പശ്ചിമ ബംഗാളിലെ ബങ്കുരയിലെ ബിഷ്ണുപൂർ നിയോജക മണ്ഡലം അസാധാരണമായ ഒരു മൽത്സരത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇവിടെ ബിജെപിയുടെ സിറ്റിങ് എം.പി. സൗമിത്രഖാന് മുട്ടന്‍ പണിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. ഖാന്റെ എതിര്‍സ്ഥാനാര്‍ഥി അദ്ദേഹത്തിന്റെ മുന്‍ ഭാര്യയാണ്. 2020 വരെ ഒരുമിച്ച് കഴിഞ്ഞിരുന്ന ഇവര്‍ തെറ്റിപ്പിരിഞ്ഞ് രണ്ടായി ജീവിക്കുമ്പോള്‍ ഇപ്പോള്‍ ജീവിതത്തിലെന്ന പോലെ രാഷ്ട്രീയത്തിലും വിരുദ്ധ ചേരിയില്‍ നിന്ന് അംഗീകാരത്തിനായി പോരാടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
സൗമിത്ര ഖാനെതിരെ മമത ബാനർജി ഇവിടെ സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത് സൗമിത്ര ഖാന്റെ മുൻ ഭാര്യ സുജാത മൊണ്ടലിനെ ആണ് . ബിഷ്ണുപൂരിൽ ഭാരതീയ ജനതാ പാർട്ടിക്ക് ) വേണ്ടി ഖാൻ പോരാടുമ്പോൾ സുജാത ഒരേസമയം മുൻ ഭർത്താവിനെതിരെയും ബിജെപിക്കെതിരെയുമാണ് പോരാടുക!!
നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസിലായിരുന്ന ഖാന്‍ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ബിജെപിയിലേക്ക് ചേരിമാറിയതും അവരുടെ സ്ഥാനാര്‍ഥിയായതും. തൊട്ടടുത്ത വര്‍ഷം സുജാതയും ഖാനും വേര്‍ പിരിയുകയും ചെയ്തു. പിന്നെ പോരാട്ടം എതിര്‍ചേരിയില്‍ നിന്നായി. ബിഷ്ണുപൂരിലെ എം.പി.യായ ഖാന് ഇത്തവണത്തെ പോരാട്ടം എല്ലാ നിലയിലും അഭിമാനപ്രശ്‌നമാണ്.
തൃണമൂലിന്റെ ബംഗാളിലെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇത്തരത്തില്‍ തന്ത്രപരമായ പല നീക്കങ്ങളും മമത നടപ്പാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ, കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് എം.പി.യായ കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ കൂടിയായ അധീര്‍ രഞ്ജന്‍ ചൗധരിയുടെ മണ്ഡലമായ ബെര്‍ഹാംപൂരില്‍ മുന്‍ ക്രിക്കറ്റര്‍ യൂസഫ് പഠാനെ മമത സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നു. തന്റെ പ്രധാന ശത്രുവായ അധീറിനെ ഇത്തവണ തോല്‍പിക്കുക എന്നതാണ് ലക്ഷ്യം. അതിനായി കോണ്‍ഗ്രസിന് കിട്ടാറുള്ള ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്നതാണ് ലാക്ക്. ഇതോടെ തൃണമൂല്‍ സ്ഥാനാര്‍ഥി ജയിച്ചില്ലെങ്കിലും ബിജെപി ജയിച്ചാല്‍ പോലും അധീര്‍ പരാജയപ്പെടും എന്നതാണ് മമത കാണുന്ന ലാഭം.
പ്രമുഖ രാജ്യാന്തര ക്രിക്കറ്റര്‍ സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലി തൃണമൂല്‍ സ്ഥാനാര്‍ഥിപട്ടികയില്‍ ഉള്‍പ്പെടുന്നതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അവസാന നിമിഷം ഈ നീക്കം ഉപേക്ഷിക്കുകുയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ക്രിക്കറ്ററായിരുന്ന കീര്‍ത്തി ആസാദും, നടനും മുന്‍ ബിജെപി നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയും ബംഗാളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികളാണ്.