ഭാരത് രാഷ്ട്ര സമിതി ( പഴയ ടിആർഎസ് ) നേതാവും തെലങ്കാന എംഎൽഎ യും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിത ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഹാജരാകും. കെസിആറിന്റെ ഡൽഹിയിലെ വസതിക്ക് പുറത്ത് പാർട്ടി പ്രവർത്തകരും അനുഭാവികളും തടിച്ചുകൂടിയിരിക്കയാണ് . ചോദ്യം ചെയ്യലിനൊടുവിൽ കവിതയെ അറസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ട് എന്നാണ് റിപ്പോർട്ട്.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ കവിത വെള്ളിയാഴ്ച നിരാഹാര സമരം ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച ഡൽഹിയിൽ നടത്താനിരുന്ന നിരാഹാര സമരം ചൂണ്ടിക്കാട്ട, ചോദ്യം ചെയ്യൽ ശനിയാഴ്ച വരെ മാറ്റിവയ്ക്കാൻ അവർ അന്വേഷണ ഏജൻസിയോട് ആവശ്യപ്പെടുകയായിരുന്നു..
ഇതേ കേസില്‍ ഡെല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായി അരുണ്‍ രാമചന്ദ്രന്‍പിള്ളയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അരുണ്‍ രാമചന്ദ്രന് പിള്ളയുടെ കമ്പനിയില്‍ കവിതയ്ക്ക് ബിനാമി ഇടപാടുണ്ടെന്നാണ് ഇ.ഡി.ആരോപണം. ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പദ്ധതിയെന്നാണ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കുന്നത്.