കെ.കരുണാകരന്റെ രണ്ടാം സ്വദേശം എന്നു പറയാവുന്ന തൃശ്ശൂരിലേക്ക് മകന്‍ കെ.മുരളീധരന്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയായി എത്തുമെന്ന വാര്‍ത്തയ്ക്കിടെ അവിടെ ടി.എന്‍.പ്രതാപന്‍ തുടങ്ങിവെച്ച പ്രചാരണം പാതി വഴിയില്‍ നിര്‍ത്തി. മൂന്നു ലക്ഷം രൂപയുടെ പോസ്റ്റര്‍ അടിച്ച് ഒട്ടിച്ച് സിറ്റിങ് എം.പി. പ്രതാപന്‍ തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചിരുന്നു. ചുമരെഴുത്തും നടത്തിയിരുന്നു.
തൃശ്ശൂരില്‍ മുരളീധരന്‍ എത്തുന്നതോടെ അവിടെ ഇടതുമുന്നണിയുടെ ഏറ്റവും പ്രിയപ്പെട്ട ജനകീയ സ്ഥാനാര്‍ഥി സി.പി.ഐ.യുടെ വി.എസ്.സുനില്‍കുമാറും താരസ്ഥാനാര്‍ഥിയായ ബി.ജെ.പി.യുടെ സുരേഷ് ഗോപിയുമായുള്ള മല്‍സരം അക്ഷരാര്‍ഥത്തില്‍ തന്നെ തീപ്പാറുന്നതായി മാറുമെന്നു മാത്രമല്ല, ഇഞ്ചോടിഞ്ച് എന്ന നിലയിലേക്കു വരികയും ചെയ്യും. ഇടതുമുന്നണിക്കും യു.ഡി.എഫിനും ജയത്തിനായി നന്നായി വിയര്‍ക്കേണ്ടി വരുന്ന മണ്ഡലമായി തൃശ്ശൂര്‍ ഇതോടെ മാറുകയാണ്.
പാർട്ടി ആവശ്യപ്പെട്ടാൽ മത്സരത്തിൽനിന്നു പിന്മാറുമെന്നു ടി.എൻ.പ്രതാപൻ പ്രതികരിച്ചു . ചുവരെഴുതിയതും പോസ്റ്റർ ഒട്ടിച്ചതും സ്വാഭാവികമാണെന്നും തൃശൂരിൽ ആരു മത്സരിച്ചാലും പൂർണ പിന്തുണയെന്നും പ്രതാപൻ പറഞ്ഞു. തൃശൂരിൽ ഇക്കുറി കോൺഗ്രസ് പരിഗണിക്കുന്നതു കെ.മുരളീധരനെയാണെന്ന വാർത്തകൾക്കു പിന്നാലെയാണു ടി.എൻ.പ്രതാപന്റെ വിശദീകരണം. പോസ്റ്ററുകളും ചുമരെഴുത്തുകളുമെല്ലാം നീക്കം ചെയ്യാന്‍ തൃശ്ശൂര്‍ ഡി.സി.സി. നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.