ഞായറാഴ്ച നടന്ന റഷ്യയിലെ തെരഞ്ഞെടുപ്പിൽ 87.8 ശതമാനം വോട്ടുകൾ നേടി പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ റെക്കോർഡ് വിജയം നേടിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു . കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി നിക്കോളായ് ഖാരിറ്റോനോവ് രണ്ടാം സ്ഥാനത്തെത്തി, പക്ഷെ വെറും നാല് ശതമാനം വോട്ട് മാത്രമാണ് അദ്ദേഹത്തിന്റെ പേരിൽ ഉള്ളത്. പുതുമുഖം വ്ലാഡിസ്ലാവ് ദവൻകോവ് മൂന്നാമതും അൾട്രാ നാഷണൽ ലിയോനിഡ് സ്ലട്ട്സ്കി നാലാമതും എത്തി.
യുദ്ധത്തിലായാലും സമാധാനത്തിലായാലും വരും വർഷങ്ങളിൽ ധീരമായ മുന്നേറ്റമുള്ള റഷ്യ ആയിരിക്കും എന്ന സന്ദേശം ഈ ഫലം പാശ്ചാത്യ ശക്തികൾക്ക് നൽകുമെന്ന് പുടിൻ തന്റെ വിജയ പ്രസംഗത്തിൽ പറഞ്ഞു.
പുടിൻ തന്റെ പുതിയ ആറ് വർഷത്തെ ഭരണകാലം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഇതോടെ ജോസഫ് സ്റ്റാലിനെ മറികടന്ന് 200 വർഷത്തിലേറെയായി റഷ്യയിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച നേതാവായി പുടിൻ മാറും.

അതേസമയം, ഫലപ്രഖ്യാപനത്തിന് ശേഷം രാഷ്ട്രീയ എതിരാളികളെ തടവിലാക്കിയും സെൻസർഷിപ്പ് ഏർപ്പെടുത്തിയും തിരഞ്ഞെടുപ്പിനെ നിയന്ത്രിച്ചത് കാരണം വോട്ടെടുപ്പ് സ്വതന്ത്രമോ ന്യായമോ ആയിരുന്നില്ലെന്ന് അമേരിക്ക , ജർമ്മനി,ബ്രിട്ടൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ ആരോപിച്ചിട്ടുണ്ട്.
എതിർപ്പുകളെ നിഷ്കരുണം അടിച്ചമർത്തുകയും സ്വതന്ത്ര മാധ്യമങ്ങളെ തളർത്തുകയും ചെയ്ത പുടിൻ മത്സരങ്ങളൊന്നുമില്ലാത്ത ഒരു തിരഞ്ഞെടുപ്പിനെ ആണ് അഭിമുഖീകരിച്ചതെന്ന് വിമർശനം ഉണ്ട്.