ലോക്‌സഭാ വോട്ടെടുപ്പ് അടുത്തിരിക്കെ, ഗുജറാത്ത് ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹവും വിഭാഗീയതയും വർധിച്ച് പാർട്ടിയെ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണെന്നാണ് സംസ്ഥാനത്തു നിന്നുള്ള റിപ്പോർട്ടുകൾ . മൂന്നാം ഘട്ടത്തിലാണ് സംസ്ഥാനത്തെ വോട്ടെടുപ്പ്.
പ്രധാനമന്ത്രിയുടെ സ്വന്തം തട്ടകവും ബിജെപിയുടെ മൃഗീയ ആധിപത്യകേന്ദ്രവുമായ സംസ്ഥാനത്തെ നിലവിലെ ക്ഷത്രിയ പ്രക്ഷോഭങ്ങൾക്കിടയിൽ സംഘർഷം രൂക്ഷമാക്കിക്കൊണ്ട് മുതിർന്ന നേതാക്കൾ മേധാവിത്വത്തിനായുള്ള പോരാട്ടത്തിലും ഏർപ്പെട്ടിരിക്കുകയാണ്. വഡോദരയിലെയും സബർകാന്തയിലെയും ഒറ്റപ്പെട്ട സംഘട്ടനങ്ങൾ ഇപ്പോൾ ആനന്ദ്, രാജ്‌കോട്ട്, അമ്രേലി, വൽസാദ്, പോർബന്തർ, ജുനഗഡ്, സുരേന്ദ്രനഗർ എന്നിവയുൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള ജില്ലകളിലേക്ക് വ്യാപിച്ചിരിക്കുന്നു.
കേന്ദ്ര നേതാക്കൾ മറ്റ് സംസ്ഥാനങ്ങളിലെ പ്രചാരണത്തിൽ മുഴുകിയതോടെ ഭിന്നത നിയന്ത്രിക്കാനുള്ള സംസ്ഥാന തല ശ്രമങ്ങൾ പാളി. വിയോജിപ്പുകൾ ഫലപ്രദമായി ശമിപ്പിക്കുന്നതിൽ ഗുജറാത്ത് ബിജെപി നേതൃത്വത്തിൻ്റെ പരാജയം ക്ഷത്രിയ പ്രക്ഷോഭത്തെ നിയന്ത്രണാതീതമാക്കി. അംറേലി ലോക്‌സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് യോഗത്തെ തുടർന്നുണ്ടായ പരസ്യമായ വാക്കേറ്റത്തിൽ എതിരാളികൾ തമ്മിൽ ഏറ്റുമുട്ടിയതോടെ സംഘർഷം രൂക്ഷമായി. പാർട്ടി നേതാക്കൾ സംഭവത്തെ നിസ്സാരവത്കരിക്കുമ്പോൾ അടച്ചിട്ട മുറിയിൽ ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
വഡോദരയിൽ സിറ്റിംഗ് എംപി രഞ്ജൻബെൻ ഭട്ടിനെതിരായ പ്രതിഷേധത്തെ തുടർന്ന് സ്ഥാനാർത്ഥിയെ മാറ്റിയെങ്കിലും ആഭ്യന്തര കലഹം നിലനിൽക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ആക്കം കൂട്ടി വഡോദരയിലെ ബിജെപി നേതാക്കൾക്കിടയിൽ വിഭാഗീയത ശക്തമായി. തിരഞ്ഞെടുത്ത സ്ഥാനാർത്ഥിക്ക് പ്രാദേശിക ബന്ധമില്ലെന്ന ആശങ്കയെ തുടർന്ന് വൽസാദിലെ സ്ഥിതി വഷളായി.
സുരേന്ദ്രനഗറിൽ പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തതിൽ അതൃപ്തി ഉടലെടുത്തത് പ്രാദേശിക നേതാക്കൾക്കിടയിൽ അമർഷത്തിന് കാരണമായി. സബർകാന്തയിൽ സ്ഥാനാർത്ഥിയോടുള്ള എതിർപ്പ് രൂക്ഷമായി തുടരുന്നു. കച്ചിൽ, സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറി വിനോദ് ചാവ്‌ഡ സ്ഥാനാർത്ഥി ആയിട്ടും പ്രാദേശിക നേതാക്കൾ അദ്ദേഹത്തിൻ്റെ പ്രചാരണം തടസ്സപ്പെടുത്തി.– റിപ്പോർട്ടുകൾ പറയുന്നു.
ആനന്ദിൽ ബിജെപി സ്ഥാനാർത്ഥി ഉൾപ്പെട്ട സെക്‌സ് സിഡി ആരോപണങ്ങളും കേന്ദ്ര സർക്കാർ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് കേന്ദ്രമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളും ഉൾപ്പെടെ അപകീർത്തികരമായ കിംവദന്തികളിൽ കുടുങ്ങിക്കിടക്കുകയാണ് തിരഞ്ഞെടുപ്പ് പ്രചാരണം . ഒരു പ്രാദേശിക നേതാവിൻ്റെ അടുത്ത അനുയായിയാണ് വിവാദത്തിൽ നിർണായക പങ്ക് വഹിച്ചത്.
ഗുജറാത്ത് ബി.ജെ.പി.യെ അലട്ടുന്ന ആഭ്യന്തര കലഹം പാർട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ തുരങ്കം വയ്ക്കുമെന്നും പൊതുജനവിശ്വാസം തകർക്കുമെന്നും ആശങ്കയുണ്ട് . ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആഭ്യന്തര ഭിന്നതകൾ പരിഹരിച്ചു ഐക്യമുണ്ടാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ബിജെപി നേരിടുന്നത്.
ഓരോ ദിവസം കഴിയുന്തോറും പാർട്ടിക്കുള്ളിലെ വിള്ളലുകൾ നേതൃത്വത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നു. ആഭ്യന്തര വിയോജിപ്പിൽ പരിക്കേൽക്കാതെ ഉയർന്നുവരാനുമുള്ള ബി.ജെ.പിയുടെ കഴിവിനെ ആശ്രയിച്ചായിരിക്കും തിരഞ്ഞെടുപ്പ് ഫലം എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
(മീഡിയ ഇന്‍പുട്ടുകളോടെ)