ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയെന്നു കരുതുന്നു, ഇസ്രയേൽ ഇന്ന് മിസൈൽ തൊടുത്തുവെന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം മൂന്നൂറോളം മിസൈലുകള്‍ ഇറാന്‍ ഇസ്രായേലിലേക്ക് തൊടുത്തു വിട്ടിരുന്നു. ഇതിനു പ്രതികരണം ആദ്യമായാണ് ഇസ്രായേല്‍ പ്രകടിപ്പിക്കുന്നത്. ഇറാനെതിരായ പ്രത്യാക്രമണത്തിന് അമേരിക്കയുടെ പിന്തുണ പോലും ഇസ്രായേലിന് ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇസ്രായേലിന്റെ മറുപടി ആക്രമണവാര്‍ത്ത വരുന്നത്.
ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ ടെസ്‌ല മേധാവി ഇലോൺ മസ്‌ക് കുറിച്ച സന്ദേശം ചർച്ചയായി. “നമ്മള്‍ റോക്കറ്റുകള്‍ അയക്കേണ്ടത് പരസ്പരം അല്ല, നക്ഷത്രങ്ങളിലേക്കാണ്” – ഇതാണ് മസ്‌ക് തന്റെ സ്വന്തം സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചത്. ഇതോടൊപ്പം ബഹിരാകാശത്തേക്ക് കുതിക്കുന്ന ഒരു റോക്കറ്റിന്റെ ചിത്രവും നല്‍കിയിരിക്കുന്നു.
ഇസ്രയേലിൻ്റെ പിന്തുണക്കാരനായി പരക്കെ കണക്കാക്കപ്പെടുന്ന വ്യക്തിയാണ് മസ്‌ക്. കഴിഞ്ഞ വർഷം നവംബറിൽ അദ്ദേഹം ആ രാജ്യം സന്ദർശിക്കുകയും പ്രസിഡൻ്റ് ഐസക് ഹെർസോഗ്, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
മധ്യ പ്രവിശ്യയായ ഇസ്ഫഹാനിൽ സ്‌ഫോടനം നടന്നതായി ഇറാൻ്റെ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മസ്‌ക് സമാധാന സന്ദേശം കുറിച്ചത്.. ഇസ്ഫഹാൻ പ്രവിശ്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഷെക്കാരി സൈനിക വ്യോമതാവളത്തിന് സമീപം മൂന്ന് സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായി ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇറാൻ്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ഇസ്‌ഫഹാനിൽ ആണ്. ഭൂഗർഭ ആണവ സമ്പുഷ്ടീകരണ കേന്ദ്രം ഉൾപ്പെടെ ഇവിടെയാണ്. ഇസ്രായേലി ആക്രമണങ്ങൾ ഇവിടം ലക്ഷ്യമിടുന്നു എന്നാണ് സംശയിക്കപ്പെടുന്നത്.
ദിവസങ്ങൾക്കു മുൻപ് ഇസ്രയേലിനുനേരെ ഇറാൻ മിസൈലുകളും ഡ്രോൺ ആക്രമണങ്ങളും നടത്തിയിരുന്നു. ഏപ്രിൽ ഒന്നിന് ഡമാസ്‌കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ജനറൽമാരെയും മറ്റ് നിരവധി പേരെയും കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഇതെന്ന് ടെഹ്‌റാൻ പറഞ്ഞു.
ആക്രമണത്തെ തുടർന്ന് ഇറാനുമേൽ യുഎസ് ഉപരോധവും കയറ്റുമതി നിയന്ത്രണ നടപടികളും ഏർപ്പെടുത്തിയിട്ടുണ്ട്.