മലയാളി വേരുകളുള്ള നര്‍ത്തകിയും അഭിനേത്രിയുമായ സുധാ ചന്ദ്രന് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ഒരു വീഡിയോ ഒടുവില്‍ ഫലം കണ്ടു. കൃത്രിമക്കാലുമായി വേദികളില്‍ നിറഞ്ഞാടി ലോകത്തിന്റെ ആദരം ഏറ്റുവാങ്ങിയ കലാകാരിയാണ് സുധ. അവരുടെ ആത്മവിശ്വാസം ജനലക്ഷങ്ങള്‍ക്ക് നല്കിയ പ്രചോദനം ചെറുതല്ല. എന്നാല്‍ അവര്‍ തന്നെ എപ്പോഴും വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞു. വിമാനയാത്രകളില്‍ എല്ലായ്പ്പോഴും സുരക്ഷാപരിശോധകര് എല്ലായിടത്തും എപ്പോഴും തന്റെ കൃത്രിമക്കാല്‍ ഊരിയെടുപ്പിച്ച് പരിശോധിക്കുന്നു. അത് തന്നെ വല്ലാതെ അപമാനിതയാക്കുന്നു. അവര്‍ പ്രധാനമന്ത്രിയോട് വിഡീയോയിലൂടെ അഭ്യര്‍ഥിച്ചു-മോദിജി ഇത് ദയവായി അവസാനിപ്പിച്ചു തരണം.
സുധ ചന്ദ്രന്റെ വാക്കുകള്‍ പെട്ടെന്നു തന്നെ പ്രതികരണം ഉണ്ടാക്കി. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അവരോട് ക്ഷമാപണം നടത്തി. വിമാനത്താവളങ്ങളുടെ സുരക്ഷാപരിശോധനാ ചുമതലയുള്ള സി.ഐ.എസ്.എഫ്. ഇക്കാര്യം പരിശോധിക്കുമെന്ന് ടിറ്ററിലൂടെ ഉറപ്പു നല്‍കുകയും ക്ഷമാപണം നടത്തുകയും ചെയ്തു.
കലാകാരിയെന്ന നിലയില്‍ ധാരാളം വിമാന യാത്രകള്‍ വേണ്ടിവരാറുള്ള സുധയ്ക്ക് എല്ലായ്പ്പോഴും നേരിട്ട അപമാനമാണ് അവര്‍ വെളിപ്പെടുത്തിയത്. തന്റെ കൃത്രിമക്കാല്‍ പരിശോധിക്കുന്നതിലല്ല, അത് പരിശോധിക്കാന്‍ ആവശ്യപ്പെടുന്നതില്‍ ഒരു തരം ബഹുമാനവും ആളുകള്‍ കാണിക്കാറില്ല എന്നതാണ് സുധയെ കൂടുതല്‍ വ്രണപ്പെടുത്തിയതെന്ന് അവര്‍ പറയുന്നു. തന്നോട് അല്പം ആദരവോടെ പെരുമാറാന്‍ പോലും പലരും ആ സമയത്ത് തയ്യാറാവാറില്ലെന്നും അവര്‍ പറയുന്നു. പരിശോധന ആവശ്യമായേക്കാമെങ്കിലും അതില്‍ ഒരു പ്രത്യേക രീതിയും മനോഭാവവും അത്യാവശ്യമാണെന്ന് സുധ ചന്ദ്രന് വിശ്വസിക്കുന്നു.