ബെംഗളൂരു നിവാസികൾ ചരിത്രത്തിൽ ഇത് വരെ കാണാത്ത കടുത്ത ജലക്ഷാമം നേരിടുകയാണ്. ജലപ്രതിസന്ധി കുടിവെള്ള വിതരണത്തെ മാത്രമല്ല, ജലസേചനത്തെയും ബാധിച്ചു. ബെംഗളൂരുവിലെ 14,700 കുഴൽക്കിണറുകളിൽ 6,997 എണ്ണവും വറ്റിയെന്നാണ് റിപ്പോർട്ട്. വേനൽ രൂക്ഷമായാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് കണക്കു കൂട്ടൽ.
വേണ്ടത്ര മഴ ലഭിക്കാത്തതും ഭൂഗർഭ ജലനിരപ്പ് കുറയുന്നതും ഭൂഗർഭജലത്തിൻ്റെ അമിത ചൂഷണവുമാണ് ജലക്ഷാമത്തിനു കാരണം എന്നാണ് വിദഗ്ധർ പറയുന്നത്. നഗരത്തിൽ പ്രതിദിനം 250 ദശലക്ഷം ലിറ്റർ വെള്ളം കമ്മിയാണ്. നഗരത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിൻ്റെ കണക്കുകൾ പ്രകാരം നഗരത്തിലേക്കുള്ള വെള്ളം വിതരണം 50 ശതമാനം കുറഞ്ഞു. നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങളിൽ ജലക്ഷാമം കൂടുതൽ രൂക്ഷമാണ്. മേഖലയിൽ വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ കാവേരി നദിയിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു.
“വെള്ളം ഒരു വ്യക്തിയുടെയും സ്വന്തമല്ല; അത് എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഞങ്ങൾ ഒരു വാർ റൂം തന്നെ തുറക്കുകയാണ്. എല്ലാ ഉദ്യോഗസ്ഥരും ഒരുമിച്ചു ശ്രമിച്ച് പരിഹാരം ഉണ്ടാക്കും. വാട്ടർ ടാങ്കറുകൾക്ക് പൊതുവിലയും നിശ്ചയിക്കും. ജലവിതരണത്തിനായി 556 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.”– ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
മാർച്ച് മുതൽ മെയ് വരെ നഗരത്തിന് ഏകദേശം എണ്ണായിരം ദശലക്ഷം ഘനയടി (ടിഎംസി) വെള്ളം ആവശ്യമാണെങ്കിലും റിസർവോയറുകളിൽ 34 ടിഎംസി വെള്ളമേ ഉള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂഗർഭജല സ്രോതസ്സുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിൽ ബംഗളൂരുവിലെ വറ്റിക്കൊണ്ടിരിക്കുന്ന തടാകങ്ങളിൽ പ്രതിദിനം 1,300 ദശലക്ഷം ലിറ്റർ ശുദ്ധീകരിച്ച വെള്ളം നിറയ്ക്കാൻ തീരുമാനിച്ചു.
നഗരത്തിലെ ഏകദേശം 50 ശതമാനം കുഴൽക്കിണറുകളും വറ്റിയതിനാൽ ഈ ശ്രമം നിർണായകമാണ്. ഭൂഗര്‍ഭ ജലത്തിന്റെ നിരപ്പ് കൂടുതല്‍ ഉയര്‍ത്തി നിലനിര്‍ത്താന്‍ ഈ നടപടി സഹായകമാകുമെന്നാണ് നിഗമനം.
മഴക്കാലം വരെ വര്‍ക്ക് ഫ്രം ഹോമും, ഓണ്‍ലൈന്‍ പഠനവും വേണമെന്ന് ആവശ്യം
ബെംഗളൂരുവിലെ ജലക്ഷാമം രൂക്ഷമായതോടെ, സിലിക്കൺ വാലി നിവാസികൾ കൊവിഡ്-19-ലേതിന് സമാനമായി, മൺസൂൺ വരെ ഓൺലൈൻ രീതിയിലേക്ക് മാറണമെന്ന് ആവശ്യപ്പെടുന്നുണ്ട് . വെർച്വൽ ലേണിംഗ് തുടരാനും കുടി വെള്ളം സംരക്ഷിക്കാനും ഒപ്പം ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഉള്ള സമ്മർദ്ദം ലഘൂകരിക്കാനുമായി വിദൂര ജോലി- വിദ്യാഭ്യാസ രീതികൾ സ്വീകരിക്കാൻ സ്ഥാപനങ്ങളോടും കമ്പനികളോടും ജനം ആവശ്യപ്പെടുന്നുണ്ട്.