തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കൽ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനെതിരെയുള്ള കോടതിയലക്ഷ്യ കേസിൽ പതഞ്ജലി ആയുർവേദിൻ്റെയും അതിൻ്റെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടും കഴിഞ്ഞ ഏപ്രിൽ പത്തിന് അവരുടെ ക്ഷമാപണം തള്ളിക്കൊണ്ട് സുപ്രീം കോടതി ഒരു ചോദ്യം ചോദിച്ചു- “ഒരാൾ മാപ്പ് തേടുന്നു. മരുന്നുകൾ കഴിച്ച എണ്ണമറ്റ നിരപരാധികളുടെ കാര്യമോ?”
ഈ ചോദ്യം ചോദിച്ച ജഡ്ജ് ഒരു ന്യൂനപക്ഷക്കാരനായതിനാല്‍ വലിയ തരത്തിലുള്ള വിദ്വേഷ പ്രചാരണമാണ് സമൂഹമാധ്യമങ്ങളില്‍ പിന്നീടുള്ള ദിനങ്ങളില്‍ നിറഞ്ഞത്. പക്ഷേ സത്യം തിളങ്ങിത്തന്നെ നിന്നു.
രാംദേവിന്റെ കമ്പനിയെയും ഷെല്‍ കമ്പനികളെയും രക്ഷിക്കാന്‍ ശ്രമിച്ചവരില്‍ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് സര്‍ക്കാരും, ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയവും ഉണ്ടെന്നുള്ള തിരിച്ചറിവില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെയും ആയുഷിനെയും സുപ്രീംകോടതി നിശിതമായി വിമര്‍ശിക്കുകയുണ്ടായി. ഇക്കാര്യം പൊതുജനത്തിനു മുമ്പില്‍ വേണ്ടത്ര പ്രകടമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയ മാധ്യമങ്ങള്‍ മാത്രമല്ല, കേരളത്തിലെ മാധ്യമങ്ങളും ശ്രമിച്ചില്ല.
സുപ്രീംകോടതിയുടെ വിമർശനത്തെ തുടർന്ന് ആയുഷ് മന്ത്രാലയം സമഗ്രമായി പരിശോധിക്കുന്നതുവരെ ഒരു മരുന്നും പരസ്യപ്പെടുത്തരുതെന്ന് പതഞ്ജലിക്ക് നിർദ്ദേശം നൽകിയതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പതഞ്ജലിയുടെ കൊറോണിൽ ടാബ്‌ലെറ്റ് കോവിഡ് -19 നുള്ള പിന്തുണാ നടപടിയായി മാത്രമേ പരിഗണിക്കാവൂ എന്ന് ഉത്തരാഖണ്ഡിലെ സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റിയെ (എസ്എൽഎ) അറിയിച്ചിട്ടുണ്ടെന്നും ആയുഷുമായി ബന്ധപ്പെട്ട കോവിഡ് ചികിത്സയ്ക്കായി അവകാശവാദങ്ങൾ ഉന്നയിക്കുന്ന പരസ്യങ്ങൾ നിർത്താൻ അതോറിറ്റിക്ക് നിർദ്ദേശം നൽകിയതായും കേന്ദ്രം അറിയിച്ചു .
കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയപ്പോൾ ചുരുക്കത്തിൽ രാംദേവ് കേന്ദ്ര സർക്കാരിനെ നാണംകെടുത്തുകയായിരുന്നു ചെയ്തത് എന്ന് വ്യക്തമായി. പക്ഷെ അതെല്ലാം ക്ഷമിക്കപ്പെടുന്നു. കാരണം മറ്റ് സന്യാസിമാർക്കും ഗുരുക്കന്മാർക്കും ഒപ്പം പാർട്ടിയുടെ വളർച്ചയ്ക്ക് കനപ്പെട്ട സംഭാവന നൽകിയതിനാൽ ബിജെപിയുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധത്തിന് ഒന്നും തടസ്സമാകില്ലെന്ന് പാർട്ടിയിലെ ഉന്നതർ രഹസ്യമായി പറഞ്ഞത് ചില മീഡിയകൾ റിപ്പോർട്ട് ചെയ്തു.
എന്തായിരുന്നു രാംദേവ് നല്‍കിയ കനപ്പെട്ട സംഭാവനകള്‍. ഒന്ന് പണം ആണ്. രണ്ടാമത്തെത് അതിലും മികവുള്ള മറ്റൊരു മാനസിക സഹായമായിരുന്നു. യോഗയിലൂടെയും ആയുര്‍വേദത്തിലൂടെയും രാജ്യത്ത് ഹിന്ദു ബോധം വളര്‍ത്തിയെടുക്കുക എന്ന തന്ത്രം. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനു ശേഷം ഇത് വ്യാപകമായി സ്വന്തം പബ്ലിക് റിലേഷന്‍സ് ടീമിനെ ഉപയോഗിച്ച് പ്രയോഗത്തില്‍ വരുത്തി. ഗുഹയില്‍ ധ്യാനത്തിലിരിക്കുന്നതും, പാറപ്പുറത്ത് മലര്‍ന്നു കിടന്ന് യോഗ ചെയ്യുന്നതും കടപ്പുറത്ത് ഇരിക്കുന്നതുമെല്ലാം വ്യക്തമായി നടപ്പാക്കിയ ഹിന്ദുത്വ പി.ആര്‍. ജോലിയായിരുന്നു എന്ന് മനസ്സിലാക്കാത്ത നിഷ്‌കളങ്കരായ ഇന്ത്യക്കാര്‍ മോദിക്കു പിന്നില്‍ കൂപ്പുകൈയുമായി അണിനിരക്കുന്നു.
വ്യാജമായ പരസ്യം നല്‍കിയതു മൂലം കൊറോണ മാറ്റാന്‍ പതഞ്ജലി ഗുളിക കഴിച്ച് ജനലക്ഷങ്ങളോട് ആര് മാപ്പു പറയുമെന്ന സുപ്രീംകോടതി വിധി പ്രസ്‌കതമാകുന്നത് ഇവിടെയാണ്.
കഴിഞ്ഞ 10 വർഷമായി, ബിജെപി നേതൃത്വത്തിലുള്ള വിവിധ സംസ്ഥാന സർക്കാരുകളിൽ നിന്ന് യോഗ ഗുരു ഗണ്യമായ നേട്ടങ്ങൾ ആസ്വദിച്ചു വരികയായിരുന്നു. 2021-ൽ “കൊറോണിൽ” ഗുളിക പുറത്തിറക്കുന്ന വേളയിൽ രണ്ട് കേന്ദ്ര കാബിനറ്റ് മന്ത്രിമാർ – അന്നത്തെ ആരോഗ്യമന്ത്രി ഹർഷ് വർദ്ധനും ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും – രാംദേവിനൊപ്പം വേദിയിൽ ഉണ്ടായിരുന്നു. രാംദേവാകട്ടെ പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും തുടർച്ചയായി പ്രശംസിക്കുകയും ബിജെപിക്കുള്ള പിന്തുണ ശക്തിപ്പെടുത്തുകയും ചെയ്തു.
ആയുഷ് മന്ത്രാലയത്തിൻ്റെ ഉപദേശങ്ങൾ അവഗണിച്ച് രാംദേവ് തന്റെ വ്യാജ പരസ്യങ്ങൾ തുടർന്നു. കമ്പനിയുടെ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിനായി അലോപ്പതി ഡോക്ടർമാർക്കെതിരെ നിരന്തരം അപവാദ പ്രചാരണങ്ങൾ നടത്തി. ഉത്തരാഖണ്ഡിലെ ഒരു മന്ത്രി പറഞ്ഞത് ഹിന്ദുത്വയുടെ ഉദയം ബി.ജെ.പിയുടെ നില ഉറപ്പിച്ചെന്നും യോഗയിലൂടെയും ആയുർവേദത്തിലൂടെയും ഹിന്ദു അവബോധം വളർത്തി രാംദേവ് മറ്റ് സന്യാസിമാർക്കും ഗുരുക്കന്മാർക്കും ഒപ്പം പാർട്ടിയുടെ വളർച്ചയ്ക്ക് സംഭാവന നൽകിയെന്നും ആയിരുന്നു എന്ന് ചില റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നു. ബാബാ രാംദേവും ബിജെപിയുടെ നേതൃത്വവും തമ്മിലുണ്ടെന്ന് ആരോപിക്കപ്പെടുന്ന അന്തര്‍ധാരയിലേക്ക് വെളിച്ചം വീശുന്ന വാക്കുകളായിരുന്നു അത്.
ബാബ രാംദേവും അദ്ദേഹത്തിൻ്റെ അടുത്ത സഹായിയും പതഞ്ജലി ആയുർവേദ മാനേജിംഗ് ഡയറക്ടറുമായ ആചാര്യ ബാലകൃഷ്ണയും കനത്ത സുരക്ഷയ്ക്കിടയിൽ സുപ്രീം കോടതി വളപ്പിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഉണ്ടായ ഒരു സംഭവത്തിന്റെ വീഡിയോ വൈറൽ ആവുമായുണ്ടായി. ഒരു മാധ്യമപ്രവർത്തകൻ അവരുടെ അടുത്തേക്ക് വരികയും ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. “എന്തുകൊണ്ടാണ് നിങ്ങൾ കൊറോണിൽ വഴി തെറ്റായ ചികിത്സ ശുപാർശ ചെയ്തത്? എന്തുകൊണ്ടാണ് അദ്ദേഹം സുപ്രീം കോടതിയിൽ കള്ളം പറഞ്ഞത്?” ഇതായിരുന്നു ചോദ്യങ്ങൾ. ഇതിന് യോഗാ ഗുരു ഒന്നും പ്രതികരിച്ചില്ല. എന്നാൽ ബാബാ രാംദേവിൻ്റെ സുരക്ഷാ ജീവനക്കാരിലൊരാൾ റിപ്പോർട്ടറുടെ കൈകൾ വളച്ച് തിരിച്ച് വേദനിപ്പിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നത് തടയാൻ ശ്രമിച്ചു.! നല്ല യോഗാ(ഭ്യാ)ഭാസം അല്ലേ !!