കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ(പി.എഫ്.ഐ.) പിന്തുണയോടെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിക്കുന്നതെന്ന് കേന്ദ്രമന്ത്രിയും അമേഠി എംപിയുമായ സ്മൃതി ഇറാനി ആരോപിച്ചു.
നേരത്തെ ലോക്‌സഭയിൽ അമേഠിയെ പ്രതിനിധീകരിച്ച രാഹുലിനെ പരാമർശിച്ച് സ്‌മൃതി പരിഹസിച്ചു. തങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാത്ത ഒരു എംപിയെ മണ്ഡലത്തിലെ ജനങ്ങൾ 15 വർഷമായി സഹിക്കുകയായിരുന്നുവെന്ന് രാഹുലിനെ ഉദ്ദേശിച്ച് സ്മൃതി ഇറാനി പറഞ്ഞു. വയനാട്ടിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീവ്രവാദ സംഘടനയായ പിഎഫ്ഐയുടെ പിന്തുണ രാഹുൽ ഗാന്ധി സ്വീകരിച്ചതായി ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
പിഎഫ്ഐക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ ഓരോ ജില്ലയിലും കൊല്ലപ്പെടേണ്ട ഹിന്ദുക്കളുടെ എണ്ണം സംഘടന രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇറാനി അവകാശപ്പെട്ടു.
എന്തുകൊണ്ടാണ് ഇത്തരമൊരു സംഘടനയുടെ സഹായത്തോടെ വയനാട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് രാഹുൽ ഗാന്ധി അമേഠിയിലെ ജനങ്ങളോട് പറയണമെന്നും ഇറാനി മാധ്യമങ്ങളോട് പറഞ്ഞു.
“വയനാടുകാർ കൂടുതൽ വിശ്വസ്തരാണെന്ന് തോന്നിയാണ് രാഹുൽ ഗാന്ധി സീറ്റ് തിരഞ്ഞെടുത്തതെന്ന് ഇന്നലെ ഒരു കോൺഗ്രസ് നേതാവ് വയനാട്ടിൽ പ്രഖ്യാപിച്ചു. 15 വർഷം ഒരു എംപിയെ സഹിച്ച അമേത്തിയുടെ വിശ്വസ്തതയെക്കുറിച്ചോ? ആരാണ് അവർക്കുവേണ്ടി ഒന്നും ചെയ്യാത്തത്?
15 വർഷത്തിനിടയിൽ 10 വർഷം കേന്ദ്രത്തിൽ സോണിയാജിയുടെ സർക്കാരും സംസ്ഥാനത്ത് എസ്പി സർക്കാരും ഉണ്ടായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. രാഹുൽ ഗാന്ധി അമേഠിക്ക് വേണ്ടി ഒന്നും ചെയ്തില്ല.”– സ്‌മൃതി പറഞ്ഞു.