Categories
kerala

പാര്‍ടി അധ്യക്ഷ സ്ഥാനം രാജിവെക്കുന്ന ശരദ് പവാറിന്റെ രഹസ്യ അജണ്ടകള്‍

1999 ജൂൺ 10-ന് പാർട്ടി രൂപീകരിച്ചതിനുശേഷം 24 വർഷത്തെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി ശരദ് ഗോവിന്ദറാവു പവാർ (82) ചൊവ്വാഴ്ച നടത്തിയ പ്രഖ്യാപനം അദ്ദേഹത്തിന്റെ പ്രായോഗിക രാഷ്ട്രീയത്തിന്റെ സാക്ഷ്യമാണ്. “പൊതുജീവിതത്തിൽ രാഷ്ട്രീയവും സാമൂഹികവുമായ പ്രവർത്തനം” തുടരുമെന്ന് പറഞ്ഞ പവാറിന് തന്റെ അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതം മൊത്തത്തിൽ അധികാരത്തിനായുള്ള മെയ്‌വഴക്കങ്ങളുടെ കഥകൾ നിറഞ്ഞതാണ്. ഏതു പക്ഷത്തു നിൽക്കുമ്പോഴും മറു പക്ഷത്തിനും സ്വീകാര്യത നേടിയെടുക്കുന്ന അപാര തന്ത്രമായിരുന്നു പവാറിന്റേത്. പവർ പൊളിറ്റിക്സ് ആയിരുന്നു പവാറിന്റെ എല്ലാക്കാലത്തേയും തട്ടകം.

മഹാരാഷ്ട്ര, ഗോവ,മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ടാക്കിയ പവാറിന്റെ പാര്‍ടിക്ക് 2000-ത്തില്‍ ദേശീയ പാര്‍ടി പദവി ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ എന്‍സിപിക്ക് കഷ്ടകാലമാണ്. മഹാരാഷ്ട്രയില്‍ ഭരണം ഇല്ല. മാത്രമല്ല അടുത്തിടെ ദേശീയ പാര്‍ടി പദവി നഷ്ടമാകുകയും ചെയ്തു. അധികാരമോ, ദേശീയ തലത്തിലുള്ള അംഗീകാരമോ ഇല്ലാതെ പവാറിന് നിലനില്‍ക്കാനാവില്ല. തന്റെ തട്ടകമായ മഹാരാഷ്ട്രയിലെങ്കിലും അധികാരത്തിലിരുന്നേ മതിയാവൂ. കോണ്‍ഗ്രസിന്റെ മുന്നണിയില്‍ ആദര്‍ശവും പറഞ്ഞിരിക്കുന്നതിനേക്കാള്‍ നല്ലത് ബിജെപിയുമായി ചേരുന്നതാണ്. അത് തന്റെ മതേതര പ്രേതിച്ഛായ നഷ്ടപ്പെടുത്തും എന്ന ഭയം കാരണമാണ് പവാര്‍ പരസ്യമായി അനന്തിരവന്‍ അജിത് പവാറിന്റെ നീക്കങ്ങളെ തള്ളിപ്പറയുന്നത്. എന്നാല്‍ ഇപ്പോള്‍ പാര്‍ടി പ്രസിഡണ്ട് സ്ഥാനം രാജി വെക്കുന്നതോടെ ചില ആരോപണങ്ങളില്‍ നിന്നും മാറിനില്‍ക്കാനും തനിക്കനുകൂലമായി വ്യാഖ്യാനിക്കാനും പവാറിന് കഴിയും.

