ്ററിനറി കോളേജിലെ താലിബാനിസവും സംഘടനാപ്രവര്‍ത്തനത്തിന്റെ ലേബലണിഞ്ഞ അധികാരബോധത്തിന്റെ ആധിപത്യഭീകരതയും ഇനിയും തുടരുമായിരുന്നില്ലേ…ഉറപ്പാണ്. ഇവര്‍ പുരോഗമന വിദ്യാര്‍ഥി വേഷത്തില്‍ ഇനിയും ഇത്തരം സംഘപരിവാര്‍ മോഡല്‍ ആള്‍ക്കൂട്ട വിചാരണയും മര്‍ദ്ദനവും തുടരുമായിരുന്നു. ആരും എതിര്‍ക്കില്ല താനും. പിന്നീട് ഈ ക്രമിനല്‍ മനസ്സുള്ളവര്‍ ശാന്തഭാവത്തില്‍ കാമ്പസില്‍ നിന്നും ഈ നവോത്ഥാന സമൂഹത്തിലേക്കിറങ്ങും. അവര്‍ ഉദ്യോഗസ്ഥരായി നമുക്കിടയിലുണ്ടാവും. രാഷ്ട്രീയപ്രവര്‍ത്തകാരായും ചിലരെങ്കിലും ഭരണാധികാരരൂപങ്ങളായും നമ്മളെ ഭരിക്കുവാനും ഉണ്ടാകും. ചിലരാകട്ടെ പാര്‍ടികളിലെ ഉന്നത സമിതികളില്‍ അംഗമായി നമ്മുടെ നാട്ടില്‍ വന്ന് പൊതുയോഗങ്ങളില്‍ ജനാധിപത്യം,വ്യക്തി സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ഉദ്‌ബോധിപ്പിക്കും, സദാചാര പോലീസിങിനെതിരെ ആക്രോശിച്ച് നമ്മുടെ രോഷത്തിന് മുന്നില്‍ ജാഥയിലൂടെ നേതൃത്വവും നല്‍കും. പക്ഷേ അവര്‍ അകമേ ശരിക്കും അവര്‍ പുറത്ത് പ്രദര്‍ശിപ്പിക്കുന്നതിന്റെ നേരെ എതിരായി, ഈ സമൂഹത്തിലെ ഏറ്റവും വലിയ കപടനാട്യക്കാരായി ജീവിക്കും.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick