Categories
kerala

വിവാദ ആൾദൈവം സന്തോഷ് മാധവൻ മരിച്ചു, തട്ടിപ്പുകളിലെ പെരിയ “സ്വാമി”

വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവൻ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞദിവസമായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നീണ്ട ജയിൽവാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുകയായിരുന്നു സന്തോഷ് മാധവൻ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ടിരുന്നു.

ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയായ സന്തോഷ് സ്വയം പ്രഖ്യാപിത ആള്‍ദൈവമായി സ്വാമി ചൈതന്യ എന്ന പേരിൽ പുറം ലോകത്ത് പ്രത്യക്ഷപ്പെട്ടു. കട്ടപ്പനയിലെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ഇയാള്‍ പത്താംക്ലാസ് തോറ്റതോടെ വീടുവിട്ടിറങ്ങി. പല ജോലികള്‍ ചെയ്തുജീവിച്ചു. അതിനുശേഷമാണ് ആള്‍ദൈവമായി സ്വയം പ്രഖ്യാപിച്ചത്. ഇതോടെ കണ്ണടച്ചുതുറക്കുന്ന വേഗത്തിലായി വളർച്ച. കോടികൾ വിലമതിക്കുന്ന സ്വത്തുക്കളുടെ ഉടമയായി. ശിഷ്യരും വിശ്വാസികളും ദർശനത്തിനായി കാത്തു നിന്നു. ആരെയും മയക്കാൻ പോന്ന സൗന്ദര്യവും വസ്ത്രധാരണവും ആയിരുന്നു “കപട സ്വാമി”ക്ക്.

thepoliticaleditor

താൻ സ്വാമിയല്ലെന്നും ആത്മീയ ചൈതന്യമുള്ള വ്യക്തിയാണെന്നുമായിരുന്നു സന്തോഷ് മാധവൻ എല്ലാവരോടും പറഞ്ഞിരുന്നത്. സിനിമാ താരങ്ങൾ ഉൾപ്പടെയുള്ള വിവിഐപികളിലൂടെ സ്വാമി കൂടുതൽ പ്രശസ്തനായി. പക്ഷെ കുറെ കഴിഞ്ഞപ്പോൾ കണക്കു കൂട്ടൽ എല്ലാം തെറ്റി.

2008 മുതൽ തിരിച്ചടി തുടങ്ങി. സന്തോഷ് മാധവന്റെ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും ഒന്നൊന്നായി പുറത്തുവന്നു. ഇന്റർപോൾ തിരയുന്നവരുടെ പട്ടികയിൽ അമൃത ചൈതന്യ എന്നപേരിൽ പടം വന്നതോടെയാണ് കഷ്ടകാലം തുടങ്ങുന്നത്. ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച് വിദേശമലയാളിയാണ് ഇയാള്‍ക്കെതിരേ ആദ്യം പരാതി നല്‍കിയത്. ഈ കേസിൽ അറസ്റ്റിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലൈംഗിക പീഡനമടക്കം വെളിച്ചുവന്നത്. നഗ്നപൂജയെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം സന്തോഷ് മാധവന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ സി.ഡി.കളടക്കം ഇയാളുടെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. ഇതെല്ലാം സന്തോഷ് മാധവനെതിരായ കേസിൽ നിർണായക തെളിവുകളാവുകയായിരുന്നു. പീഡനക്കേസിൽ 16 വര്‍ഷത്തെ കഠിനതടവാണ് സന്തോഷ് മാധവന് കോടതി വിധിച്ചത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick