കോൺഗ്രസിൻ്റെ മഹാരാഷ്ട്ര ഘടകത്തിന് കനത്ത തിരിച്ചടിയായി മുൻ മുഖ്യമന്ത്രി അശോക് ചവാൻ പാർട്ടി വിട്ട് ബിജെപിയിലേക്ക് പോയി. സംസ്ഥാന നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറെ കണ്ട് മണിക്കൂറുകൾക്ക് ശേഷം അശോക് ചവാൻ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെയെ രാജിക്കാര്യം അറിയിച്ചു. നിയമസഭാംഗത്വവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്.
ദക്ഷിണ മുംബൈ മുൻ എംപി മിലിന്ദ് ദേവ്‌റയ്ക്കും മുൻ എംഎൽഎ ബാബ സിദ്ദിഖിനും ശേഷം മഹാരാഷ്ട്രയിൽ കോൺഗ്രസ് പാർട്ടിയെ ഉപേക്ഷിക്കുന്ന മൂന്നാമത്തെ മുതിർന്ന നേതാവാണ് അശോക് ചവാൻ.
2008 മുതൽ 2010 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചവാൻ സേവനമനുഷ്ഠിച്ചു. എന്നാൽ ആദർശ് ഹൗസിംഗ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടർന്ന് 2010 നവംബർ 9 ന് കോൺഗ്രസ് അദ്ദേഹത്തോട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. 1987 മുതൽ 1989 വരെ ലോക്‌സഭാ എംപിയായി സേവനമനുഷ്ഠിച്ച അശോക് ചവാൻ 2014 മെയ് മാസത്തിൽ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച ബിജെപിയുടെ നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസ്, ഇനിയും ധാരാളം നേതാക്കള്‍ ബിജെപിയിലേക്ക് വരാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്ന് അവകാശപ്പെട്ടു.
“മറ്റു പാർട്ടികളിലെ ഉന്നത നേതാക്കൾ ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും, മുതിർന്ന നേതാക്കളുടെ പെരുമാറ്റം കാരണം നിരവധി കോൺഗ്രസ് നേതാക്കൾ ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. അവരുടെ പാർട്ടിയിൽ അവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു…ഞങ്ങളുടെ സമ്പർക്കത്തിൽ ആരൊക്കെയുണ്ടെന്ന് ഉടൻ വെളിപ്പെടുത്തും…അടുത്തായി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണുക” –ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.