ഇന്ത്യാ മുന്നണിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് മഹാരാഷ്ട്രയിലെ ഭാരത്‌ജോഡോ ന്യായ് യാത്രയുടെ സമാപന വേദി ഒരു തുടക്കമായപ്പോള്‍ ഇടതു പക്ഷ നേതാക്കളുടെ അസാന്നിധ്യം കല്ലുകടിയായി.
ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും കമ്മ്യൂണിസ്റ്റ് പാര്‍ടികളുടെ സ്ഥാനാര്‍ഥികളും നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യത്തിലാണ് ഈ വിട്ടു നില്‍ക്കല്‍ എന്നാണ് അനുമാനം.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വേദിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ പങ്കെടുത്താല്‍ കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യം എന്ന ആരോപണം ബിജെപി ശക്തമാക്കുകയും അത് കേരളത്തിലെ തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ പരാജയത്തിനും ബിജെപിക്ക് വോട്ട് വര്‍ധനയ്ക്കും ഇടയാക്കുമെന്നും ഉള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മാറി നില്‍പ്.
സിറ്റിങ് എം.പി. എന്ന നിലയില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതില്‍ ഇടതുനേതാക്കള്‍ക്ക് മല്‍സരാധിഷ്ഠിത എതിര്‍പ്പാണ് മുഖ്യമായിട്ടുള്ളത്. എന്നാല്‍ കെ.സി. വേണുഗോപാലിനെ കോണ്‍ഗ്രസ് കേരളത്തില്‍ എത്തിച്ച് മല്‍സരിപ്പിക്കുന്നതില്‍ കടുത്ത എതിര്‍പ്പ് ഇടതുപക്ഷത്തിന് ഉണ്ട്. സിറ്റിങ് രാജ്യസഭാംഗമായ വേണുഗോപാല്‍ എന്തിനാണ് സിപിഎമ്മിന്റെ ഏക ലോക്‌സഭാംഗമുള്ള ആലപ്പുഴയില്‍ വന്ന് ഇടതുപക്ഷത്തെ എതിര്‍ക്കുന്നത് എന്ന ചോദ്യം ഇടതുപക്ഷം ഉയര്‍ത്തുന്നു.
വയാനാട് മണ്ഡലത്തില്‍ സി.പി.ഐ. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. ഇന്ത്യാസഖ്യകക്ഷികള്‍ തമ്മില്‍ വയനാട്ടില്‍ മല്‍സരിക്കുന്നു എന്ന കാര്യമാണ് ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.
ഇടതു കക്ഷികള്‍ക്കു പുറമേ, തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസ് വേദിയില്‍ നിന്നും വിട്ടു നിന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസുമായി നേരിട്ട് ഏററുമുട്ടുന്നുണ്ട്. അവരുടെ ലോക്‌സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ മണ്ഡലമായ ബെഹ്‌റാം പൂരില്‍ പോലും തൃണമൂല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന റാലി ഫലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ സംഗമ വേദിയാണെങ്കിലും അത് കോണ്‍ഗ്രസ് ഒരുക്കിയ വേദിയാണ്. ഇത് കൊണ്ടു തന്നെ സി.പി.എം, സി.പി.ഐ. പാര്‍ടികള്‍ ഈ വേദിയില്‍ വരാതിരിക്കുന്നത് അവരുടെ ആശയപരമായ ഭിന്ന താല്‍പര്യമാണെന്ന ചര്‍ച്ചയാണ് പൊതുവെ നടക്കുന്നത്.
ഇന്ത്യ സഖ്യം സംഘടിപ്പിച്ച വേദിയല്ല മഹാരാഷ്ട്രയിലെ ശിവാജി പാര്‍ക്കില്‍ ഇന്നലെ നടന്നത്. കോണ്‍ഗ്രസ് ഈ വേദിയിലേക്ക് മറ്റ് ഇന്ത്യാ സഖ്യകക്ഷി നേതാക്കളെ ക്ഷണിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ വേദിയിലേക്ക് പോയാല്‍ അത് തങ്ങളുടെ ദക്ഷിണേന്ത്യന്‍ ശക്തികേന്ദ്രങ്ങളിലെ വോട്ടു ബാങ്കിനെ ബാധിക്കുമെന്ന് ഉറപ്പാണെന്ന് കമ്മ്യൂണിസ്‌ററ് പാര്‍ടികള്‍ കരുതുന്നു. ഇന്ത്യാ സഖ്യത്തിന്റെ കോര്‍ കമ്മിറ്റിയില്‍ അംഗമായിട്ടുള്ള സി.പി.ഐ. പോലും ഈ വേദിയില്‍ എത്തിയില്ല. അതിന് മതിയായ കാരണവുമുണ്ട്. കേരളത്തിലെ വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ഏറ്റുമുട്ടുന്നത് സി.പി.ഐ.യുടെ ദേശീയ നേതാവായ ആനി രാജയുമായാണ്.
കേരളത്തില്‍ ഇടതുപക്ഷവുമായി നേരിട്ട് ഏറ്റുമുട്ടുന്ന മറ്റൊരു ദേശീയ കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാലാണ്. സിപിഎമ്മിനെയാണ് വേണുഗോപാല്‍ എതിര്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ സിപിഎമ്മിനും സിപിഐക്കും ആശയപരമായിത്തന്നെ കോണ്‍ഗ്രസ് വേദിയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം പ്രത്യക്ഷപ്പെടുന്നതില്‍ എതിര്‍പ്പുണ്ട്. കേരളത്തിലെ തങ്ങളുടെ മുഖ്യശത്രുവുമായി വേദി പങ്കിടാന്‍ അവര്‍ രാഷ്ട്രീയമായി ആഗ്രഹിക്കുന്നില്ല എന്നതിന്റെ വിളംബരമായി മാറി ഇന്നലത്തെ മഹാരാഷ്ട്രയിലെ സമ്മേളനവേദി.
അതേസമയം, കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ തമിഴ്‌നാട്ടില്‍ സഖ്യത്തിലുള്ള ഡി.എം.കെ. ഇന്നലത്തെ റാലി വേദിയില്‍ സജീവമായി പങ്കെടുത്തു. പാര്‍ടിയുടെ തലവന്‍ എം.കെ.സ്റ്റാലിന്‍ തന്നെ വേദിയിലെത്തി. പഞ്ചാബില്‍ കോണ്‍ഗ്രസുമായി നേരിട്ട് മല്‍സരത്തിലുള്ള ആം ആദ്മി പാര്‍ടിയുടെ പ്രതിനിധിയും വേദിയില്‍ എത്തി. എന്നാല്‍ പാര്‍ടിയുടെ തലവന്‍ അരവിന്ദ് കെജരിവാള്‍ വന്നില്ല എന്നതു ശ്രദ്ധേയമായി.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവർക്കൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന ഉദ്ധവ് വിഭാഗം നേതാവുമായ ഉദ്ധവ് താക്കറെ, എൻസിപി(എസ്പി) വിഭാഗം നേതാവ് ശരദ് പവാർ, എഎപി നേതാവ് സൗരഭ് ഭരദ്വാജ്, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറൻ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.