thepoliticaleditor

അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംയുക്ത പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനം തനിക്ക് കിട്ടുമെന്ന് രഹസ്യമായെങ്കിലും പവാര്‍ മോഹിച്ചു. എന്നാല്‍ പരസ്യമായി നിഷേധിച്ചു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ സംയുക്ത പ്രതിപക്ഷനേതൃ പദവി തനിക്കു കിട്ടുമെന്ന് പവാര്‍ ആഗ്രഹിച്ചിരിക്കാം, എന്നാല്‍ കോണ്‍ഗ്രസ് വ്യത്യസ്തമായാണ് ചിന്തിച്ചത് എന്ന് മനസ്സിലായതോടെ പവാര്‍ മോദിക്കെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ നടത്തിയ പ്രതിഷേധത്തിനെതിരെ രംഗത്ത് വന്ന് വിവാദം സൃഷ്ടിച്ചു. അദാനിക്കെതിരെ നീങ്ങുന്നതിനെതിരെയും അദ്ദേഹം അദാനിയുടെ നിയന്ത്രണത്തിലുള്ള എന്‍ഡിടിവിയില്‍ നല്‍കിയ അഭിമുഖത്തിലൂടെ ശ്രദ്ധ നേടി. ഇതെല്ലാം കോണ്‍ഗ്രസിനോടുള്ള നീരസവും ഇച്ഛാഭംഗവും ആയിരുന്നുവെന്ന് വിലയിരുത്തലുകളുണ്ട്. ദേശീയ പാര്‍ടി പദവി കൂടി നഷ്ടമായതോടെ സ്ഥിതി കൂടുതല്‍ വഷളായി.

ബാരാമതി സ്വദേശിയായ പവാർ പൂനെയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടിയ ഉടൻ തന്നെ രാഷ്ട്രീയത്തിലേക്ക് കടക്കുകയായിരുന്നു . 27-ആം വയസ്സിൽ, 1968-ൽ ബാരാമതിയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ തന്റെ ആദ്യ എംഎൽഎ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. 1990 വരെ തുടർച്ചയായ തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം സീറ്റ് നിലനിർത്തി. 978-ൽ, ആദ്യമായി എം‌എൽ‌എയായി 10 വർഷത്തിന് ശേഷം, 38-ാം വയസ്സിൽ അദ്ദേഹം മഹാരാഷ്ട്രയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി. മൂന്ന് തവണ കൂടി അദ്ദേഹം മുഖ്യമന്ത്രിയായി. പി വി നരസിംഹ റാവുവിന്റെ 1991-1996 സർക്കാരിൽ കേന്ദ്ര പ്രതിരോധ മന്ത്രിയായ അദ്ദേഹം 1998-1999 കാലത്ത് കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവായിരുന്നു.

1999-ൽ കോൺഗ്രസ് അണികളുടെ പ്രേരണയാൽ സോണിയാ ഗാന്ധി രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ, ഉന്നത പദവിയിലേക്ക് ഉയരാനുള്ള ആഗ്രഹം പവാർ പ്രകടിപ്പിച്ചു. എന്നാൽ കോൺഗ്രസ് അധ്യക്ഷ പദവി വെറും മോഹം മാത്രമെന്ന് വന്നപ്പോൾ സോണിയ വിദേശി ആണെന്ന കാര്യം പറഞ്ഞു കൊണ്ട് പവാർ രംഗത്ത് വന്നു. ബിജെപിയുടെ അതേ വാദമായിരുന്നു പവാറിന്റേതും. കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പവാർ പിഎ സാംഗ്മയെയും താരിഖ് അൻവറിനെയും ഒപ്പം കൂട്ടി എൻസിപി രൂപീകരിച്ചു.

2004ലും 2009ലും പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ കീഴിൽ യുപിഎ ഒന്നും യുപിഎ രണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ പവാറിനായിരുന്നു കൃഷി വകുപ്പ്. ഇത് തന്റെയും പാർട്ടിയുടെയും ഗ്രാമീണ അടിത്തറ നിലനിർത്താൻ പവാറിനെ സഹായിച്ചു. ഇക്കാലത്ത് ഭക്ഷ്യധാന്യത്തിൽ മിച്ചം വരാൻ ഇന്ത്യയെ സഹായിച്ച പരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്.

Spread the love
English Summary: SECRET AGENDAS OF NCP PRIME LEADER

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick