Categories
kerala

‘ജയവിജയന്‍’മാരിലെ ജയനും ഓര്‍മയായി

പ്രശസ്ത സംഗീതജ്ഞൻ കെ.ജി ജയൻ (90) അന്തരിച്ചു. ജയവിജയന്‍മാര്‍ എന്ന പേരില്‍ പ്രശസ്തരായ ഗായകസഹോദരങ്ങളിലൊരാളാണ് ജയന്‍. ഇരട്ട സഹോദരന്‍ കെ.ജി.വിജയന്‍ 1988ല്‍ മരണപ്പെട്ടിരുന്നു. ഇവര്‍ പാടിയ അയ്യപ്പ കീര്‍ത്തനങ്ങള്‍ ഒരു കാലത്ത് വന്‍ ഹിറ്റായിരുന്നു.
നടൻ മനോജ് കെ. ജയന്റെ പിതാവാണ്.

തൃപ്പുണ്ണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ഭാര്യ പരേതയായ സരോജിനി. ​ ബിജു കെ. ജയന്‍ ആണ് മറ്റൊരു മകന്‍.

thepoliticaleditor
ജയവിജയന്‍മാര്‍( FB IMAGE)

ഭക്തിഗാനങ്ങളിലൂടെയും ചലച്ചിത്രഗാനങ്ങളിലൂടെയും വിഖ്യാതരായ ജയവിജയന്മാരിലെ ജയൻ സംഗീത ലോകത്തു മാത്രമല്ല,​ ചലച്ചിത്രഗാനങ്ങളിലും ഭക്തിഗാന രംഗത്തും സ്വന്തം ശൈലിയുടെ ഉടമയായി.

കോട്ടയം നാഗമ്പടത്ത് മീനച്ചിലാറിന്റെ തീരത്തുള്ള കടമ്പൂത്ര മഠത്തിലാണ് ഗോപാലൻ തന്ത്രിയുടെയും നാരായണിയമ്മയുടെയും മക്കളായി ജയവിജയന്മാരുടെ ജനനം. ഇരട്ടകളുടെ സംഗീതവാസന മനസിലാക്കി ശ്രീനാരായണ ഗുരു ശിഷ്യനായ അച്ഛൻ ഗോപാലൻ തന്ത്രിയാണ് ആറാം വയസിൽ പാട്ടു പഠിപ്പിക്കാൻ രാമൻ ഭാഗവതരുടെ അടുത്തെത്തിച്ചത്. ഒമ്പതാം വയസ്സിൽ കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി.

തുടർന്ന് അവർ മാവേലിക്കര രാധാകൃഷ്ണ അയ്യരിൽ നിന്ന് സംഗീതം പഠിച്ചു. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്തെ പ്രശസ്തമായ സ്വാതിതിരുനാൾ സംഗീത കോളേജിൽ ഗാനഭൂഷണം കോഴ്‌സ് പഠിച്ച് മികച്ച വിജയം നേടി. അതിനു ശേഷം ആലത്തൂർ ബ്രദേഴ്‌സ് , ചെമ്പൈ വൈദ്യനാഥ ഭാഗവതർ , എം. ബാലമുരളീകൃഷ്ണ തുടങ്ങിയ കർണാടക രംഗത്തെ അതികായൻമാരിൽ നിന്ന് ഉന്നത പരിശീലനം നേടി . ചെമ്പൈയുടെ കീഴിലുള്ള പഠനകാലത്താണ് ഇവർ പാട്ടുകൾ രചിക്കാനും പാടാനും തുടങ്ങിയത്.

എച്ച്.എം.വി ഗ്രാമഫോൺ റെക്കാഡിനു വേണ്ടി ജയവിജയന്മാർ ആദ്യമായി ഈണമിട്ട ‘ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പ ” എന്ന പി. ലീലയുടെ പാട്ട്,​ ആദ്യമായി ഒരു സ്ത്രീ ആലപിച്ച അയ്യപ്പഭക്തി ഗാനമായി. യേശുദാസിന്റെ ആദ്യ ഭക്തിഗാനമായ ‘ദ‌ർശനം പുണ്യ ദർശനം”, ശ്രീകോവിൽ നടതുറന്നു, എല്ലാമെല്ലാം അയ്യപ്പൻ, ശ്രീശബരീശ ദീനദയാലാ, പതിനെട്ട് പടിയേറി, നല്ലതു വരുത്തുക, വണ്ടിപ്പെരിയാറും മേടും നടപ്പാതയാക്കി…. തുടങ്ങി പോപ്പുലറായ അയ്യപ്പഭക്തി ഗാനങ്ങളുടെ പിതാക്കന്മാരാണ് ഈ ഇരട്ട സഹോദരർ.

മലയാളത്തിൽ പത്തൊമ്പതും തമിഴിൽ നാലും സിനിമകൾക്ക് ഈണം നൽകി. ‘ഭൂമിയിലെ മാലാഖ ” ആയിരുന്നു ആദ്യചിത്രം. നക്ഷത്രദീപങ്ങൾ തിളങ്ങി, ഹൃദയം ദേവാലയം തുടങ്ങിയവ ഇന്നും ഗാനാസ്വദകരുടെ ഇഷ്ടഗീതങ്ങളായി നിൽക്കുന്നു.എസ്.രമേശൻ നായർ എഴുതി ജയൻ ഈണമിട്ട,​ തരംഗിണിയുടെ മയിൽപ്പീലി കാസറ്റിലെ ‘രാധതൻ പ്രേമത്തോടാണോ… , ഒരു പിടി അവിലുമായ്, ചന്ദനചർച്ചിത, അണിവാക ചാർത്തിൽ, ചെമ്പൈയ്ക്കു നാദം നിലച്ചപ്പോൾ തുടങ്ങിയവ അനശ്വര ഗാനങ്ങളായി ഇന്നും മലയാളിയുടെ മനസ്സിൽ ഉണ്ട്.

Spread the love
English Summary: K.G. JAYAN PASSED AWAY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick