കോണ്‍ഗ്രസില്‍ പണ്ടേ മൃദുഹിന്ദുത്വ അനുഭാവമുളളവരുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. എങ്കിലും ആ പാര്‍ടിയുടെ മതനിരപേക്ഷ മുഖം കൂടുതല്‍ പ്രകടമായതിനാല്‍ മതന്യൂനപക്ഷങ്ങള്‍ കമ്മ്യൂണിസ്റ്റുകാരെക്കാള്‍ കൂടുതല്‍ ചാഞ്ഞുനിന്നിരുന്നത് കോണ്‍ഗ്രസിനൊപ്പമായിരുന്നു. അതനുസരിച്ച മുസ്ലീം,ക്രിസ്ത്യന്‍ വോട്ടുബാങ്കുകള്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു വിജയത്തെ എന്നും ഗണ്യമായി സഹായിച്ചു പോന്നിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ അടുത്ത കാലത്ത് ഇതില്‍ വലിയ ചോര്‍ച്ചയും ഉലച്ചിലും ഉണ്ടായിട്ടുള്ളത് പുറമേ പറയില്ലെങ്കിലും കോണ്‍ഗ്രസിന്റെ പ്രധാന ആകുലതയാണ്.
കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു വിജയത്തിന്റെ പ്രധാന തൂണുകളായ കേരളത്തില്‍ ഇപ്പോള്‍ ഈ രണ്ടു തൂണുകള്‍ക്കും ഇളക്കം തട്ടിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസിലെ ഏറ്റവും പ്രബല വോട്ടുബാങ്കുടമകളായ മാണി വിഭാഗം ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ ഒപ്പമായി അധികാരം പങ്കിട്ടു മുന്നോട്ടു പോയിക്കഴിഞ്ഞു. മുസ്ലീംലീഗ് പക്ഷേ കോണ്‍ഗ്രസ് പക്ഷപാതിത്വം ഔദ്യോഗികമായി ഉപേക്ഷിക്കാതിരിക്കുന്നത് മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസ് വിജയത്തെ സഹായിക്കുന്ന ഒന്നാണിപ്പോഴും. അധികാരമില്ലാത്ത പത്തു വര്‍ഷം കോണ്‍ഗ്രസിനെന്ന പോലെ മുസ്ലീം ലീഗിനും അസഹ്യമാണ്. രാജ്യത്ത് പൊതുവെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് എം.പിമാരും എം.എല്‍.എ.മാരും സംഘടനയുടെ ഉയര്‍ന്ന തലത്തിലുള്ള നേതാക്കളുടെയും ഒഴുക്കാണ്. ഇതിന് ഏക കാരണം അടുത്ത തവണയും അധികാരം ബിജെപി നേടുമെന്ന ശക്തമായ വിശ്വാസം നിലനില്‍ക്കുന്നതാണ്. കേരളത്തില്‍ അടുത്ത തവണ സംസ്ഥാന ഭരണം തങ്ങള്‍ക്ക് കിട്ടുമെന്ന ഒരു മോഹമുദ്ര കോണ്‍ഗ്രസ് വഹിക്കുന്നുണ്ട്. മാത്രമല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ച് ഇടതുപക്ഷം തോല്‍വി നേരിടുമെന്ന വിശ്വാസവും ഉണ്ട്. ഇതെല്ലാം കൊണ്ട് കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞു പോക്ക് വലുതായി ഇല്ല. മാത്രമല്ല, കേരളത്തില്‍ ബിജെപിയിലേക്ക് പോയിട്ട് ഒരു കാര്യവുമില്ലെന്ന ബോധവും പൊതുവെയുണ്ട്.
എന്നാല്‍ ഇപ്പോള്‍ ഒരു കാര്യത്തില്‍ വിജയിച്ചിരിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാക്കന്‍മാരായ രണ്ടു പേരുടെ മക്കളെ ബിജെപിയിലേക്ക് എത്തിക്കാന്‍ സാധിച്ചു. ഇത് ദേശീയ തലത്തില്‍ ഒരു പ്രചാരണ വിഷയം കൂടിയാക്കാനാണ് ബിജെപി തന്ത്രം. കാരണം എ.കെ.ആന്റണിയും കെ.കരുണാകരനും ദേശീയ തലത്തില്‍ പ്രമുഖരായ നേതാക്കളും മുന്‍ കേന്ദ്രമന്ത്രിമാരും മുന്‍മുഖ്യമന്ത്രിമാരും മുന്‍ പ്രവര്‍ത്തകസമിതി അംഗങ്ങളുമാണ്. അതിനാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളുടെ മക്കള്‍ ബിജെപിയിലേക്ക് വന്നു എന്ന പ്രചാരണം ദേശീയ തലത്തില്‍ ബിജെപിക്ക് വലിയ ഊര്‍ജ്ജമുണ്ടാക്കാന്‍ ഉപയോഗിക്കാം.
