Categories
kerala

ചട്ടം തെറ്റ്, പക്ഷേ ഗവര്‍ണറുടെ ഉന്നം സമൂഹത്തിന്റെ വികാരം തൃപ്തിപ്പെടുത്തല്‍…സര്‍ക്കാര്‍ പരാജയപ്പെടുന്നത് ഇവിടെ

സമൂഹമനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഗവര്‍ണര്‍ സാധിച്ചിരിക്കുന്നത്.

Spread the love

കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലുമുണ്ടായിട്ടില്ലാത്ത ചട്ട ലംഘനമാണ് കേരള ഗവര്‍ണര്‍ ചെയ്തത്- വെറ്ററിനറി സര്‍വ്വകലാശാലാ വി.സി.യെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തതിനെ സര്‍ക്കാര്‍ വിമര്‍ശിക്കുമ്പോള്‍ സമൂഹമനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഗവര്‍ണര്‍ സാധിച്ചിരിക്കുന്നത്.

താന്‍ കഴിഞ്ഞ ഏറെക്കാലമായി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പല വിവാദ നീക്കങ്ങള്‍ക്കും ജനമനസ്സില്‍ സ്വീകാര്യത നേടിയെടുക്കുക എന്ന ലക്ഷ്യവും എളുപ്പം സാധ്യമാക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയുന്നു. വി.സി.യെ സസ്‌പെന്‍ഡ് ചെയ്ത വിഷയത്തില്‍ ഗവര്‍ണറായാല്‍ ഇവിടെ ഇങ്ങനെ തന്നെ വേണം എന്ന് സാമാന്യജനം പ്രതികരിച്ചത് ഇതിന്റെ തെളിവാണ്.

thepoliticaleditor

നട്ടെല്ലുള്ള ഗവര്‍ണറുണ്ടായത് നന്നായെന്ന നിലയിലുള്ള പ്രതികരണം മരണപ്പെട്ട സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശിന്റെ ഭാഗത്തു നിന്നും ഉണ്ടായതും ജനസാമാന്യത്തിന്റെ പൊതുബോധരൂപത്തിന്റെ സാക്ഷ്യമാണ്. മകന്റെ മരണത്തില്‍ കോളേജിലെ ഡീന്‍ എം.കെ.നാരായണന്‍, കായികാധ്യാപകന്‍ ആര്‍.കാന്തനാഥനും നേരിട്ട് പങ്കുണ്ടെന്ന് ജയപ്രകാശ് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ അക്കാര്യം പരിശോധിക്കാം എന്ന നിലപാടെടുക്കുന്നതിനു പകരം ഡീന്‍ നല്ല മനുഷ്യനാണ്, തെറ്റൊന്നും പറ്റില്ലെന്ന പ്രഖ്യാപനം നടത്തുകയാണ് സര്‍വ്വകലാശാലാ പ്രൊ.ചാന്‍സലര്‍ കൂടിയായ മന്ത്രി ജെ.ചിഞ്ചുറാണി സ്വീകരിച്ചത് എന്നത് വിചിത്രമാണ്.

പക്ഷേ മന്ത്രിയുടെ ഈ വാദം പൊതുജനത്തിന് നല്‍കിയ സന്ദേശം, അക്രമത്തിന് ഉത്തരവാദികളായവരെ സര്‍ക്കാര്‍ സംരക്ഷിക്കാന്‍ നോക്കുന്നു എന്ന സന്ദേശമാണ് മന്ത്രിയുടെ വാക്കുകള്‍ നല്‍കിയത്. സംഭവം വിവാദമായ സന്ദര്‍ഭത്തില്‍ തന്നെ ഡീന്‍-നെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തേണ്ടതായിരുന്നു. മാത്രമല്ല, വി.സി.യോട് സര്‍ക്കാര്‍ വിശദീകരണവും തേടേണ്ടതായിരുന്നു. ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ ഗവര്‍ണറുടെ നടപടിക്ക് പൊതു സമൂഹത്തില്‍ ഇത്രയും സ്വീകാര്യത ലഭിക്കുമായിരുന്നില്ല. വകുപ്പു തല നടപടികള്‍ വൈകിയത് സര്‍ക്കാരിന്റെ പങ്ക് സംശയിക്കുന്നതിന് ഇടയാക്കി എന്നത് ഒരു വസ്തുതയാണ്.


