ഇന്ത്യ വേദനയോടെ മാത്രം ഓര്‍ക്കുന്ന ദിവസമാണ് ഡിസംബര്‍ ആറ്. രണ്ട് ഇല്ലാതാവലുകളുടെ ദിവസം. ഒന്ന്, 1956 സപ്തംബര്‍ ആറിന് ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയും രാജ്യം കണ്ട ഏറ്റവും മഹാനായ വിപ്ലവകാരികളിലൊരാളുമായ ബാബാ സാഹേബ് അംബേദ്കര്‍ അന്തരിച്ചതിന്റെ ഓര്‍മ. രണ്ടാമത്തെത്, അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ വിഭാവനം ചെയ്ത തുല്യതയുടെയും മതേതരത്വത്തിന്റെയും മുഖത്ത് കനത്ത അടിയേറ്റ ദിവസം–അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ഒരു മുസ്ലീംപള്ളിയായ ബാബരി മസ്ജിദ് 1992-ല്‍ ഹിന്ദുമതഭ്രാന്ത് ആവേശിച്ച ജനക്കൂട്ടം തകര്‍ത്ത ദിവസം.
അംബേദ്കറെ ആദരവോടെ രാഷ്ട്രം ഓര്‍ക്കുമ്പോള്‍ ബാബരി പള്ളിയുടെ തകര്‍ച്ച ഇന്നും വേദനയോടെയാണ് ഇന്ത്യയിലെ മതനിരപേക്ഷ മനസ്സുള്ളവരും ന്യൂനപക്ഷങ്ങളും ഓര്‍ക്കുന്നത്.
അംബേദ്കറെ അനുസ്മരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി. പ്രസിഡണ്ട് ജെ.പി. നദ്ദയും മഹാരാഷ്ട്ര സര്‍ക്കാരും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും എല്ലാം മുന്നിലുണ്ട്. അംബേദ്കറുടെ കാലടിപ്പാടുകള്‍ പിന്‍തുടര്‍ന്ന് മോദി സര്‍ക്കാര്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നു എന്നാണ് ആഭ്യന്തര മന്ത്രി അമിത്ഷാ പ്രസ്താവിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ദളിതര്‍ക്കെതിരെ ഏറ്റവുമധികം പീഢനവും കൊലപാതകവും ബലാല്‍സംഗവും നടക്കുന്ന ഒരു കാലയളവിലാണ് അമിത്ഷായുടെ പ്രസ്താവന എന്നത് അംബേദ്കര്‍ ദിനത്തിലെ ഏറ്റവും വലിയ കാപട്യമായിത്തീരുന്നു.
അംബേദ്കറുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരണച്ചടങ്ങില്‍ പ്രസ്താവിച്ചത്. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് ഇന്ത്യയിലെ ദളിത് പീഢനത്തിന്റെ തലസ്ഥാനമായി മാറിയത് പ്രധാനമന്ത്രിയുടെ ഭരണസംവിധാനം അറിഞ്ഞില്ല എന്നു വേണം കരുതാന്‍. വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യം അംബേദ്കറെ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോള്‍ നമ്മുടെ നേതാക്കള്‍ സൗകര്യപൂര്‍വ്വം മറന്നു പോകുന്നു എന്നതാണ് ഉയരുന്ന വിമര്‍ശനം.
കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്‍പതിന് ബാബരി മസ്ജിദ് ഭൂമി തര്‍ക്കക്കേസില്‍ വന്ന വിധിയും ഏതാനും മാസം മുമ്പ് ബാബരി പള്ളി തകര്‍ത്ത ക്രിമിനല്‍ കേസില്‍ തെളിവില്ലാതെ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് വന്ന വിധിയും സ്വതന്ത്ര ഇന്ത്യയെ എക്കാലത്തും കരിനിഴലില്‍ നിര്‍ത്തുന്ന ഓര്‍മകളായി മാറുന്നു. ഹിന്ദുത്വ ശക്തികള്‍ക്ക് അനുകൂലമായി നീതിന്യായ സംവിധാനം പോലും മാറിപ്പോകുന്നു എന്നതിന് ഉദാഹരണമായി നിയമജ്ഞര്‍ പോലും ഈ വിധികളെ ചൂണ്ടിക്കാട്ടുന്നു.