സത്യത്തില്‍ അനില്‍ ആന്റണി എന്ന വ്യക്തിക്ക് കേരളത്തിലെ രാഷ്ട്രീയത്തില്‍ ഒരിലയുടെ അനക്കത്തെപ്പോലും സ്വാധീനിക്കാന്‍ സാധിക്കില്ല എന്നതാണ് വാസ്തവം. മുഖത്തു നോക്കി സംസാരിക്കാത്ത, ആത്മവിശ്വാസത്തോടെ ഒരു കാര്യവും പറഞ്ഞു ഫലിപ്പിക്കാനാവാത്ത, ഒരു അനുയായി പോലും കേരളത്തിലില്ലാത്ത വ്യക്തിയാണ് അനില്‍ ആന്റണി. അനില്‍ ആന്റണിയെക്കൊണ്ട് ബിജെപിക്ക് ഒരു തരത്തിലും ആകര്‍ഷണീയമായ സാഹചര്യം ഉണ്ടാക്കാനാകില്ലെന്ന് ബിജെപിക്ക് അറിയാമെങ്കിലും അദ്ദേഹം ബിജെപിയിലെത്തിയത് ദേശീയ തലത്തില്‍ സംഭവമാക്കി അവതരിപ്പിക്കുകയും ദേശീയ സെക്രട്ടറി പദവി നല്‍കുകയും ചെയ്തത് വ്യക്തമായ പ്രചാരണ ഉദ്ദേശ്യത്തോടെയാണ്.
ഇപ്പോള്‍ കെ.കരുണാകരന്റെ മകള്‍ പത്മജയും ബിജെപിയിലേക്കെത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യസമിതി അംഗമാണ് അങ്ങോട്ടു പോകുന്നത് എന്നോര്‍ക്കണം. ഈ പോക്ക് കൂടുതല്‍ അസ്വസ്ഥമാക്കുക കോണ്‍ഗ്രസിനെ അല്ല. കാരണം പത്മജയ്ക്ക് പത്തു വോട്ട് സ്വന്തമായി കാന്‍വാസ് ചെയ്യാനുള്ള അനുയായികള്‍ ഇവിടെയില്ല. പക്ഷേ കോണ്‍ഗ്രസിനോട് ചേര്‍ന്നു നില്‍ക്കുന്ന മുസ്ലീം ന്യൂനപക്ഷം തെല്ല് അങ്കലാപ്പോടെയാണ് ഈ ബിജെപിപ്രണയത്തെ കാണുന്നത്. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും കോണ്‍ഗ്രസിലെ നേതാക്കള്‍ ഉള്ളില്‍ ബിജെപിയോടും താല്‍പര്യം വെച്ചു പുലര്‍ത്തുന്നവരാണെന്നും ആവശ്യം വന്നാല്‍ കാലു മാറാന്‍ അവര്‍ക്കൊരു ചാഞ്ചല്യവും ഉണ്ടാകില്ലെന്നും മുസ്ലീം വോട്ടര്‍മാര്‍ ചിന്തിച്ചു തുടങ്ങാന്‍ പത്മജയുടെയും അനിലിന്റെയും ചാട്ടം ഇടയാക്കുമെന്നുറപ്പാണ്. കോണ്‍ഗ്രസിന്റെ മതനിരപേക്ഷതയില്‍ കാര്യമായ സന്ദേഹവും അതിന്റെ നേതാക്കളില്‍ തെല്ല് അവിശ്വാസവും തോന്നാന്‍ ഇടയാക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇത് ഇടതുപക്ഷം രാഷ്ട്രീയ ആയുധമാക്കി പ്രചാരണവും ഊര്‍ജ്ജിതമാക്കുമെന്നുറപ്പാണ്. അതോടെ മതനിരപേക്ഷതയും ന്യൂനപക്ഷ സംരക്ഷണവും ഉറപ്പിക്കാവുന്നത് കേരളത്തിലെങ്കിലും ഇടതുപക്ഷത്തിന് ശക്തിയുണ്ടെങ്കില്‍ മാത്രമേ സാധ്യമാകൂ എന്നും ഇടതിനൊപ്പം നില്‍ക്കുന്നതാണ് കൂടുതല്‍ തങ്ങളുടെ സുരക്ഷിതത്വത്തിന് നല്ലതെന്ന് മുസ്ലീങ്ങള്‍ ചിന്തിക്കുകയും ചെയ്താല്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ വലിയ ചോര്‍ച്ച ഉറപ്പാണ്.
അതിനാല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് നേതാക്കള്‍ പോകുന്നത് കോണ്‍ഗ്രസിനെക്കുറിച്ചുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ, പ്രത്യേകിച്ച് മുസ്ലീങ്ങളുടെ വിശ്വാസം വ്യാപകമായി നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കുകയാണ് ചെയ്യാന്‍ പോകുന്നത്. അത് രാഷ്ട്രീയമായി ഇടതുപക്ഷത്തിന് ലാഭകരമാണ്. മുസ്ലീം സമുദായ വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് ചായാനിടയാക്കുന്ന സ്ഥിതിയാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വരിക.