ഗവര്‍ണര്‍ ഉന്നം വെക്കുന്നത് സര്‍ക്കാരിനെയും സിപിഎമ്മിനെയുമാണ്. ലോകായുക്ത ബില്‍ ഭേദഗതിയെ താന്‍ എതിര്‍ത്തിട്ടും രാഷ്ട്രപതി ഒപ്പിട്ടത് ഗവര്‍ണറുടെ മുഖത്തേറ്റ അടിയായിരുന്നു. ഗവര്‍ണര്‍ ഉടക്ക് വെച്ചാലും നടക്കേണ്ടത് നടക്കുമെന്ന തോന്നലുണ്ടാക്കാനും ഇതിടയാക്കി. സര്‍ക്കാര്‍ ഇത് ആഘോഷിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച ഉണ്ടായ ഈ സംഭവത്തിന് കനത്ത തിരിച്ചടി നല്‍കിയിരിക്കയാണ് ഗവര്‍ണര്‍. സിപിഎമ്മും എസ്.എഫ്.ഐ.യും എന്തൊക്കെ ന്യായീകരിക്കാന്‍ ശ്രമിച്ചാലും കേരളത്തിലെ പൊതുജനമനസ്സ് ഇപ്പോള്‍ ഗവര്‍ണറുടെ ഇന്നലത്തെ നടപടിയെ തള്ളിപ്പറയുന്നില്ല. സര്‍ക്കാരിനെ അറിയിക്കാത വി.സി.യെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് സിപിഎം കുറ്റപ്പെടുത്തുമ്പോഴും കീഴ്വഴക്കം തെറ്റിച്ചാലും ഗവര്‍ണര്‍ അങ്ങനെ തന്നെ ചെയ്യേണ്ടതാണെന്ന പൊതുവികാരം കടുത്ത സിപിഎം പ്രവര്‍ത്തകരല്ലാത്ത ജനസാമാന്യത്തിനുണ്ട്. ബിജെപി, കോണ്‍ഗ്രസ് മനസ്സുള്ള ജനങ്ങള്‍ക്കും ഇതേ നിലപാടാണ്.

നാട് ഒരു തിരഞ്ഞെടുപ്പിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ ഭാഗമായ വിദ്യാര്‍ഥി സംഘടന പ്രതിക്കൂട്ടിലാകുന്ന സംഭവങ്ങള്‍ കേരളത്തിലെ യുവാക്കളായ വോട്ടര്‍മാരെയും രക്ഷിതാക്കളായ വോട്ടര്‍മാരെയും എങ്ങിനെ സ്വാധീനിക്കും എന്നത് പ്രധാനമാണ്. മാധ്യമങ്ങളെ പഴിചാരിയുള്ള രാഷ്ട്രീയന്യായവാദങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുന്ന കാലം കഴിഞ്ഞു പോയിരിക്കുന്നു എന്നാണ് ഗവര്‍ണറുടെ നടപടിയെ ‘ അത് വേണ്ടതു തന്നെ’ എന്ന് സാമാന്യജനം ചിന്തിക്കുന്നതിലൂടെ വ്യക്തമാകുന്നത്.
സമൂഹമനസ്സാക്ഷിയെ തൃപ്തമാക്കുന്ന രീതിയിലുള്ള വൈകാരികതയിലൂന്നിയാണ് ഗവര്‍ണര്‍ സിദ്ധാര്‍ഥന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും പിന്നീട് നടപടി സ്വീകരിക്കുകയും ചെയ്തത്. സര്‍ക്കാരിന് ഇത് നേരത്തെ ചെയ്യാമായിരുന്നു. നടപടികള്‍ വെച്ച് വൈകിപ്പിക്കുകയും അനാവശ്യമായി ന്യായീകരിക്കുകയും പരോക്ഷമായി പ്രതികളെ സംരക്ഷിക്കുന്നുവോ എന്ന് സംശയിക്കുംവിധം പ്രതികരിക്കുകയും ചെയ്യുന്ന നീക്കങ്ങള്‍ ഇത്തരം സംഭവങ്ങളില്‍ ഇല്ലാതിരിക്കണമായിരുന്നു.

മന്ത്രി ചിഞ്ചുറാണിയുടെ ക്ലീന്‍ ചിറ്റ് നല്‍കല്‍ പ്രസ്താവനയും സി.പി.എം. ഉന്നത നേതാവായ സി.കെ.ശശീന്ദ്രന്‍ പ്രതികളെ കോടതിയില്‍ അനുഗമിച്ച് മജിസ്‌ട്രേറ്റിന്റെ അടുത്തേക്ക് പോവുകയും ചെയ്തത് തീര്‍ത്തും തെറ്റായ നടപടികളായിരുന്നു. ഇവയെല്ലാം പൊതുജനത്തിന് നല്‍കുന്ന സന്ദേശം മനസ്സിലാക്കാന്‍ എന്തുകൊണ്ടാണ് ഭരണാധികാരികള്‍ക്ക് സാധിക്കാതെ പോകുന്നത് എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. മന്ത്രി വി.ശിവന്‍കുട്ടി മാത്രമാണ് വളരെ വ്യക്തമായും ശരിയായുമുള്ള ഒരു പ്രതികരണത്തിലൂടെ ജനങ്ങള്‍ക്ക് സ്വീകാര്യമായ മനോഭാവം പ്രകടമാക്കിയത്. അത് വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ മറ്റുള്ളവരെല്ലാം കാണിച്ച അപക്വമായ നടപടികളാണ് ചര്‍ച്ചകളില്‍ വേറിട്ടു നില്‍ക്കുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick