കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥി എം.വി.ജയരാജന്‍ സുന്നികളുടെ പ്രബല വിഭാഗത്തിന്റെ നേതാവായ കാന്തപുരം എം.പി. അബൂബക്കര്‍ മുസല്യാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.
.മതനിരപേക്ഷ മൂല്യങ്ങൾ തകർപ്പെടുന്ന ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ, മതനിരപേക്ഷത ഉൾപ്പടെയുള്ള ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാൻ സാധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇക്കാര്യത്തിൽ ഉറച്ച നിലപാട് സ്വീകരിച്ചുവരുന്നവരാണ് ഇത്തവണ പാർലമെന്റിൽ എത്തേണ്ടതെന്നും ഇടതുപക്ഷനിലപാടിൽ പ്രതീക്ഷയുണ്ടെന്നും കാന്തപുരം അറിയിച്ചതായി ജയരാജൻ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ടാൽ പാർലമെന്റിനകത്തും മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാതെ ഇടപെടുമെന്നും ജനകീയ വിഷയങ്ങൾക്ക് മുന്നിൽ നിശബ്ദനാകാൻ കഴിയില്ലെന്നും അദ്ദേഹത്തിന് താൻ ഉറപ്പുനൽകിയതായും ജയരാജൻ പറഞ്ഞു. കുറച്ചുസമയം സൗഹൃദസംഭാഷണം നടത്തിയശേഷമാണ് മടങ്ങിയത്. കാന്തപുരത്തിന്റെ വാക്കുകളും പിന്തുണയും മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് വെളിച്ചമാണെന്ന് എം.വി. ജയരാജൻ അഭിപ്രായപ്പെട്ടു.